ന്യൂഡല്‍ഹി: ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെ പീഡനാരോപണം ഉന്നയിച്ച ബിരുദ വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതാണോ ബിജെപി നടപ്പിലാക്കുന്ന നീതിയെന്നു പ്രിയങ്ക ട്വിറ്ററിലൂടെ ചോദിച്ചു. ഇരയായ പെണ്‍കുട്ടിക്കു നീതി നിഷേധിക്കപ്പെടുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

ഉന്നാവോ പീഡനക്കേസും സ്വാമി ചിന്മയാനന്ദിനെതിരായ പീഡനക്കേസും താരതമ്യം ചെയ്ത പ്രിയങ്ക ഗാന്ധി യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

“ഉന്നാവോ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ അമ്മാവനെ അറസ്റ്റ് ചെയ്തു. ഒടുവില്‍ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ 13 മാസത്തിനുശേഷം കുറ്റാരോപിതനായ ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്തു. ഇരയുടെ കുടുംബത്തെ ഇല്ലാതാക്കാനുള്ള നീക്കങ്ങളും നടന്നു. ചിന്മയാനന്ദിനെതിരായ പീഡനക്കേസിലും സമാന സംഭവങ്ങളാണു നടക്കുന്നത്. ഇരയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇരയായ പെണ്‍കുട്ടിയുടെ കുടുംബം സമ്മര്‍ദ്ദത്തിലാണ്”-പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

Read Also: റോബര്‍ട്ട് വാദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

“ബിജെപി നേതാവിനെതിരെ പൊലീസ് നടപടിയെടുക്കാതിരുന്നതു മനപ്പൂര്‍വ്വമാണ്. ഒടുവില്‍ കുറ്റാരോപിതനായ അറസ്റ്റ് ചെയ്തത് സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ്. പീഡനക്കുറ്റം പോലും ചുമത്താതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാണോ ബിജെപി നല്‍കുന്ന നീതി” പ്രിയങ്ക ചോദിച്ചു.

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി നൽകിയ നിയമ വിദ്യാർഥിനിയെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി അഞ്ചു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് ചെയ്തത്.

Read Also: വട്ടിയൂര്‍ക്കാവില്‍ കുമ്മനം വേണം; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിയില്‍ ആശയക്കുഴപ്പം

പെൺകുട്ടിയെ അറസ്റ്റ് ചെയ്ത നടപടി കോടതിയലക്ഷ്യമാണെന്നു പെൺകുട്ടിയുടെ സഹോദരൻ പ്രതികരിച്ചു. “സഹോദരിയെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ഇന്നു രാവിലെ വീട്ടിലെത്തി. ഏതാനും മിനിറ്റുകൾ അവളുമായി സംസാരിച്ചശേഷം, അവളെ അറസ്റ്റ് ചെയ്യുകയാണെന്ന് എസ്ഐടി ഞങ്ങളോട് പറഞ്ഞു. സഹോദരി ഇതിനെ എതിർക്കുകയും അവർക്കൊപ്പം പോകാൻ വിസമ്മതിക്കുകയും ചെയ്തു. എസ്ഐടി ബലം പ്രയോഗിച്ച് അവളെ കാറിൽ കയറ്റി കൊണ്ടുപോയി” സഹോദരൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook