ന്യൂഡൽഹി: ഡൽഹി അക്രമത്തിൽ പൊലീസിനു നേർക്ക് വെടിയുതിർത്ത യുവാവിനെ അറസ്റ്റ് ചെയ്തു. 23 കാരനായ ഷാരൂഖ് ഖാനെ ഉത്തർപ്രദേശിൽനിന്നും ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. മജുപൂരിൽ നടന്ന കലാപത്തിൽ പൊലീസിനു നേർക്ക് ഇയാൾ വെടിവയ്ക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.
ഫെബ്രുവരി 24 ന് ഇയാൾ കലാപകാരികൾക്കൊപ്പമെത്തിയാണ് പൊലീസിനു നേർക്ക് വെടിയുതിർത്തത്. 8 റൗണ്ടാണ് ഇയാൾ വെടിവച്ചത്. സംഭവത്തിനുപിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ഫെബ്രുവരി 23 ന് ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം മൂന്നു ദിവസമാണ് നീണ്ടുനിന്നത്. കലാപത്തിൽ 46 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
Read Also: ഡൽഹി വർഗീയ കലാപം: കുറ്റവാളികൾ ശിക്ഷിക്കപ്പെടണം; കേജ്‌രിവാൾ മോദിയെ കണ്ടു
അതിനിടെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി തിരഞ്ഞെടുപ്പിനുശേഷമുളള ഇരുവരുടേയും ആദ്യ കൂടിക്കാഴ്ചയാണിത്. 45 പേരുടെ മരണത്തിന് കാരണമായ ഡൽഹി വർഗീയ കലാപത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
“ഡൽഹി അക്രമത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കുന്ന കാര്യവും ഞങ്ങൾ ചർച്ച ചെയ്തു,” യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോടായി കേജ്‌രിവാൾ പറഞ്ഞു.