ന്യൂഡല്‍ഹി: പിതാവിനെതിരെ ലൈംഗിക ആരോപണവുമായി ഡല്‍ഹി വനിത കമ്മിഷന്‍ മേധാവി സ്വാതി മലിവാള്‍. കുട്ടിയായിരുന്നപ്പോള്‍ പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് സ്വാതി മലിവാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഡല്‍ഹി വനിത കമ്മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പുരസ്കാര ദാനച്ചടങ്ങിലാണ് തുറന്നു പറച്ചില്‍. പിതാവിനെ ഭയന്ന് കട്ടിലിനിടയില്‍ ഒളിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ എന്റെ പിതാവ് എന്നെ ലൈംഗികമായി ചൂഷണം ചെയ്തു. കട്ടിലിനടിയില്‍ ഒളിച്ചിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. സ്ത്രീകളെയും കുട്ടികളെയും ദുരുപയോഗം ചെയ്യുന്ന പുരുഷന്മാരെ എങ്ങനെ ഒരു പാഠം പഠിപ്പിക്കണമെന്ന് കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ പദ്ധതിയിട്ടിരുന്നു,” അവർ പറഞ്ഞു.
തന്റെ മുടിയില്‍ പിടിച്ച് ഭിത്തിയില്‍ അടിക്കുമായിരുന്നെന്നും പരുക്കേറ്റിരുന്നതായും അവര്‍ പറഞ്ഞു. നാലാം ക്ലാസില്‍ പഠിക്കുന്നത് വരെ ഇത് തുടര്‍ന്നെന്നും സ്വാതി പറയുന്നു.
ഒരാള്‍ ജീവിതത്തിൽ ഇത്തരം വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോൾ, മറ്റുള്ളവരുടെ വേദന മനസിലാക്കാനും വ്യവസ്ഥിതിയെ മാറ്റിമറിക്കാൻ തക്ക അഭിനിവേശമുള്ളവരാകാനും അവർക്ക് കഴിയുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അവര്‍ പറഞ്ഞു.