ന്യൂഡല്‍ഹി: വിദേശം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘പഞ്ചാബ് പൊളിറ്റിക്സ് ടിവി’യുടെ വെബ്സൈറ്റിനും ആപ്പുകള്‍ക്കും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിസു(എസ്എഫ്ജെ)മായുള്ള അടുത്ത ബന്ധവും നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊതുക്രമം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണു നടപടി.
രഹസ്യാന്വേഷണ വിവരങ്ങളുടെയും കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പുതിയ വിവര സാങ്കേതികത ചട്ടങ്ങള്‍ പ്രകാരമുള്ള അടിയന്തര അധികാരങ്ങള്‍ പ്രയോഗിക്കുകയും ചെയ്തുകൊണ്ടാണു വിവര പ്രക്ഷേപണ മന്ത്രാലയത്തിന്റെ നീക്കം.
എസ്എഫ്ജെയുമായ അടുത്ത ബന്ധമുള്ള ‘പഞ്ചാബ് പൊളിറ്റിക്സ് ടിവി’യുടെ ആപ്പുകള്‍, വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ടതായി മന്ത്രാലയം പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു. 1967-ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം അനുസരിച്ച് നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട സംഘടനയാണ് എസ്എഫ്ജെയെന്നും പ്രസ്താവനയില്‍ പറയുന്നു.
”നടന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതു ക്രമം തകര്‍ക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ ആശ്രയിച്ച് പഞ്ചാബ് പൊളിറ്റിക്സ് ടിവിയുടെ ഡിജിറ്റല്‍ മീഡിയ ഉറവിടങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ഐടി ചട്ടങ്ങള്‍ക്കു കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ ഫെബ്രുവരി 18 ന് ഉപയോഗിച്ചുവെന്നു മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
”ബ്ലോക്ക് ചെയ്ത ആപ്പുകള്‍, വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയുടെ ഉള്ളടക്കങ്ങള്‍ സാമുദായിക ഭിന്നതയും വിഘടനവാദവും ഉളവാക്കാന്‍ കഴിവുള്ളവയാണ്. കൂടാതെ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും പൊതുക്രമത്തിനും ഹാനികരമാണെന്ന് കണ്ടെത്തി,” മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
മൊത്തത്തിലുള്ള വിവര പരിതസ്ഥിതി സുരക്ഷിതമാക്കാനും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും തകര്‍ക്കാന്‍ സാധ്യതയുള്ള ഏതൊരു പ്രവര്‍ത്തനവും തടയാനും സര്‍ക്കാര്‍ ജാഗ്രതയോടെയും പ്രതിജ്ഞാബദ്ധതയോടെയും തുടരുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഖാലിസ്ഥാനി അനുകൂല എസ്എഫ്ജെയെ യുഎപിഎ പ്രകാരം നിരോധിക്കാന്‍ 2019 ജനുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെട്ടെങ്കിലും യുഎപിഎ ട്രിബ്യൂണല്‍ 2020ല്‍ നിരോധനം ശരിവയ്ക്കുകയായിരുന്നു.