മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയ്ക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ച അജിത് പവാറിന്റെ നീക്കത്തെ തള്ളി വീണ്ടും എൻസിപി അധ്യക്ഷൻ ശരദ് പവാർ. അജിത് പവാറിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നു ശരദ് പവാർ പറഞ്ഞു.

കൂറുമാറ്റ നിയമം ഓർമിപ്പിച്ച് മറ്റു എൻസിപി എംഎൽഎമാർക്കും അധ്യക്ഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭാവി പരിപാടികൾ തീരുമാനിക്കാൻ ഇന്നുതന്നെ എൻസിപി യോഗം ചേരുമെന്നും ശരദ് പവാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെക്കൊപ്പമായിരുന്നു വാർത്ത സമ്മേളനം.

“എൻസിപിക്കും ശിവസേനയ്ക്കും മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ അംഗബലമുണ്ട്. 170 എംഎൽഎമാർ ഒപ്പമുണ്ട്. അജിത് പവാർ രാജ്ഭവനിലേക്ക് പോയെന്ന് സഹപ്രവർത്തകർ വഴി രാവിലെ 6.45നാണ് ഞാൻ അറിയുന്നത്. അതിരാവിലെ ഗവർണറുടെ ഓഫീസ് തയാറായിരുന്നു എന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ഗവർണറുടെ ഇത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നത് നല്ലതാണ്,” ശരദ് പവാർ പറഞ്ഞു.

മഹാരാഷ്ട്രയ്ക്കു നേരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണിതെന്നും ജനങ്ങള്‍ അതിനെ നേരിടുമെന്നും ഉദ്ധവ് താക്കറെയും പറഞ്ഞു. “ജനാധിപത്യത്തിന്റെ പേരില്‍ കുട്ടിക്കളി നടത്തുന്ന ബിജെപി നടപടി പരിഹാസ്യമാണ്. ഫെവികോള്‍ ഒഴിച്ച ശേഷം അതില്‍ ഇരിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. ഹരിയാനയിലും ബിഹാറിലും ജനാധിപത്യം അട്ടിമറിക്കുകയാണു ബിജെപി ചെയ്തത്, ” ഉദ്ധവ് താക്കറെ  പറഞ്ഞു

പാര്‍ട്ടിയും കുടുംബവും പിളര്‍ന്നുവെന്നായിരുന്നു എന്‍സിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയുടെ പ്രതികരണം. വാട്ട്‌സ് ആപ്പ് സ്റ്റാറ്റസിലൂടെയാണ് സുപ്രിയ പ്രതികരിച്ചത്.

ശനിയാഴ്ച രാവിലെയാണ് ശിവസേനയെയും കോൺഗ്രസിനെയും ഞെട്ടിച്ച് ദേവേന്ദ്ര ഫഡ്‌നാവസിന്റെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ ബിജെപി-എൻസിപി സഖ്യ സർക്കാർ നിലവിൽ വന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ശരദ് പവാറിന്റെ സഹോദരപുത്രനാണ് അജിത് പവാർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook