ന്യൂഡല്‍ഹി: ഐഎസ്എസില്‍ നിന്നും രാഷ്ട്രീയക്കാരനായി മാറിയ ഷാ ഫൈസലിനെ ന്യൂഡല്‍ഹിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്തവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഷാ ഫൈസലിനെ ശ്രീനഗറിലേക്ക് മടക്കി അയച്ചു. പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് നടപടി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരെ ഫൈസല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ചരിത്രത്തിലെ ദുരന്തമെന്നായിരുന്നു തീരുമാനത്തെ ഷാ ഫൈസല്‍ വിശേഷിപ്പിച്ചത്. തങ്ങളുടെ വ്യക്തിത്വവും ചരിത്രവും ഭൂമിയിലുള്ള അവകാശവും നിലനില്‍പ്പിനുള്ള അവകാശവുമെല്ലാം അവസാനിക്കുകയാണെന്ന് എല്ലാവര്‍ക്കും ബോധ്യമാകുന്ന ഘട്ടമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു

Read More: കശ്മീരില്‍ ഇന്ത്യയുടെ അടിച്ചമര്‍ത്തലെന്ന് ഇമ്രാന്‍; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് വികസനം കൊണ്ടുവരാനെന്ന് മോദി

കശ്മീരില്‍ നിന്നും ഐഎഎസ് പരീക്ഷയില്‍ ഒന്നാമതെത്തിയ ആദ്യ വ്യക്തിയാണ് ഷാ ഫൈസല്‍. ഈ വര്‍ഷമാദ്യം സര്‍വ്വീസില്‍ നിന്നും രാജിവച്ച ഷാ ഫൈസല്‍ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഓഗസ്റ്റ് അഞ്ചിനാണ് റദ്ദാക്കിയത്. ഓഗസ്റ്റ് നാല് മുതല്‍ കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പിന്നീട് നിരോധനാജ്ഞ എടുത്തുമാറ്റിയെങ്കിലും വീണ്ടും പ്രഖ്യാപിച്ചു. 400 ഓളം നേതാക്കള്‍, മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയുമുള്‍പ്പടെ താഴ്‌വരയില്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also Read: പ്രിയപ്പെട്ട മാലിക് ജീ, ഞാന്‍ എപ്പോഴാണ് വരേണ്ടത് ? കശ്മീര്‍ ഗവര്‍ണര്‍ക്ക് രാഹുലിന്റെ മറുപടി

അതേസമയം, ജമ്മുവില്‍ നിരോധനാജ്ഞ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ കശ്മീരിലെ ചില സ്ഥലങ്ങളില്‍ തുടരുമെന്നും പൊലീസ് അറിയിച്ചു. നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുമെന്ന് ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണത്തിലാണെന്നും പൊലീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook