ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗികാരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കോടതിയെ സമീപിച്ച അഭിഭാഷകന് സുപ്രീം കോടതിയുടെ നോട്ടീസ്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാന്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്സവ് ബെയിന്‍സ് എന്ന അഭിഭാഷകന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
ചീഫ് ജസ്റ്റിസിനെതിരെ പരാതി ഉന്നയിച്ച സ്ത്രീയ്ക്കു വേണ്ടി കേസ് വാദിക്കുകയാണെങ്കില്‍ തനിക്ക് 50 ലക്ഷം രൂപ തരാമെന്ന് വാഗ്‌ദാനം ഉണ്ടായിരുന്നുവെന്നും പിന്നീട് ഈ തുക ഒന്നരക്കോടി രൂപയായി ഉയര്‍ന്നുവെന്നും അഡ്വ.ഉത്സവ് ബെയ്ന്‍സ് തന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ കേസ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് അജയ് എന്നൊരാള്‍ തന്നെ സമീപിച്ചതായും ഇതുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്താന്‍ അയാള്‍ തന്നോട് ആവശ്യപ്പെട്ടതായും അഭിഭാഷകന്‍ പറയുന്നു.
Read More: ജുഡീഷ്യറി വലിയ ഭീഷണി നേരിടുന്നു: ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്
ആരോപണങ്ങള്‍ കേട്ട് താന്‍ ഞെട്ടിയെന്നും കേസ് ഏറ്റെടുക്കാന്‍ ആദ്യം തയ്യാറായെങ്കിലും അജയ് പിന്നീട് പറഞ്ഞ കാര്യങ്ങള്‍ തനിക്ക് ബോധ്യപ്പെടാത്തതിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പരാതിയില്‍ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് ചോദിച്ച് മനസിലാക്കാന്‍ പരാതിക്കാരിയുമായി സംവദിക്കാനുള്ള അവസരം തനിക്ക് വേണം എന്ന് ആവശ്യപ്പെട്ടപ്പോള്‍, താന്‍ പരാതിക്കാരിയെ ഓഫീസിലേക്ക് കൊണ്ടുവരാനോ ഫോണില്‍ അവരുമായി സംസാരിക്കാനുള്ള അവസരം ഉണ്ടാക്കിത്തരാനും കഴിയാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ എന്ന് അജയ് പറഞ്ഞതായും സത്യവാങ്മൂലത്തില്‍ പറയുന്നു.
പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചു ചോദിച്ചപ്പോള്‍ അയാള്‍ ഒഴിഞ്ഞുമാറുകയും അവ്യക്തമായ മറുപടികള്‍ നല്‍കുകയുമാണ് ചെയ്തതെന്ന് ഉത്സവ് ബെയിന്‍സ് പറയുന്നു.
ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അതിനു പുറകില്‍ മറ്റു ചിലരാണെന്നും വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും തനിക്ക് വിവരം ലഭിച്ചതായും ഉത്സവ് ബെയിന്‍സ് തന്റെ സത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു.