ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുളള ലൈംഗികബന്ധം ബലാല്‍സംഗമായി പരിഗണിക്കുമെന്ന് സുപ്രീംകോടതി. 15 വയസ് പൂര്‍ത്തിയായ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് നിലവില്‍ നിയമം തടസമില്ലായിരുന്നു. ഐപിസി 375 വകുപ്പാണ് ഭേദഗി ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അവകാശം നിഷേധിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായി, പെണ്‍കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമാണ്. എന്നാല്‍ 15നും 18 നും ഇടയില്‍ പ്രായമുള്ള വിവാഹിതകളെ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നു. സുപ്രീം കോടതിയുടെ പുതിയ വിധി ഈ വ്യവസ്ഥയെ തളളിക്കളയുന്നതാണ്.

18 വയസ്സില്‍ താഴെ പ്രായമുള്ള ഭാര്യയുമായി ഒരാള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. പ്രായപൂര്‍ത്തിയാകാത്ത ഭാര്യക്ക് ഭര്‍ത്താവിനെതിരെ ഒരു വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കാം- കോടതി നിരീക്ഷിച്ചു.

അതേസമയം, മാരിറ്റല്‍ റേപ്പ് അഥവാ വിവാഹബന്ധത്തിലെ ബലാൽസംഗ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് മദന്‍ ബി.ലോകുര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

ഇന്‍ഡിപെന്‍ഡന്റ് തോട്ട് എന്ന സന്നദ്ധ സംഘടനയാണ് 15നും 18നും ഇടയില്‍ പ്രായമുള്ള വിവാഹിതകളെ ഒഴിവാക്കിയ വ്യവസ്ഥയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 14, 15, 21 അനുച്ഛേദങ്ങളുടെ ലംഘനമാണ് നിലവിലെ വ്യവസ്ഥയെന്നും ഇന്‍ഡിപെന്‍ന്റ് തോട്ട് കോടതിയില്‍ പറഞ്ഞു.

15 വയസ്സിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിനെതിരെ ബലാത്സംഗക്കുറ്റം ആരോപിക്കാനാവില്ലെന്ന നിലപാടാണ് കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ