ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെച്ചൊല്ലി പ്രതിപക്ഷ നേതാക്കള്‍ തുടര്‍ച്ചയായി ആരോപണം നടത്തുന്നതില്‍ പ്രതികരിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. വ്യക്തികളുടെ വിദ്യാഭ്യാസ ബിരുദങ്ങള്‍ രാജ്യത്ത് രാഷ്ട്രീയ വിഷയങ്ങളായി ഉപയോഗിക്കുന്നത് എന്തിനാണെന്നാണ് ശരദ് പവാര്‍ ചോദിച്ചു.
”നമ്മള്‍ തൊഴിലില്ലായ്മ, ക്രമസമാധാനം, വിലക്കയറ്റം എന്നിവ അഭിമുഖീകരിക്കുമ്പോള്‍ ആരുടെയെങ്കിലും വിദ്യാഭ്യാസ ബിരുദം രാജ്യത്ത് ഒരു രാഷ്ട്രീയ പ്രശ്‌നമാകണോ? ഇന്ന് മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നതകള്‍ സൃഷ്ടിക്കപ്പെടുകയാണ്. മഹാരാഷ്ട്രയില്‍ കാലവര്‍ഷക്കെടുതിയില്‍ കൃഷി നശിച്ചു. ഈ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ആവശ്യമാണ്, ” ശരദ് പവാര്‍ പറഞ്ഞതായി എ്എന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ച് 30 ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും വിഷയത്തില്‍ ട്വീറ്റ് ചെയ്തിരുന്നു, ”അവരുടെ പ്രധാനമന്ത്രി എത്ര വിദ്യാസമ്പന്നനാണെന്ന് അറിയാന്‍ പോലും രാജ്യത്തിന് അവകാശമില്ലേ? അദ്ദേഹത്തിന്റെ ബിരുദം കോടതിയില്‍ കാണിക്കുന്നതിനോട് അവര്‍ എതിര്‍ത്തു. എന്തുകൊണ്ട്? അദ്ദേഹത്തിന്റെ ബിരുദം കാണാന്‍ ആവശ്യപ്പെടുന്നവര്‍ക്ക് പിഴ ചുമത്തുമോ? എന്താണ് സംഭവിക്കുന്നത്? നിരക്ഷരനും വിദ്യാഭ്യാസം കുറഞ്ഞതുമായ ഒരു പ്രധാനമന്ത്രി രാജ്യത്തിന് വളരെ അപകടകരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദങ്ങള്‍ സംബന്ധിച്ച വിവരാവകാശ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയതില്‍ പ്രതികരിക്കുകയായിരുന്നു കേജ്രിവാള്‍.
നേരത്തെ, അദാനി ഗ്രൂപ്പിനെതിരെ വഞ്ചന, ഓഹരി കൃത്രിമം എന്നീ ആരോപണങ്ങള്‍ നേരിടുന്ന ഗൗതം അദാനിയെ പ്രതിരോധിക്കാന്‍ പ്രതിപക്ഷത്ത് നിന്ന് വേറിട്ട ശബ്ദവുമായി ശരദ് പവാര്‍ രംഗത്തെത്തിയിരുന്നു. ”കോണ്‍ഗ്രസിന്റെയോ ഉദ്ധവ് സേനയുടെയോ ആം ആദ്മി പാര്‍ട്ടിയുടെയോ ഏതെങ്കിലും നേതാക്കള്‍ ഇപ്പോള്‍ വീണ്ടും അദ്ദേഹത്തെ ആക്രമിക്കുകയും പേരുകള്‍ വിളിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നതില്‍ അത്ഭുതപ്പെടുന്നു. ഗുജറാത്ത് ഹൈക്കോടതിയും അവരുടെ സ്വന്തം സഖ്യകക്ഷിയും പറയുന്നത് അവര്‍ കേള്‍ക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. കേജ്രിവാളിനെയും മനീഷ് സിസോദിയയെയും പോലെയുള്ളവരുടെ അഴിമതി ബിരുദത്തെ കുറിച്ച് കോടതികള്‍ വീണ്ടും വീണ്ടും വിധിയെഴുതിയതിനെക്കുറിച്ച് നമ്മള്‍ സംസാരിക്കേണ്ടതുണ്ടെന്നും ശരദ് പവാറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല ട്വീറ്റ് ചെയ്തു,