മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ തുടരുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സഖ്യകക്ഷികളുമായി ചർച്ച തുടരുകയാണെന്ന് പവാർ പറഞ്ഞു.

“മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സോണിയയെ ധരിപ്പിച്ചു. മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷം തീരുമാനമുണ്ടാകും.” ശരദ് പവാർ പറഞ്ഞു. എ.കെ ആന്റണിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.

ചർച്ചകൾ തുടരുമെന്ന് കോൺഗ്രസും അറിയിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ഇരു പാർട്ടികളിലെയും പ്രതിനിധികൾ രണ്ടു ദിവസത്തിനുള്ളിൽ കൂടിക്കാഴ്ച നടത്തുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി ശിവസേന നയിക്കുന്ന സർക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് കോൺഗ്രസും എൻസിപിയും നടത്തുന്നത്.

കോണ്‍ഗ്രസും എന്‍സിപിയും മുന്നോട്ടുവച്ച പൊതു മിനിമം പരിപാടിയെ കുറിച്ചുള്ള ആലോചനയിലാണ് ശിവസേന. പൊതു മിനിമം പരിപാടി അംഗീകരിക്കണോ എന്ന കാര്യത്തില്‍ സേന ഇതുവരെ തീരുമാനമെടുത്തിട്ടില്ല. തങ്ങളുടെ ആവശ്യങ്ങള്‍ ശിവസേന അംഗീകരിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും പിന്തുണ നല്‍കും. സോണിയ ഗാന്ധിയും പവാറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും മറ്റു നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തും. നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ പൊതുധാരണയായാല്‍ സംസ്ഥാനത്ത് ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യ സര്‍ക്കാര്‍ ചുമതലയേല്‍ക്കും.

നേരത്തെ ഭൂരിപക്ഷം തെളിയിക്കാൻ മൂന്ന് പാർട്ടികൾക്കും സാധിക്കാതെ വന്നതോടെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി എൻഡിഎ വിട്ട ശിവസേനയ്ക്ക് എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണ ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. ശിവസേന പോയതോടെ ബിജെപി സാധ്യതകളും അവസാനിച്ചു. ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയായ എൻസിപിക്കും തിരിച്ചടിയായത് ശിവസേനയുമായുള്ള ചർച്ചകൾ തീരുമാനത്തിലെത്താത്തതായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook