scorecardresearch

കേന്ദ്ര സര്‍വിസിലേക്ക് മടങ്ങി ഷാ ഫൈസല്‍; സാംസ്‌കാരിക മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമനം

2019ല്‍ ഐ എ എസ് ഉപേക്ഷിച്ച് ജമ്മൂകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ഷാ ഫൈസലിന്റെ രാജി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല

കേന്ദ്ര സര്‍വിസിലേക്ക് മടങ്ങി ഷാ ഫൈസല്‍; സാംസ്‌കാരിക മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമനം

ന്യൂഡല്‍ഹി: ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ കശ്മീരി ഐ എ എസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ കേന്ദ്ര സര്‍വിസില്‍ തിരിച്ചെത്തി. സാംസ്‌കാരിക മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണു നിയമനം. നിയമനത്തിനു കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച അംഗീകാരം നല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

2019ല്‍ ഐ എ എസ് ഉപേക്ഷിച്ച് ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ഷാ ഫൈസലിന്റെ രാജി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് അദ്ദേഹം രാജി പിന്‍വലിച്ചുകൊണ്ട് അപേക്ഷ നല്‍കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയെത്തുടര്‍ന്നു ഫൈസലിനെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് തിരിച്ചെടുത്തതായും ന്യൂഡല്‍ഹിയില്‍ നിയമിക്കാന്‍ സാധ്യതയുണ്ടെന്നും ഏപ്രില്‍ 29 ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏപ്രിലില്‍, ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ സര്‍വിസിലേക്കു തിരിച്ചെത്തുന്നതിനെക്കുറിച്ച് ഫൈസല്‍ സൂചന നല്‍കിയിരുന്നു.

സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ഒന്നാമതെത്തുന്ന ആദ്യത്തെ കശ്മീരിയായ ഫൈസൽ സര്‍വിസില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഡോക്ടറായിരുന്നു. 2008-ല്‍ സർവിസിലെത്തിയ അദ്ദേഹത്തിനു സ്വന്തം സംസ്ഥാനം തന്നെയാണു കേഡറായി അനുവദിച്ചത്. ജമ്മു-കശ്മീര്‍ പവര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (ജെ കെ പി ഡി സി) മാനേജിങ് ഡയറക്ടര്‍ പദവിയാണ് അദ്ദേഹം സർവിസ് വിടുന്നതിനു മുൻപ് അവസാനം വഹിച്ച സ്ഥാനം.

2018 ജൂണില്‍ ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ എഡ്വേര്‍ഡ് മേസണ്‍ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഒരു വര്‍ഷത്തിനുശേഷം വീണ്ടും സര്‍വീസില്‍ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ മടങ്ങിവരുന്നതിന് ആറ് മാസം മുമ്പ്, 2019 ജനുവരി ഒന്‍പതിനു സര്‍വീസില്‍നിന്ന് രാജിവയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച അദ്ദേഹം രാഷ്ട്രീയത്തില്‍ ചേരുമെന്ന് സൂചന നല്‍കിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

”കശ്മീരിലെ അനിയന്ത്രിതമായ കൊലപാതകങ്ങളിലും കേന്ദ്രസര്‍ക്കാരില്‍നിന്ന് വിശ്വസനീയമായ രാഷ്ട്രീയ നടപടികളൊന്നും ഉണ്ടാകാത്തതിലും പ്രതിഷേധിച്ച്, ഐ എ എസില്‍നിന്ന് രാജിവയ്ക്കാന്‍ തീരുമാനിച്ചു. കശ്മീരികളുടെ ജീവിതമാണു പ്രധാനം,”എന്നാണ് രാജിസമയത്ത് അദ്ദേഹം ട്വീറ്റ് ചെയ്തത്.

2019 മാര്‍ച്ചില്‍ അദ്ദേഹം സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയായ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് (ജെ കെ പി എം) പ്രഖ്യാപിച്ചു. അതേവര്‍ഷം ഓഗസ്റ്റ് അഞ്ചിന്, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത സർക്കാർ തീരുമാനങ്ങളെത്തുടര്‍ന്ന്, ഡല്‍ഹിയില്‍നിന്ന് ഇസ്താംബൂളിലേക്ക് പറക്കുന്നതില്‍നിന്ന് ഫൈസലിനെ തടയുകയും തുടര്‍ന്ന് തടങ്കലില്‍ വയ്ക്കുകയും ചെയ്തു. ഒടുവില്‍ 2020 ജൂണിലാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.

താമസിയാതെ, താന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കുക മാത്രമല്ല, രാഷ്ട്രീയം പൂര്‍ണമായും ഉപേക്ഷിക്കുകയാണെന്ന് ഫൈസല്‍ പ്രഖ്യാപിച്ചു. അന്നുമുതല്‍, സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ അദ്ദേഹം ശ്രമിക്കുകയായിരുന്നു.

ഈ സമയത്ത്, കേന്ദ്രത്തെ വിമര്‍ശിക്കുകയും കശ്മീരില്‍ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളെ പ്രശംസിക്കുകയും ചെയ്ത തന്റെ മുന്‍ ട്വീറ്റുകളെല്ലാം ഫൈസല്‍ ഡിലീറ്റ് ചെയ്തു. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മിക്കവാറും എല്ലാ പ്രസ്താവനകളും പ്രഖ്യാപനങ്ങളും പ്രസംഗങ്ങളും അദ്ദേഹം റീ ട്വീറ്റ് ചെയ്യുകയുമുണ്ടായി. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ചുള്ള വിവേക് അഗ്‌നിഹോത്രി സിനിമയായ ‘കശ്മീര്‍ ഫയല്‍സ്’ നിര്‍ബന്ധമായും കാണണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയുമുണ്ടായി.

കശ്മീരിനെക്കുറിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തെ ‘നമ്മുടെ കൂട്ടായ ചരിത്രത്തിലെ വിനാശകരമായ വഴിത്തിരിവ്’ എന്നാണു 2019 ഓഗസ്റ്റ് 10 ന് ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ ഫെസല്‍ വിശേഷിപ്പിച്ചത്. കശ്മീരികള്‍ക്കു പ്രതിരോധമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് തുടര്‍ന്നുള്ള ഒന്നിലധികം അഭിമുഖങ്ങളില്‍ അദ്ദേഹം പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Shah faesal ias deputy secretary ministry of culture

Best of Express