ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസുകളില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ക്ഷേമം പരമപ്രധാനമാണെന്നും ഇത്തരം സംഭവങ്ങളുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ പരിഹരിക്കാനാകാത്തതാണെന്നും ഡല്‍ഹി ഹൈക്കോടതി. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്റെ നിര്‍ബന്ധിത വിരമിക്കല്‍ ശിക്ഷ ശരിവച്ചുകൊണ്ടാണു കോടതി ഉത്തരവ്.
കുട്ടികളുടെ മാനസികാവസ്ഥ ദുര്‍ബലവും എളുപ്പം സ്വാധീനിക്കാവുന്നതും വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലുമുള്ളതാണ്. ലൈംഗിക പീഡനം അവരില്‍ മാനസികാഘാതം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. ഇതു പിന്നീടുള്ള വര്‍ഷങ്ങളില്‍ കുട്ടിയുടെ ചിന്താ പ്രക്രിയയെ ബാധിച്ചേക്കാമെന്നും കോടതി പറഞ്ഞു.
കുട്ടിയുടെ സാധാരണ സാമൂഹിക വളര്‍ച്ചയെ തടസപ്പെടുത്തുന്നതിനും മനഃശാസ്ത്രപരമായ ഇടപെടല്‍ ആവശ്യമായേക്കാവുന്ന വിവിധ മാനസിക-സാമൂഹിക പ്രശ്നങ്ങളിലേക്കു നയിക്കുന്നതിനും ഇത്തരം പ്രവൃത്തി കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
സ്വകാര്യ സ്കൂളിലെ ഫിസിക്സ് അധ്യാപകന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. അധ്യാപകനോട് നിര്‍ബന്ധിത വിരമിക്കലിനു വിധേയനാകാന്‍ ഡല്‍ഹി സ്കൂള്‍ ട്രിബ്യൂണലും അച്ചടക്ക അതോറിറ്റിയും ഉത്തരവിട്ടിരുന്നു. ഇതു ശരിവച്ച ഹൈക്കോടതി സിംഗിള്‍ ജഡ്ജിയുടെ ഉത്തരവിനെതിരെ അധ്യാപകന് നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണു ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
”ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പരാതിക്കാരി ലൈംഗികാതിക്രമത്തിന് ഇരയായതായി കേസിന്റെ വസ്തുതകള്‍ വെളിപ്പെടുത്തുന്നു. സ്കൂളില്‍ പോകുന്ന കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍, മാനസികാവസ്ഥ ദുര്‍ബലവും എളുപ്പം സ്വാധീനിക്കാവുന്നതും വികസിക്കുന്ന ഘട്ടത്തിലുള്ളതുമായ അവരുടെ ക്ഷേമത്തിനാണു പരമ പരിഗണന നല്‍കേണ്ടത്,” ഡിവിഷന് ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.
”കുട്ടിക്കാലത്തെ ലൈംഗിക പീഡനത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ പലപ്പോഴും പരിഹരിക്കാനാകാവാത്തതാണ്. ലൈംഗിക പീഡനം കുട്ടിക്കു മാനസികാഘാതമുണ്ടാക്കാനും വരും വര്‍ഷങ്ങളില്‍ അവരുടെ ചിന്താ പ്രക്രിയയെ നിയന്ത്രിക്കാനും സാധ്യതയുള്ളതാണ്. ഇത്തരം സംഭവങ്ങള്‍ കുട്ടിയുടെ സാധാരണ സാമൂഹിക വളര്‍ച്ചയെ തടസപ്പെടുത്തുകയും മാനസിക ഇടപെടല്‍ ആവശ്യമായി വരുന്ന വിവിധ മാനസിക-സാമൂഹിക പ്രശ്നങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു,” കോടതി അഭിപ്രായപ്പെട്ടു.
തനിക്കെതിരായ അന്വേഷണം സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. അന്വേഷണ സമിതി ഘടന നിയമപ്രകാരമല്ലെന്നും ഇക്കാര്യങ്ങള്‍ സിംഗിള്‍ ജഡ്ജി വിലയിരുത്തിയില്ലെന്നും ഹര്ജിക്കാരന് വാദിച്ചു. എന്നാല്‍ ശിക്ഷയില്‍ ഇടപെടാന്‍ ഡിവിഷന് ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.
സിംഗിള്‍ ജഡ്ജിയുടെ കണ്ടെത്തലുകളില്‍ തെറ്റു കണ്ടെത്താന്‍ കഴിയില്ലെന്നു പറഞ്ഞ ഡിവിഷന് ബെഞ്ച്, ഇത് ഈ കോടതിക്കു വകുപ്പുതല അന്വേഷണ നടപടികളില്‍ ഇടപെടാന്‍ കഴിയുന്ന കേസല്ലെന്നും കൂട്ടിച്ചേര്‍ത്തു.