ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷൻ ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച ന്യൂഡൽഹിയിലായിരുന്നു കൂടിക്കാഴ്ച.
“രാജ്യസഭാ എംപി ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു,” എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. രണ്ട് നേതാക്കളുടെ ഫോട്ടോയും ട്വീറ്റിനൊപ്പം പങ്കുവച്ചു. പാർലമെന്റിന്റെ വർഷകാലം സമ്മേളം തിങ്കളാഴ്ച ആരംഭിക്കുന്നതിന് രണ്ട് ദിവസം അവശേഷിക്കെയാണ് കൂടിക്കാഴ്ച.
ദേശീയ താൽപര്യമുള്ള വിഷയങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ചയായതെന്ന് ശരദ് പവാർ ട്വീറ്റ് ചെയ്തു. “നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദേശീയ താൽപര്യമുള്ള വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി,” പവാറിന്റെ ട്വീറ്റിൽ പറയുന്നു.
അടുത്തവർഷം നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പവാർ പ്രതിപക്ഷ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച. എന്നാൽ പവാർ അത്തരം റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞിരുന്നു.
Read More: ഭീരുക്കള്‍ക്കു കോൺഗ്രസ് വിടാം, നിര്‍ഭയര്‍ക്ക് സ്വാഗതം: രാഹുല്‍ ഗാന്ധി
പവാറുമായും കോൺഗ്രസ് നേതാക്കളുമായും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ നടത്തിയ ഒന്നിലധികം കൂടിക്കാഴ്ചകൾക്ക് ശേഷമായിരുന്നു പവാർ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന ഊഹാപോഹങ്ങളുയർന്നത്.