ചണ്ഡിഗഡ്: ജൂനിയര്‍ വനിതാ പരിശീലകയുടെ പീഡനപരാതിയില്‍ ചണ്ഡിഗഡ് പൊലീസ് കേസെടുത്തതിന് പിന്നാലെ ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് വകുപ്പൊഴിഞ്ഞു.
ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അന്വേഷണം വേണമെന്നും സന്ദീപ് സിങ് ആവശ്യപ്പെട്ടു. കടുത്ത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രി വകുപ്പൊഴിഞ്ഞത്.
ഒളിമ്പ്യനും മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായ സന്ദീപ് സിങ്ങിനെതിരെ സെക്ടർ 26 പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച ചണ്ഡിഗഡ് പൊലീസ് ആസ്ഥാനത്തെത്തിയാണ് വനിത പരിശീലക മന്ത്രിക്കെതിരെ പരാതി നല്‍കിയത്. പൊലീസ് സൂപ്രണ്ട് (സിറ്റി) ശ്രുതി അറോറയ്ക്കാണ് പരാതി കൈമാറിയത്.
പരാതിക്കാരി അറോറയ്‌ക്കൊപ്പം സീനിയർ പൊലീസ് സൂപ്രണ്ട് മനീഷ ചൗധരിയെയും കണ്ടു. രണ്ട് ഉദ്യോഗസ്ഥരുമായും അവർ ഒരു മണിക്കൂറോളം സംസാരിച്ചതായും റിപ്പോർട്ടുണ്ട്.