ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് ഡൽഹി ഷഹീൻ ബാഗിൽ വെടിവയ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതിക്ക് ആം ആദ്മിയുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ്. പ്രതിയായ കപിൽ ഗുജ്ജാറിന്റെ മൊബെെൽ ഫോൺ പരിശോധനയിലാണ് ആം ആദ്മിയുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതെന്ന് ക്രെെം ബ്രാഞ്ച് ഡിസിപി രാജേഷ് ദിയോ പറഞ്ഞു. കപിൽ ഗുജ്ജാറും പിതാവും 2019 ൽ ആം ആദ്മിയിൽ ചേർന്നതാണെന്നും രാജേഷ് ദിയോ എഎൻഐയോട് പറഞ്ഞു.
കപിൽ ഗുജ്ജാർ ആം ആദ്മി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ആം ആദ്മിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്, വനിതാ നേതാവ് അതിഷി എന്നിവർ ചേർന്ന് പാർട്ടി വേദിയിലേക്ക് കപിൽ ഗുജ്ജാറിനെ സ്വാഗതം ചെയ്യുന്ന ചിത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ, ചിത്രങ്ങൾ കൊണ്ട് ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
Read Also: ഏകദിനത്തിലും വിജയക്കുതിപ്പ് തുടരാൻ ഇന്ത്യ; അവസരം കാത്ത് യുവതാരങ്ങൾ
ഷഹീൻ ബാഗിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നടക്കുന്ന സ്ഥലത്തിനു സമീപത്തായാണ് ഫെബ്രുവരി ഒന്നിന് വെടിവയ്പ് നടന്നത്. വെടിവച്ച ആളെ പൊലീസ് അപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധ സ്ഥലത്തിനു സമീപത്തുവച്ച് ആകാശത്തേക്കാണ് ഇയാൾ വെടിവച്ചത്. സംഭവത്തിൽ ആർക്കും പരുക്കില്ല. ‘ജയ് ശ്രീറാം’ എന്നു വിളിച്ച് ഇയാൾ വെടിവയ്ക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയ്ക്കു പുറത്തു നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വെടിവയ്പുണ്ടായി ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഷഹീൻ ബാഗിൽ വെടിവയ്പുണ്ടായത്. ജാമിയയിൽ പ്രതിഷേധക്കാർക്കുനേരെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിൽ ഒരു വിദ്യാർഥിക്ക് പരുക്കേറ്റിരുന്നു.