ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന് അധികാരം നഷ്ടപ്പെട്ടതോടെ പെട്രോളിയം മന്ത്രി ഷാഹിദ് കാഖ്വാന് അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. നവാസിന്റെ സഹോദരന് ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത് വരെ 45 ദിവസമായിരിക്കും ഷാഹിദ് കാഖ്വാന് പ്രധാനമന്ത്രി പദം അലങ്കരിക്കുക. ഷെഹബാസ് ആണ് തന്റെ പിന്തുടര്ച്ചക്കാരനെന്ന് ഷെരീഫ് അറിയിച്ചിട്ടുണ്ട്. സുപ്രിംകോടതി വിധി പുനപരിശോധിക്കാന്‍ അപ്പീല്‍ നല്‍കുമെന്നും ഷെരീഫ് അറിയിച്ചു.
ഭരണകക്ഷിയായ പിഎംഎല്‍എന്‍ കഴിഞ്ഞ ദിവസം ഷഹബാസിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഷഹബാസ് ഷെരീഫ് ദേശീയ അസംബ്ലി അംഗമല്ലാത്തതിനാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ല. അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടും വരെയാണ് കാഖ്വാന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുക.
നവാസ് ഷെരീഫിന്റെ മണ്ഡലത്തില്‍ നിന്ന് തന്നെയാകും ഷഹബാസ് ഷെരീഫ് മത്സരിക്കുക. നിലവില്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയാണ് ഷഹബാസ് ശരീഫ്.
പാനമ അഴിമതിക്കേസിൽ നവാസ് ഷെരീഫിനെ സുപ്രീംകോടതി അയോഗ്യനാക്കിയതോടെയാണ് അദ്ദേഹം രാജിക്ക് നിര്‍ബന്ധിതനായത്. അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്. ഷെരീഫ് കുടുംബം അനധികൃതസ്വത്ത് സമ്പാദിച്ചെന്ന റിപ്പോര്‍ട്ട് സുപ്രീംകോടതി ശരിവച്ചു.
ഏപ്രില്‍ 20-ാം തീയതിവന്ന ആദ്യ വിധിന്യായത്തില്‍, രണ്ടു ജഡ്ജിമാര്‍ പ്രധാനമന്ത്രിയായ നവാസ് ഷെരീഫിനെ അയോഗ്യനായി പ്രഖ്യാപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മറ്റ് മൂന്നുജഡ്ജിമാര്‍ സംയുക്ത അന്വേഷണസംഘം (ജെഐടി) രൂപവത്കരിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. ജെഐടിയുടെ അന്വേഷണ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഷെരീഫിനെ അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.