ലണ്ടന്‍: ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് നൊബേല്‍ പുരസ്‌കാര ജേതാവായ മലാല യൂസഫ് സായ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ച് നരേന്ദ്ര മോദിയും ഇമ്രാന്‍ ഖാനും ശരിയായ നേതൃപാടവം തെളിയിക്കണമെന്നും മലാല ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

ഒരു നൊബേല്‍ പുരസ്‌കാര ജേതാവ് എന്ന നിലയില്‍, യുഎന്നിന്റെ സമാധാന സന്ദേശ വാഹക, പാക്കിസ്ഥാന്‍ പൗര, വിദ്യാര്‍ത്ഥി എന്നീ നിലകളില്‍ ഇന്ത്യ-പാക് അതിര്‍ത്തികളിലെ സംഘര്‍ഷാവസ്ഥയിലും അവിടുത്തെ ജനങ്ങളെക്കുറിച്ചും തനിക്ക് ആശങ്കയുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് മലാലയുടെ കുറിപ്പ് ആരംഭിക്കുന്നത്.

‘യുദ്ധത്തിന്റെ ഭീകരതയെ കുറിച്ച് അറിയുന്ന എല്ലാവരും സമ്മതിക്കും പകയും പ്രതികാരവും തിരിച്ചടികളുമൊന്നും ശരിയായ പ്രതികരണങ്ങള്‍ അല്ലെന്ന്. ഒരിക്കല്‍ തുടങ്ങിക്കഴിഞ്ഞാല്‍ അത് പിന്നെ അവസാനിക്കില്ല. ലോകത്ത് നിലവിലുള്ള യുദ്ധം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ദുരിതമനുഭവിക്കുന്നത്. നമുക്കിനിയുമൊരു യുദ്ധം വേണ്ട. നിലവില്‍ ആപത്തിലകപ്പെട്ടവരെ മുഴുവന്‍ ശ്രദ്ധിക്കാന്‍ പോലും നമ്മുടെ ലോകത്തിന് സാധിക്കില്ല.

ഇത്തരം ദുഷ്‌കരാവസ്ഥകളില്‍ ഇരുന്ന് പരസ്പരം കൈകൊടുത്ത് ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ച് യഥാർത്ഥ നേതൃശക്തി കാണിക്കണമെന്ന് ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടും അഭ്യര്‍ത്ഥിക്കുന്നു. ദീര്‍ഘനാളായി നിലകൊള്ളുന്ന കശ്മീര്‍ വിഷയവും ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജനജീവിതം സംരക്ഷിക്കാന്‍ പിന്തുണ നല്‍കണമെന്ന് ഞാന്‍ രാജ്യാന്തര സമൂഹത്തോടും അഭ്യര്‍ത്ഥിക്കുന്നു.

ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ക്കും അറിയാം യഥാര്‍ത്ഥ ശത്രു ഭീകരവാദവും, ദാരിദ്ര്യവും നിരക്ഷരതയും ആരോഗ്യ പ്രശ്‌നങ്ങളുമാണ്, അല്ലാതെ രാജ്യങ്ങള്‍ പരസ്പരമല്ല, എന്ന്,” മലാല

#SayNoToWarഎന്ന ഹാഷ്‌ടാഗോടുകൂടിയാണ് മലാല ട്വീറ്റ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook