ന്യൂഡൽഹി: ജഹാംഗീർപൂരിക്ക് പിന്നാലെ ഷഹീൻ ബാഗിലും കെട്ടിടങ്ങൾ പൊളിച്ചുള്ള ഒഴിപ്പിക്കൽ നടപടി. വലിയ പൊലീസ് സന്നാഹത്തോടൊപ്പം ബുൾഡോസറുകൾ കൊണ്ടുവന്നാണ് കെട്ടിടങ്ങൾ പൊളിക്കുന്നത്. സൗത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷന്റേതാണ് നടപടി. വലിയ രീതിയിലുള്ള പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട് . ബുൾഡോസറുകൾക്ക് മുന്നിൽ കയറി നിന്നും മുദ്രാവാക്യം വിളിച്ചുമാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്.
“ലക്ഷ്യംവെച്ചുള്ള പൊളിക്കലുകൾ”ക്കെതിരെയാണ് ജനങ്ങൾ ഒത്തുകൂടിയിരിക്കുന്നതെന്ന് പ്രദേശവാസിയായ യാസിർ ഇമാം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്.
സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഷഹീൻ ബാഗിന് സമീപമുള്ള കാളിന്ദി കുഞ്ച്-ജാമിയ നഗർ പ്രദേശങ്ങളിലും ശ്രീനിവാസ്പുരിയിലും കഴിഞ്ഞ ആഴ്ച പൊളിക്കൽ നടപടികൾ ആരംഭിക്കാൻ ഇരുന്നതായിരുന്നു. എന്നാൽ മതിയായ പൊലീസ് സേനയെ ലഭ്യമാവാതിരിക്കുന്നതിനാൽ ഇത് വെള്ളിയാഴ്ച വരെ ഒഴിവാക്കുകയായിരുന്നു.
കഴിഞ്ഞ മാസം ജഹാംഗീർപൂരിയിലും സമാനമായ ഒഴിപ്പിക്കൽ നടപടി അരങ്ങേറിയിരുന്നു. ഇത് സുപ്രീം കോടതി ഇടപെട്ട് നിർത്തിവെക്കുകയായിരുന്നു. ഇത്തരം പൊളിക്കൽ നടപടികളിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും നടന്നിരുന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ഈ പൊളിക്കൽ നടപടികൾ എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.