ന്യൂഡല്‍ഹി: ലൈംഗീകാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പൊലീസ് കേസ് റജസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ തീരുമാനം.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പാര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. പരാതിക്കാര്‍ക്ക് സുരക്ഷയൊരുക്കാനും കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
”ഹര്‍ജിയുടെ ഉദ്ദേശം ആരോപണ വിധേയനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു. അത് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ പരാതിക്കാര്‍ക്ക് സംരക്ഷണമൊരുക്കാനും കോടതി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പരാതിക്കാർക്ക് കൃത്യമായ സുരക്ഷയും മറ്റുള്ളവർക്ക് മതിയായ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്,” കോടതി പറഞ്ഞു.
കേസിൽ കൂടുതൽ നടപടിക്കായി ഡൽഹി ഹൈക്കോടതിയെയോ വിചാരണക്കോടതിയെയോ സമീപിക്കാൻ വനിതാ ഗുസ്തി താരങ്ങൾക്ക് കോടതി നിര്‍ദേശം നല്‍കി.
ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ 11 ദിവസമായി ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരം ചെയ്യുകയാണ്.