scorecardresearch

ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ട് പരാതിക്കാരി

ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് പറഞ്ഞാണ് മൂന്നംഗ അന്വേഷണ കമ്മിറ്റി തിങ്കളാഴ്ച പരാതി തള്ളിയത്

Ranjan Gogoi, Supreme Court
Chief Justice Ranjan Gogoi

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി തനിക്ക് ലഭിക്കണമെന്ന് പരാതിക്കാരി. സുപ്രീം കോടതിയിലെ ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അറിയാന്‍ പരാതിക്കാരിയായ തനിക്ക് അവകാശമുണ്ടെന്ന് യുവതി വാദിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കാത്തത് നീതി നിഷേധമാണെന്ന് പരാതിക്കാരി അവകാശപ്പെട്ടു. ചീഫ് ജസ്റ്റിസിനെതിരായ പരാതി നിലനില്‍ക്കില്ലെന്ന് പറഞ്ഞാണ് മൂന്നംഗ അന്വേഷണ സമിതി സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി നല്‍കിയ ലൈംഗികാരോപണ പരാതി തള്ളിയത്. ഇതിനെതിരെ ഇന്ന് സുപ്രീം കോടതിയില്‍ പ്രതിഷേധ പ്രകടനമുണ്ടായി.

Read More: പീഡന പരാതിയില്‍ ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ്; സുപ്രീം കോടതിക്ക് പുറത്ത് പ്രതിഷേധം

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിക്കെതിരായ ലൈംഗികാരോപണ പരാതി ആഭ്യന്തര അന്വേഷണ സമിതി തളളിയതിനെതിരെ സുപ്രീം കോടതിക്ക് പുറത്ത് വച്ചാണ് പ്രതിഷേധമുണ്ടായത്. വനിതാ അഭിഭാഷകരും ചില സന്നദ്ധ സംഘടനകളിലെ വനിതകളും കോടതിക്ക് പുറത്ത് പ്ലക്കാര്‍ഡുകളേന്തി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. ചില പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അസാരാണ സംഭവങ്ങളെ തുടർന്ന് സുപ്രീം കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് പറഞ്ഞാണ് മൂന്നംഗ അന്വേഷണ കമ്മിറ്റി തിങ്കളാഴ്ച പരാതി തള്ളിയത്. ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ കമ്മിറ്റിയില്‍ വനിതാ ജഡ്ജിമാരായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരുമുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കഴിഞ്ഞ ബുധനാഴ്ച ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്‍പാകെ ഹാജരായിരുന്നു. ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്നും അന്വേഷണ സമിതി വ്യക്തമാക്കിയിട്ടുണ്ട്.

Read More: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതി തള്ളി; നീതിയിലുള്ള വിശ്വാസം തകർന്നെന്ന് പരാതിക്കാരി

ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയത് തന്നെ അതിയായി വേദനിപ്പിച്ചെന്നും ദുഃഖിതയാണെന്നും പരാതിക്കാരി പ്രതികരിച്ചു. എല്ലാ തെളിവുകളും സമര്‍പ്പിച്ചിട്ടും സമിതി തനിക്ക് നീതി നേടി തരാത്തതില്‍ ഭയമുണ്ടെന്നും താനും കുടുംബവും അനുഭവിച്ച അപമാനവും സസ്‌പെന്‍ഷനും ഡിസ്മിസലുകളിലുമൊന്നും പറയാത്തതും തന്നെ വേദനിപ്പിച്ചെന്നും അവര്‍ പറഞ്ഞു.

സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. യുവതിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്വേഷണ സമിതി ചൂണ്ടിക്കാട്ടി. അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് പരാതിക്കാരി നേരത്തെ തന്നെ അന്വേഷണവുമായി സഹകരിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. പരാതിക്കാരി പിന്മാറിയെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാൻ മൂന്നംഗ സമിതി തീരുമാനിക്കുകയായിരുന്നു. തനിക്കൊപ്പം ഒരു സഹായിയെയോ അഭിഭാഷകനെയോ അനുവദിക്കാൻ അന്വേഷണ സമിതിയിലെ അംഗങ്ങൾ വിസമ്മതിച്ചതാണ് അന്വേഷണവുമായി സഹകരിക്കില്ലെന്ന നിലപാടിലേക്ക് പരാതിക്കാരിയെ എത്തിച്ചത്. അന്വേഷണ സമിതി ഇതിനെ ലെെംഗിക ആരോപണ കേസായി കാണാതെ സാധാരണ കേസായി പരിഗണിക്കുന്നു എന്ന വിമർശനവും പരാതിക്കാരി ഉയർത്തിയിരുന്നു.

Read More: ജുഡീഷ്യറി വലിയ ഭീഷണി നേരിടുന്നു: ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്

2018 ഒക്ടോബര്‍ 10,11 ദിവസങ്ങളിലാണ് ചീഫ് ജസ്റ്റിസില്‍ നിന്ന് തനിക്ക് ദുരനുഭവമുണ്ടായതായി പരാതിക്കാരി 28 പേജുള്ള പരാതിയില്‍ പറയുന്നത്. വീട്ടിലെ ഓഫീസില്‍ വച്ച് അപമര്യാദയായി ദേഹത്ത് സ്പര്‍ശിച്ചു എന്നായിരുന്നു ആരോപണം.

അതേസമയം, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ഗൂഢാലോചന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസിനെതിരെ വ്യാജ കേസ് ചുമത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ചുള്ള അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സിന്റെ സത്യവാങ്മൂലം പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

Stay updated with the latest news headlines and all the latest National news download Indian Express Malayalam App.

Web Title: Sexual allegation against cji accused women demands clean chit report copy