ഇസ്‍ലാമാബാദ്: പനാമ പേപ്പർ വവിവാദവുമായി ബന്ധപ്പെട്ട കേസിൽ വാദം പൂർത്തിയായിരിക്കെ പാക്കിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിക്കായുള്ള ചർച്ചകളും സജീവമായി. കേസിൽ ഇപ്പോഴത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫും കുടുംബാംഗങ്ങളും ശിക്ഷിക്കപ്പെടുകയാണെങ്കിൽ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്.

നവാസ് ഷെരീഫിന്റെ സഹോദരനും, പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ നിലവിലെ മുഖ്യമന്ത്രിയുമാണ് ഷഹബാസ് ഷെരീഫ്. ഇദ്ദേഹം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് വരെ പ്രതിരോധമന്ത്രിയായ ഖ്വാജ അസീസ് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്നും പാക്ക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

വിധി പ്രതികൂലമായാൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യം കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ഉന്നതാധികാര സമിതി ചർച്ച ചെയ്തിരുന്നു. പ്രധാനമന്ത്രി നവാസ് ഷെരീഫ്, ഷെഹബാസ് ഷരീഫ്, ഫെഡറൽ മന്ത്രിമാർ, ഉപദേഷ്ടാക്കൾ, അഭിഭാഷക സംഘം തുടങ്ങിയവർ സംബന്ധിച്ച യോഗത്തിലാണ് ഭാവി ഭരണനിയന്ത്രണം സംബന്ധിച്ച ആലോചനകൾ നടന്നത്.

അതേസമയം, പുതിയ പ്രധാനമന്ത്രിയ്ക്കായി ചർച്ച നടത്തിയിട്ടില്ലെന്ന് ഖ്വാജ ആസിഫ് പ്രതികരിച്ചു. പ്രധാനമന്ത്രി നവാസ് ഷെരീഫിനും കുടുംബത്തിനും ഒപ്പം പാർട്ടി അടിയുറച്ച് നിൽക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിൽ കേസിന്റെ വാദം പൂർത്തിയായ ശേഷം കേസിൽ വാദം പറയാനായി കോടതി മാറ്റിവച്ചിരുന്നു. എന്നാൽ ഈ തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പാക്കിസ്ഥാനിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത് നവാസ് ഷെരീഫിന്റെ മക്കൾക്കെതിരായ സുപ്രീം കോടതി വിധിയാണ്. പാക് പ്രസിഡന്റിന്റെ മൂന്ന് മക്കൾക്കുമെതിരെ അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണ കേസുകൾ ചുമത്തി. ഇന്ത്യൻ എക്സ്‌പ്രസ് ഉൾപ്പടെ ലോകത്തെ വിവിധ മാധ്യമങ്ങൾ ചേർന്ന് പുറത്ത് കൊണ്ടുവന്ന പനാമ പേപ്പർ കള്ളപ്പണ കേസിലാണ് അന്വേഷണം ഉത്തരവിട്ടിരിക്കുന്നത്.

അഞ്ചംഗ സുപ്രീം കോടതി ബഞ്ചിൽ മൂന്ന് പേരാണ് അന്വേഷണം നടത്തണമെന്ന് ശുപാർശ ചെയ്തത്. ഇതോടെ നവാസ് ഷെരീഫിന്റെ മക്കളായ മരിയം, ഹസൻ, ഹുസൈൻ ഷെരീഫ് എന്നിവർക്കെതിരെ അന്വേഷണവും ആരംഭിച്ചു. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന പ്രതികൂല വിധിയിൽ പതറാതെ പിടിച്ചു നിൽക്കുകയായിരുന്നു നവാസ് ഷെരീഫ്.

ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം മുറുകുകയും, ഇസ്രയേൽ അമേരിക്ക എന്നീ രാജ്യങ്ങളുമായി ഇന്ത്യ കൂടുതൽ സൗഹൃദത്തിലാവുകയും ചെയ്തതോടെ പാക് സൈന്യത്തിന് അതിർത്തി സംരക്ഷണത്തിൽ കടുത്ത ആശങ്കകളുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്ത് ആഭ്യന്തര കലഹം ഉണ്ടാകരുതെന്ന നിർബന്ധ ബുദ്ധിയാണ് സൈന്യം ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്. നവാസ് ഷെരീഫിന്റെ രാജിക്കായി സൈന്യവും സമ്മർദ്ദം ചെലുത്തുന്നതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പനാമയിലെ മൊസാക് ഫൊൻസെക എന്ന നിയമകാര്യ സ്ഥാപപനമാണ് ലോകത്തെ ഉന്നതന്മാരുടെ സമ്പത്ത് നികുതി വെട്ടിച്ച് നിക്ഷേപിക്കാൻ സഹായിച്ചത്. ഈ രേഖകളാണ് പനാമ പേപ്പറിലൂടെ ലോകത്തെ നിരവധി മാധ്യമങ്ങൾക്കൊപ്പം ദി ഇന്ത്യൻ എക്‌സ്‌പ്രസും ചേർന്ന് പുറത്ത് കൊണ്ടുവന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook