scorecardresearch

'ഇന്ത്യന്‍ അധീന കശ്മീരില്‍ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണ്'; പ്രകോപന പരാമര്‍ശവുമായി ഷാഹിദ് അഫ്രീദി

നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്നും അഫ്രീദി

നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്നും അഫ്രീദി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'ഇന്ത്യന്‍ അധീന കശ്മീരില്‍ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണ്'; പ്രകോപന പരാമര്‍ശവുമായി ഷാഹിദ് അഫ്രീദി

ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ അധീന കശ്മീരില്‍ നിഷ്കളങ്കരായ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണെന്ന് അഫ്രിദി ട്വീറ്റ് ചെയ്തു. നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്നും അഫ്രീദി പറഞ്ഞു. ഐക്യരാഷ്ട്രസഭ പോലെയുളള സംഘടനകള്‍ രക്തച്ചൊരിച്ചില്‍ തടയാന്‍ ഒന്നും ചെയ്യാത്തത് അത്ഭുതപ്പെടുത്തുന്നതായും അഫ്രീദി കൂട്ടിച്ചേര്‍ത്തു.

Advertisment

ഇത് ആദ്യമായല്ല അഫ്രീദി വിവാദ പരാമര്‍ശവുമായി രംഗത്തെത്തുന്നത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ കശ്മീരി ജനത പിന്തുണയ്ക്കുന്നുണ്ടെന്ന് 2016 മാര്‍ച്ചില്‍ അഫ്രീദി പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ ബിസിസിഐ രംഗത്തെത്തുകയും ചെയ്തു. കൊല്‍ക്കത്തയില്‍ ഇന്ത്യയോട് തോറ്റശേഷമാണ് മൊഹാലിയില്‍ ന്യൂസിലൻഡിനെതിരായ മൽസരത്തിന് പാക്കിസ്ഥാൻ എത്തിയത്. ടോസിട്ട സമയത്ത് പാക്കിസ്ഥാന് അനുകൂലമായ ആരവം സ്റ്റേഡിയത്തില്‍ ഉയര്‍ന്നിരുന്നു. മുന്‍ പാക് ക്യാപ്റ്റനായ റമീസ് രാജ കാണികളില്‍ നിന്നും ലഭിച്ച പിന്തുണയെ കുറിച്ച് അഫ്രീദിയോട് ആരാഞ്ഞപ്പോഴാണ് ധാരാളം ആളുകള്‍ കശ്മീരില്‍ നിന്നും എത്തിയിട്ടുണ്ടെന്ന് പറഞ്ഞത്.

നിങ്ങള്‍ക്ക് മൊഹാലിയില്‍ ആരാധകര്‍ ഉണ്ടെന്ന് തോന്നുന്നുവെന്ന് റമീസ് പറഞ്ഞിരുന്നു. അന്ന് അഫ്രീദിയുടെ പ്രസ്താവനയെ ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ വിമര്‍ശിച്ചു. ഇത്തരത്തിലെ പ്രസ്താവനകളില്‍ നിന്ന് കളിക്കാര്‍ മാറിനില്‍ക്കണമെന്നും പാക്കിസ്ഥാനില്‍ അഫ്രീദി വിമര്‍ശിക്കപ്പെടുന്നത് ഇതുകൊണ്ടാണെന്നും താക്കൂര്‍ പറഞ്ഞു.

Advertisment

കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച അഫ്രീദി ട്വന്റി 20യില്‍ കളിക്കുന്നുണ്ട്. അഫ്രീദി മാത്രമല്ല കശ്മീര്‍ പ്രശ്നത്തെ കുറിച്ച് സംസാരിച്ച പാക് ക്രിക്കറ്റര്‍. ഇന്നലെ പാക് നായകനായ ഇമ്രാന്‍ ഖാനും ഇന്ത്യന്‍ അധീന കശ്മീരില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. പാക് ജനത കശ്മീര്‍ ജനതയ്ക്ക് ഒപ്പമാണെന്നും ഇന്ത്യ അടിച്ചമര്‍ത്തല്‍ നിര്‍ത്തണമെന്നും ഇമ്രാന്‍ പറഞ്ഞു.

Pakistan Shahid Afridi Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: