തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കഥയറിയാതെ ആട്ടം കാണുകയാണെന്നു എസ്എഫ്‌ഐ. പന്ന്യൻ രവീന്ദ്രൻ പറഞ്ഞ അഭിപ്രായം നിരുത്തരവാദപരവും വസ്തുതാ വിരുദ്ധവുമാണെന്ന് എസ്എഫ്ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് എസ്എഫ്‌ഐയുടെ ഈഗോ എന്നും മാനേജ്‌മെന്റിന്റെ പാദസേവകരുമെന്നൊക്കെ വിളിച്ചു പറയുന്ന അദ്ദേഹം തലമറന്ന് എണ്ണ തേക്കുകയാണെന്ന കാര്യത്തിൽ സംശയമില്ലെന്നും എസ്എഫ്ഐ പറഞ്ഞു.

കേരളത്തിലെ മാനേജ്‌മെന്റുകൾക്കെതിരെയുള്ള സമര ചരിത്രത്തിലെ ഐതിഹാസികമായ വിജയമാണ് ലോ അക്കാദമി സമരത്തിൽ എസ്എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നേടിയത്. പ്രിൻസിപ്പൽ പൂർണമായും ഒഴിവാക്കപ്പെടുകയും പകരം പുതിയ പ്രിൻസിപ്പലിനെ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് നിയമിക്കുമെന്നും പറഞ്ഞിട്ടും തുടരുന്ന സമരാഭാസം ആർഎസ്എസ്-കോൺഗ്രസ് അജണ്ടയുടെ ഭാഗമാണ്. രാജ്യത്തെങ്ങും കേരളത്തിൽ പോലും എംടി മുതൽ കമലിനെ വരെ കടന്നാക്രമിച്ച വർഗീയ ശക്തികളുടെ സമരഐക്യം എന്നുമുതലാണ് പന്ന്യൻ ഉൾപ്പെടെയുള്ളവർക്ക് സത്യമായതെന്നു അവർ തന്നെ സ്വയം വിമർശനാത്മകമായി പരിശോധിക്കേണ്ടതാണെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി.

സമ്പൂർണ സമരവിജയത്തിലും ആർഎസ്എസ് കാണുന്നതും പറയുന്നതുമായ അതേ അസംബന്ധം പന്ന്യനും വിളിച്ചുപറയാൻ യാതൊരു മടിയും കൂടാതെ കഴിയുന്നുവെങ്കിൽ തിരുത്തലുകൾക്ക് വിധേയമാക്കപ്പെടേണ്ടതാണെന്നും എസ്എഫ്ഐ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ