കൊല്‍ക്കത്ത: ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കുമെല്ലാം ഒടുവില്‍ ഷമി-ഹസിന് ജഹാന് വിവാദം പുതിയ വഴിത്തിരിവിലേക്ക്. രണ്ടു പേരുടേയും കുടുംബങ്ങള്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഷമിയുടെ കുടുംബം ഹസിന്റെ വക്കീലിനെ കാണുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷമിയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും വാതുവെപ്പുകാരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നുമായിരുന്നു ഹസിന്റെ ആരോപണം. തന്നെ ഷമിയും കുടുംബാംഗങ്ങളും കെല്ലാന്‍ ശ്രമിച്ചതായും അവര്‍ ആരോപിച്ചിരുന്നു. പിന്നാലെ ഷമിയ്ക്കെതിരെ ഹസിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഷമി, ഹസിനുമൊത്ത് ജീവിക്കാന്‍ തയ്യാറാണെന്നും എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷിക്കുമെന്നും പറഞ്ഞു.
ഇതിന് പിന്നാലെയാണ് താരത്തിന്റെ ബന്ധുക്കള്‍ ഹസിനേയും വക്കീലിനേയും കാണാനെത്തുന്ന്. ഹസിന്റെ വക്കീല്‍ സക്കീര്‍ ഹുസൈനാണ് വിവരം അറിയിച്ചത്. പ്രശ്നം കോടതിയ്ക്ക് പുറത്ത് പരിഹരിക്കാനായി ഷമിയുടെ കുടുംബാംഗങ്ങള്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
‘അവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഗ്രഹമുള്ളതിനാല്‍ എന്നെ കാണണമെന്ന് അവര്‍ അറിയിച്ചത്. ഷമിയ്ക്കെതിരെ തുറന്നടിക്കാന്‍ ഹസിന് വ്യക്തമായ കാരണമുണ്ടായിരുന്നു. രണ്ടു കൂട്ടര്‍ക്കും അനുകൂലമായ രീതിയില്‍ പ്രശ്നം അവസാനിപ്പിക്കാന്‍ ശ്രമിക്കും. ‘ ഹുസൈന് പറയുന്നു.
അതേസമയം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഷമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബിസിസിഐയില്‍ നിന്നും കൊല്‍ക്കത്ത പൊലീസ് തേടിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ താരം നടത്തിയ സന്ദര്‍ശനങ്ങളേയും താമസത്തെ കുറിച്ചുമുള്ള വിവരങ്ങളാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പര്യടനം കഴിഞ്ഞിട്ടും ഷമി പാക് യുവതിയെ കാണാനായി ദുബായില്‍ തന്നെ തങ്ങിയെന്ന ഹസിന്റെ ആരോപണത്തെ കുറിച്ച് അറിയാനാണ് ഇത്.
ഷമി തനിക്ക് ഉറക്ക ഗുളിക തന്ന് കൊല്ലാന്‍ ശ്രമിച്ചെന്നാണ് ഹസിന് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ ആരോപണത്തെ ഷമി നിരസിച്ചിട്ടുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് മകള്‍ക്കു വേണ്ടി വീണ്ടും ഒരുമിക്കണമെന്നാണ് ഷമി പറയുന്നത്. സംഭവത്തെ തുടര്‍ന്ന് ഷമിയുമായുള്ള കരാര്‍ പുതുക്കുന്നത് തല്‍ക്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ് ബിസിസിഐ.