മുംബൈ: സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായെങ്കിലും സർക്കാർ രൂപീകരണ ശ്രമങ്ങളിൽ നിന്ന് പാർട്ടികൾ ഒട്ടും പിന്നിലേക്ക് പോകുന്നില്ല. ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എൻസിപി അധ്യക്ഷൻ ശരദ് പവാർ. സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സഖ്യ സർക്കാരിന് ആറുമാസം പോലും ഭരണത്തിൽ തുടരാനാകില്ലെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായി ദേവന്ദ്ര ഫട്നാവിസ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു ശരദ് പവാറിന്റെ പ്രസ്താവന.

മൂന്ന് പാർട്ടികളും പൊതു മിനിമം പരിപാടി അംഗീകരിച്ചുവെന്നും സഖ്യ സർക്കാർ രൂപീകരിക്കുമെന്നും എൻസിപി പ്രഖ്യാപിച്ചു കഴിഞ്ഞു. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് നാളെ തന്നെ ഗവർണറെ കാണാനാണ് സഖ്യ നീക്കം.

നേരത്തെ ഭൂരിപക്ഷം തെളിയിക്കാൻ മൂന്ന് പാർട്ടികൾക്കും സാധിക്കാതെ വന്നതോടെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി എൻഡിഎ വിട്ട ശിവസേനയ്ക്ക് എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണ ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. ശിവസേന പോയതോടെ ബിജെപി സാധ്യതകളും അവസാനിച്ചു. ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയായ എൻസിപിക്കും തിരിച്ചടിയായത് ശിവസേനയുമായുള്ള ചർച്ചകൾ തീരുമാനത്തിലെത്താത്തതായിരുന്നു.

എന്നാൽ കോൺഗ്രസ് മുന്നോട്ടുവച്ച പൊതു മിനിമം പരിപാടി ശിവസേന അംഗീകരിച്ചതോടെ സർക്കാർ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വങ്ങൾ അവസാനിക്കുകയായിരുന്നു. ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ഒടുവില്‍ ശിവസേനയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കുന്ന തരത്തിലൊരു ധാരണയിലാകും മൂന്ന് പാർട്ടികളും എത്തുകയെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook