ന്യൂഡൽഹി: രാജസ്ഥാനിൽ മുസ്‌ലിം യുവാവിനെ കത്തിച്ചു കൊന്ന ശംഭുലാൽ റിഗർ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനൊരുങ്ങുന്നു. ആഗ്രയിൽനിന്നുമാണ് ഇയാൾ മൽസരിക്കാൻ തയ്യാറെടുക്കുന്നതെന്നും ഉത്തർപ്രദേശ് നവനിർമ്മാൺ സേനയാണ് ഇയാൾക്ക് സീറ്റ് വാഗ്‌ദാനം ചെയ്തതെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ശംഭുലാൽ വാഗ്‌ദാനം സ്വീകരിച്ചതായി പാർട്ടി അവകാശപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.

”ആഗ്ര ലോക്‌സഭാ സീറ്റിൽ പാർട്ടി സ്ഥാനാർത്ഥിയായി ശംഭുലാലിനെ മൽസരിപ്പിക്കാൻ ഉത്തർപ്രദേശ് നവനിർമ്മാൺ സേന തീരുമാനിച്ചിട്ടുണ്ട്. ജോധ്‌പൂർ ജയിലി കഴിയുന്ന ശംഭുലാൽ ജയിലിനകത്ത് നിന്നാവും തിരഞ്ഞെടുപ്പിൽ മൽസരിക്കുക”, ഉത്തർപ്രദേശ് നവനിർമ്മാൻ സേന ദേശീയ പ്രസിഡന്റ് അമിത് ജാനി ന്യൂസ് 18 നോട് പറഞ്ഞു. നിലവിൽ ബിജെപിയുടെ രാംശങ്കർ കത്തേരിയ ആണ് ആഗ്രയിലെ എംപി.

കഴിഞ്ഞ ഡിസംബറിലാണ് രാജസ്ഥാനിലെ രാജസമന്തിൽ ജോലി ചെയ്തിരുന്ന ബംഗാൾ സ്വദേശിയായ അഫ്രാസുലിനെ ശംഭുലാൽ കൊലപ്പെടുത്തിയത്. യുവാവിനെ കൊല്ലുന്ന വീഡിയോ വൈറലായതോടെയാണ് ശംഭുലാലിനെ അറസ്റ്റ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook