മുംബൈ: ചർമത്തിൽ സ്പർശിക്കാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് ബോംബൈ ഹൈക്കോടതി. പന്ത്രണ്ടുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് പുഷ്പ ഗണേധിവാല അധ്യക്ഷയായ സിംഗിൾ ബെഞ്ചിന്റേതാണ് ഞെട്ടിക്കുന്ന നിരീക്ഷണം.
പോക്സോയ്ക്ക് കീഴിലുള്ള ലൈംഗികാതിക്രമം അഞ്ച് വർഷം വരെ കഠിന ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റമാണെന്നും എന്നാൽ പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്നതിന് വ്യക്തമായ തെളിവുകളും ഗുരുതരമായ ആരോപണങ്ങളും ആവശ്യമാണെന്നും കോടതി പറഞ്ഞു.
Read More: കളമശേരിയിലെ 17കാരന്റെ ആത്മഹത്യ: പൊലീസിനെതിരെ ആരോപണവുമായി കുടുംബം
പോക്സോ നിയമ പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങള്‍ സ്പര്‍ശിക്കാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി വിശദീകരിച്ചു. ആരോപണവിധേയനില്‍നിന്ന് പോക്‌സോ പ്രകാരമുള്ള കേസ് ഒഴിവാക്കാനും കോടതി നിര്‍ദേശിച്ചു. അതേസമയം, ഐപിസി 354യുടെ പരിധിയില്‍ ഉള്‍പ്പെടുമെന്നും ഇത് സ്ത്രീയുടെ അന്തസ്സിനെ ലംഘിക്കുന്നതാണെന്നും കോടതി വിശദീകരിച്ചു.
“മേൽപ്പറഞ്ഞ പശ്ചാത്തലത്തിൽ, പോക്സോ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം ആരോപണ വിധേയനെ കുറ്റവിമുക്തനാക്കുകയും ഐപിസിയുടെ 354-ാം വകുപ്പ് പ്രകാരം ശിക്ഷിക്കുകയും ചെയ്യുന്നു”വെന്ന് ജഡ്ജി പറഞ്ഞു. ഈ വകുപ്പ് പ്രകാരമുള്ള പരമാവധി ശിക്ഷ അഞ്ച് വർഷവും കുറഞ്ഞത് ഒരു വർഷവുമാണ്.
“പ്രതി പെൺകുട്ടിയുടെ വസ്ത്രം നീക്കി നെഞ്ചിൽ അമർത്തിയെന്നത് പ്രോസിക്യൂഷൻ കേസല്ല. അതിനാൽ, നേരിട്ട് ശാരീരിക ബന്ധമൊന്നുമില്ല, ലൈംഗിക ഉദ്ദേശ്യത്തോടെ തൊലിപ്പുറത്ത് സ്പർശിച്ചതാണെന്നും വ്യക്തമല്ല,” ജസ്റ്റിസ് പറഞ്ഞു.
പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി പെൺകുട്ടിയെ ഉപദ്രവിച്ചുവെന്നാണ് കേസ്. പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് പ്രതി അറസ്റ്റിലായത്. ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.