ന്യൂഡല്‍ഹി: വിവാഹബന്ധത്തിലെ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. വിഷയത്തെ സംബന്ധിച്ച് പാര്‍ലമെന്റിലെ നീണ്ടകാലത്തെ സംവാദത്തിനുംശേഷമാണ് സുപ്രീംകോടതിയുടെ വിധി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ബലാത്സംഗത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന 375ാം വകുപ്പില്‍ 15നു വയസ്സിനു മുകളിലുള്ള ഭാര്യയുമായി ഒരു വ്യക്തി നടത്തുന്ന നിര്‍ബന്ധിത ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് കോടതി നീരീക്ഷിച്ചു. ഭാര്യയുടെ വയസ്സ് 15നു 18നും ഇടയിലാണെങ്കില്‍ ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന് കോടതി നീരീക്ഷിച്ചു.

വിവാഹത്തിനുശേഷമുള്ള ലൈംഗിക പീഡനത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ഏറെ നാളായി സംവാദം നടന്നിരുന്നു. ഇത്തരം പീഡനങ്ങള്‍ ബലാത്സംഗമായി കരുതാന്‍ കഴിയില്ലെന്നാണ് പാര്‍ലമെന്റ് അറിയിച്ചത്. ഇക്കാരണത്താല്‍ വിവാഹത്തിനു ശേഷം ഒരു വ്യക്തിയുടെ സമ്മതത്തോടെയല്ലാതെ നടക്കുന്ന ലൈംഗീക ബന്ധം ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എംബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവര്‍ നിരീക്ഷിച്ചു.

അതേസമയം നിര്‍ബന്ധിത ലൈംഗിക ബന്ധങ്ങളില്‍ നിന്ന് 15നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ പാര്‍ലമെന്റ് എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ എന്നും ഭര്‍ത്താവിന്റെ ലൈംഗീക ചൂഷണത്തിനിരയാകുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ കോടതി ഇടപെടേണ്ടതുണ്ടോ എന്നും സുപ്രീം കോടതി ആരാഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ