ലക്‌നൗ: പീഡന പരാതി നല്‍കാന്‍ വന്ന യുവതിയോട് മോശമായി പെരുമാറി ഉത്തര്‍പ്രദേശിലെ പൊലീസ്. പരാതി നല്‍കാന്‍ എത്തിയ യുവതിയോട് പൊലീസ് അപമര്യാദയായി പെരുമാറുന്ന വീഡിയോ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കുവച്ചു. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

പ്രിയങ്ക ഗാന്ധി പങ്കുവച്ച വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു കൂട്ടം ചെറുപ്പക്കാര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിക്കാരിയായ യുവതി പൊലീസിനോട് പറയുന്നത്. വിഷയത്തില്‍ ഇടപെട്ടപ്പോള്‍ സഹോദരനെ ഇവര്‍ ആക്രമിക്കുകയും ചെയ്തു എന്ന് പരാതിക്കാരി പറയുന്നു. എന്നാല്‍, പരാതിക്കാരിയെ ശ്രദ്ധിക്കാതെ പൊലീസ് ഉദ്യോഗസ്ഥന്‍ അലക്ഷ്യമായി ഇരിക്കുകയായിരുന്നു. പീഡനപ്പരാതി നല്‍കാനെത്തിയ യുവതിയോട് പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചതാകട്ടെ എന്തിനാണ് കൈകളില്‍ ഇത്രയധികം മോതിരങ്ങളും വളകളും ഇട്ടിരിക്കുന്നതെന്നും. ഇതാണ് പിന്നീട് വിവാദമായത്.

പരാതിക്കാരിക്ക് നീതി കിട്ടണമെങ്കില്‍ ആദ്യം യുവതിയെ കേള്‍ക്കുകയാണ് വേണ്ടിയിരുന്നതെന്ന് പൊലീസിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി പറഞ്ഞു. “പരാതി നല്‍കാന്‍ എത്തിയ യുവതിയെ പൊലീസ് കേട്ടത് ഇങ്ങനെയാണ്. ഒരു ഭാഗത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉത്തര്‍പ്രദേശില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. മറുവശത്ത് നീതി നടപ്പിലാക്കി കൊടുക്കേണ്ടവര്‍ പെരുമാറുന്നത് ഇങ്ങനെയും” പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook