ഗുവാഹത്തി: അസമിലെ സാരുസജൈ സ്റ്റേഡിയത്തില്‍ ബംഗാളി ഗാനം ആലപിച്ച ബോളിവുഡ് ഗായകന്‍ ഷാനിന് നേരെ കല്ലേറെന്ന് റിപ്പോര്‍ട്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ആദ്യം ഒരാളാണ് കല്ലെറിഞ്ഞതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ മറ്റുളളവരും എറിഞ്ഞു. എന്നാല്‍ തനിക്കെതിരെ പേപ്പറുകളാണ് എറിഞ്ഞതെന്ന് ഷാന്‍ പ്രതികരിച്ചു. കാണികള്‍ പേപ്പര്‍ എറിഞ്ഞതോടെ പാട്ട് നിര്‍ത്തിയ ഷാന്‍ കോപാകുലനായി. വേദിയില്‍ പ്രകടനം നടത്തുന്നയാളെ ബഹുമാനിക്കണമെന്ന് അദ്ദേഹം മൈക്കില്‍ കാണികളോട് പറഞ്ഞു.

എന്നാല്‍ കാണികള്‍ ബഹളം തുടര്‍ന്നതോടെ ഷാന്‍ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രാദേശികമായ ചേരിതിരിവ് ഉണ്ടാക്കരുതെന്ന് ഇതിന് ശേഷം ഷാന്‍ ട്വിറ്ററില്‍ കുറിച്ചു. ‘ഇത് അസമാണ്, ബംഗാള്‍ അല്ല’ എന്ന് കാണികള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ‘ഒരു കലാകാരനോട് നിങ്ങളിത് ചെയ്യരുത്’ എന്ന് ഷാന്‍ വേദിയില്‍ വച്ച് പറയുന്നുണ്ട്.

തനിക്ക് സുഖമില്ലാതിരുന്നിട്ടും ഗുളിക കഴിച്ചാണ് പ്രകടനം നടത്തിയതെന്നും ഷാന്‍ വേദിയില്‍ പറയുന്നുണ്ട്. വേദിയില്‍ നിന്നും പുറത്തേക്ക് പോയെങ്കിലും സംഘാടകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഷാന്‍ വീണ്ടും വേദിയിലെത്തി പാട്ട് പാടി. ഇതിന് പിന്നാലെ അദ്ദേഹം ട്വിറ്ററില്‍ വിശദീകരണവുമായി എത്തി. സംസ്ഥാനങ്ങളുടെ പേരില്‍ ആരും ചേരിതിരിവ് ഉണ്ടാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ ഒരൊറ്റ സംഭവം കൊണ്ട് മനോഹരമായ ഒരു സംസ്ഥാനത്തിന്റെ പേര് കളങ്കമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ അസം യാത്ര വളരെയധികം ഇഷ്ടമായി. മനാഹരമായ പല കാഴ്ചകളും കണ്ടു. പുതിയ കൂട്ടുകാരെ ഉണ്ടാക്കി. ഒരൊറ്റ മോശം സംഭവത്തിന്റെ പേരില്‍ മനോഹരമായ ഒരു സംസ്ഥാനത്തിന്റെ പേര് കളങ്കപ്പെടുത്തരുത്,’ ഷാന്‍ പറഞ്ഞു. ദേശീയ പൗരത്വ റജിസ്റ്റര്‍ തയ്യാറാക്കിയതിന് പിന്നാലെ അസമില്‍ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ