മുംബൈ:നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ(എന്‍സിപി) അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് ശരദ് പവാര്‍. എന്‍സിപിയുടെ സധ്യക്ഷ പദവി ഒഴിയുകയാണെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ഒരു സമിതി ഭാവി നടപടി തീരുമാനിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു. ശരദ് പവാറിന്റെ സഹോദര പുത്രനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ഭരണകക്ഷിയായ ബിജെപിയുമായി കൈകോര്‍ക്കുമെന്ന് അടുത്തിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശരദ് പവാര്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നത്.
പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്കരെ, പി സി ചാക്കോ, നര്‍ഹരി സിര്‍വാള്‍, അജിത് പവാര്‍, സുപ്രിയ സുലെ, ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജബല്‍, ദിലീപ് വാല്‍സെ പാട്ടീല്‍, അനില്‍ ദേശ്മുഖ്, രാജേഷ് തോപ്പെ, ജിതേന്ദ്ര ഔഹദ്, ഹസന്‍ മുഷ്രിഫ്, ധനന്‍ജയ് മുണ്ടെ, ജയ്ദേവ് ഗെയ്ക്വാദും പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിൽ ഇനിയും മൂന്ന് വർഷത്തെ കാലാവധിയുണ്ടെന്നും ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ശരദ് പവാർ പറഞ്ഞു. ആത്മകഥയുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നതിനിടെയാണ് പവാർ സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ചത്. താൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് 1 നാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അത്യാഗ്രഹം പാടില്ലെന്നും പവാർ കൂട്ടിചേർത്തു.
ശരദ് പവാറിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് നിരവധി എന്‍സിപി നേതാക്കളും പ്രവര്‍ത്തകരും എഴുന്നേറ്റ് മുദ്രാവാക്യം മുഴക്കി, ശരദ് പവാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ തീരുമാനം ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അത് പിന്‍വലിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ അത് ചെയ്യുന്നതുവരെ ഞങ്ങള്‍ പിന്‍മാറില്ല” എന്‍സിപി നേതാക്കള്‍ പറഞ്ഞു.
1999 ല്‍ എന്‍സിപി രൂപീകരിച്ച നാള്‍ മുതല്‍ അധ്യക്ഷനായി തുടര്‍ന്ന് വരികയായിരുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും ശിവസേനയേയും എന്‍സിപിയെയും ചേര്‍ത്ത് മഹാ വികാസ് അഘാഡി സര്‍ക്കാരിനു രൂപം നല്‍കി ബിജെപിക്കു വന്‍തിരിച്ചടി നല്‍കുന്നതിന്റെ ബുദ്ധികേന്ദ്രം ശരദ് പവാര്‍ ആയിരുന്നു.
നേരത്തെ ഗൗതം അദാനിയുമായുള്ള ശരദ് പവാറിന്റെ കൂടികാഴ് ഏറെ ചര്‍ച്ചയായിരുന്നു. ശരദ് പവാറിന്റെ സൗത്ത് മുംബൈയിലെ വസതിയായ സില്‍വര്‍ ഓക്കിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും തമ്മിലുള്ള കൂടികാഴ്ച രണ്ട് മണിക്കൂറോളം നീണ്ടതായി എന്‍സിപി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.. ചര്‍ച്ചയില്‍ രാജ്യത്തെയും സംസ്ഥാനത്തെയും വ്യത്യസ്ത വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തിയതായാണ് പുറത്ത് വന്ന വിവരം.
അദാനി വിഷയത്തില്‍ ജെപിസി അന്വേഷണത്തിനുള്ള കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ ശരദ് പവാര്‍ അകന്നുനിന്നിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഈ വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അദാനി ഗ്രൂപ്പിനെതിരേ പ്രതിപക്ഷം ആവശ്യപ്പെട്ട സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണത്തെക്കാള്‍ സുപ്രീംകോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്ന് നേരത്തെ ശരത് പവാര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ജെപിസി അന്വേഷണത്തെ എതിര്‍ക്കില്ലെന്നും പവാര്‍ വ്യക്തമാക്കിയിരുന്നു.