ന്യൂഡൽഹി: ഹാഥ്‌റസിൽ 20കാരിയായ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

“ഇന്ത്യക്കാരായ പലരും രാജ്യത്തെ ദലിതരെയും മുസ്ലീങ്ങളെയും ആദിവാസികളെയും മനുഷ്യരായി പോലും പരിഗണിക്കുന്നില്ലെന്നത് ലജ്ജാകരമായ സത്യമാണ്‌. യുപി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പോലീസും ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നുപറയുമ്പോള്‍ അതിനര്‍ത്ഥം മറ്റുപല ഇന്ത്യക്കാര്‍ക്കും എന്ന പോലെ അവര്‍ക്കും അവള്‍ ആരുമായിരുന്നില്ല എന്ന് തന്നെയാണ്,” രാഹുൽ ട്വിറ്ററിൽ കുറിച്ചു.

Read More: ഹാഥ്റസ്: അന്വേഷണം സിബിഐക്ക് കൈമാറി; കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു

സെപ്റ്റംബർ 14 നാണ് യുവതിയെ നാല് ഉയർന്ന ജാതിക്കാർ ബലാത്സംഗം ചെയ്തത്. യുവതിയെ ഗുരുതരാവസ്ഥയിൽ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് സെപ്റ്റംബർ 29 ന് പെൺകുട്ടി മരിച്ചു. സംഭവത്തെ 2012ലെ കൂട്ടബലാത്സംഗ കേസുമായാണ് പലരും താരതമ്യപ്പെടുത്തിയത്.

കേസ് കൈകാര്യം ചെയ്ത രീതിയിൽ വീഴ്ച സംഭവിച്ചതിനും അർദ്ധരാത്രി ശവസംസ്കാരം നടത്തിയതിനും യുപി സർക്കാർ ഏറെ വിമർശനങ്ങൾ നേരിടുന്നുണ്ട്. സംഭവം രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കുകയും രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യു.പി പോലീസിന്റെ എതിര്‍പ്പ് മറികടന്ന് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

അതേസമയം, കേസിൽ അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രദേശത്തേക്ക് ഉടൻ സിബിഐ സംഘത്തെ അയക്കുമെന്ന് അധികൃതർ അറിയിച്ചു. ഫൊറൻസിക് സംഘത്തോടൊപ്പമാണ് സിബിഐ സംഘം സ്ഥലത്തെത്തുക.

ഹാഥ്റസ് കേസിൽ സിബിഐ അന്വേഷണം നടത്താൻ യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ ശുപാർശ ചെയ്തിരുന്നു. കേസ് കൈകാര്യം ചെയ്തതിൽ പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനം നേരിട്ടതിന് പുറകേയായിരുന്നു അത്. കുടുംബാംഗങ്ങളുടെ സാന്നിധ്യമില്ലാതെ യുവതിയുടെ ശവസംസ്കാരം നടത്തിയതടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷം വിമർശനമുന്നയിച്ചിരുന്നു. ഭരണകക്ഷി ബിജെപിക്കുള്ളിലും ചിലർ വിമർശനാത്മകമായി പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

പ്രതികളായ സന്ദീപ് (20), അമ്മാവൻ രവി (35), സുഹൃത്തുക്കളായ രാമു (26), ലവ് കുഷ് (23) എന്നിവർക്കെതിരെയാണ് കൊലപാതകം, കൂട്ടബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരവും എസ്‌സി / എസ്ടി നിയമം പ്രകാരവും കേസെടുത്തിരിക്കുന്നത്. കേസിൽ തങ്ങൾ നിരപരാധികളാണെന്ന് അവകാശപ്പെട്ട് പ്രതികൾ ഹാഥ്റസ് പൊലീസ് സൂപ്രണ്ടിന് കത്തയച്ചിരുന്നു. സംഭവം നടന്ന സെപ്റ്റംബർ 14 ന് യുവതിയെ സഹോദരനും അമ്മയും മർദ്ദിച്ചതെന്നും അവർ ഹത്രാസ് പോലീസ് സൂപ്രണ്ടിന് എഴുതിയ കത്തിൽ ആരോപിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook