ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവർക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംപി പർവേഷ് വർമ. ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ വീടുകളിൽ പ്രവേശിക്കുമെന്നും സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യുമെന്നും പർവേഷ് വർമ പറഞ്ഞു.
വാർത്താ എജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പർവേഷ് വർമയുടെ വിവാദ പ്രസ്താവന. “ലക്ഷക്കണക്കിന് ആളുകൾ അവിടെ ഒത്തുകൂടുന്നു (ഷഹീൻ ബാഗ്). ഡൽഹിയിലെ ജനങ്ങൾ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ടിവരും. അവർ നിങ്ങളുടെ വീടുകളിൽ പ്രവേശിക്കും, സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യും. ഇപ്പോൾ സമയമുണ്ട്. നാളെ നിങ്ങളെ രക്ഷിക്കാൻ മോദി ജിയും അമിത് ഷായും വരില്ല,” പർവേഷ് വർമ പറഞ്ഞു.
#WATCH: BJP MP Parvesh Verma says, "…Lakhs of people gather there (Shaheen Bagh). People of Delhi will have to think & take a decision. They'll enter your houses, rape your sisters&daughters, kill them. There's time today, Modi ji & Amit Shah won't come to save you tomorrow…" pic.twitter.com/1G801z5ZbM
— ANI (@ANI) January 28, 2020
തിങ്കളാഴ്ച ഡൽഹിയിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ബിജെപി എംപി ഷഹീൻ ബാഗിലെ പ്രതിഷേധക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. ബിജെപിയെ അധികാരത്തിലെത്തിയാൽ ഷഹീൻ ബാഗിലെ പ്രതിഷേധം ഇല്ലാതാക്കാൻ ഒരു മണിക്കൂർ മാത്രമേ വേണ്ടിവരൂവെന്നായിരുന്നു പർവേഷ് വർമയുടെ ഭീഷണി.
Read More: ഷഹീൻ ബാഗിനോടുള്ള വെറുപ്പ് വോട്ട് ചെയ്യുമ്പോൾ കാണിക്കൂ: അമിത് ഷാ
“ഈ തിരഞ്ഞെടുപ്പ് ഒരു ചെറിയ തിരഞ്ഞെടുപ്പല്ല, മറിച്ച് രാജ്യത്തിന്റെ സ്ഥിരതയ്ക്കും ഐക്യത്തിനുമുള്ള തിരഞ്ഞെടുപ്പാണ്. ഫെബ്രുവരി 11 ന് ഭാരതീയ ജനതാ പാർട്ടി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, ഒരു മണിക്കൂറിന് ശേഷം ഷഹീൻ ബാഗിൽ ആരെയും കാണില്ല,” പശ്ചിമ ഡൽഹി ബിജെപി എംപി പർവേഷ് വർമ പറഞ്ഞു.
അധികാരത്തിലേറി ഒരു മാസത്തിനുള്ളിൽ തന്റെ മണ്ഡലത്തിലെ സർക്കാർ ഭൂമിയിൽ നിർമിച്ച എല്ലാ പള്ളികളും പൊളിച്ചു മാറ്റുമെന്നും പർവേഷ് വർമ പറഞ്ഞു. ഡൽഹിയിൽ എന്റെ സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ എനിക്ക് ഒരു മാസത്തെ സമയം മാത്രം നൽകൂ. എന്റെ ലോക്സഭാ മണ്ഡലത്തിലെ, സർക്കാർ ഭൂമിയിൽ നിർമിച്ച പള്ളികളൊന്നും അവശേഷിക്കില്ല. അവയെല്ലാം നീക്കം ചെയ്യുമെന്ന് പർവേഷ് വർമ പറഞ്ഞു.