അടുത്തിടെ മുംബൈ പോലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ഒരു ട്വീറ്റായിരുന്നു ‘കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തില്‍ ലിംഗ വേര്‍തിരിവില്ല, പിന്നെന്തുകൊണ്ടാണ് എല്ലാ കുട്ടികളോടും ഇതേക്കുറിച്ച് സംസാരിക്കാത്തത്?’ എന്ന്. ‘കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പകുതിയിലധികം ഇരയാക്കപ്പെടുന്നത് ആണ്‍കുട്ടികളാണ്’ എന്ന തലക്കുറിയോടെ പോസ്റ്റ് ചെയ്‌തൊരു ഫോട്ടോയും കൂടെ ചേര്‍ത്തിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മുംബൈ നഗരത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ജൂലൈ അവസാന ആഴ്ചയില്‍ രെജിസ്റ്റര്‍ ചെയ്തതായിരുന്നു ആദ്യ കേസ്. ഇതില്‍ 10ഉം 13ഉം പ്രായം വരുന്ന രണ്ട് ആണ്‍കുട്ടികള്‍ ജൂലൈ 12ന്, ശീതള പാനീയത്തില്‍ എലിവിഷം ചേര്‍ത്ത് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. രണ്ടു പേരുടേയും ജീവന്‍ രക്ഷിക്കാനായില്ല. ഇവരില്‍ ഒരാള്‍, ഇരുവരും തങ്ങള്‍ ലൈംഗിക ചൂഷണത്തിന് വിധേയരായ കാര്യം അമ്മയോട് തുറന്നു പറഞ്ഞു. ആരോപണ വിധേയനായ ആളെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

കുട്ടിയുടെ അച്ഛന്‍ പറയുന്നത് ‘കുട്ടികളുടെ ഭാവിയെക്കുറിച്ചോര്‍ത്തും കുടുംബം കേള്‍ക്കേണ്ടി വരുന്ന പഴിയോര്‍ത്തും പലരും ഇത്തരം അതിക്രമങ്ങളെപ്പറ്റി തുറന്നു പറയാന്‍ തയ്യാറാകുന്നില്ല. പക്ഷെ, ഞാനിതിനെക്കുറിച്ച് പറയാന്‍ തീരുമാനിച്ചു. അല്ലാത്ത പക്ഷം കുറ്റവാളികള്‍ ഇനിയും ഈ തെറ്റ് ആവര്‍ത്തിക്കും. എന്റെ മകന്‍ സുരക്ഷിതനല്ലായിരുന്നു എന്ന് നേരത്തേ തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല. സാധാരണയായി രക്ഷിതാക്കള്‍ തങ്ങളുടെ പെണ്‍മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കും. പക്ഷെ ഞങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ഒരു രക്ഷിതാവും തങ്ങളുടെ ആണ്‍കുട്ടികളെ ഇപ്പോള്‍ തനിച്ച് പുറത്തേക്കയക്കാറില്ല. ആരും സുരക്ഷിതരല്ല.’

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്, കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് പേടിച്ച് രക്ഷിതാക്കള്‍ ഇത്തരം സംഭവങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ്. തങ്ങളുടെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്, കൂട്ടുകെട്ടുകളില്‍ തന്നെ ആണ്‍കുട്ടികള്‍ക്കിടയില്‍ ലൈംഗിക ബന്ധം നടക്കുന്നുണ്ടെന്നാണ്. പലതും പരസ്പര സമ്മതത്തോടെയാണ്. പക്ഷെ പല കേസുകളിലും പെണ്‍കുട്ടികളെ കിട്ടാതെ വരുമ്പോള്‍ മുതിര്‍ന്ന ആണ്‍കുട്ടികള്‍ ചെറിയ ആണ്‍കുട്ടികളെ ലക്ഷ്യമിടുകയാണ്. മിക്കപ്പോഴും അവരീ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ഇരയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ അവര്‍ക്കിടയില്‍ തന്നെ പ്രചരിപ്പിക്കുകയും കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയുമാണ്.’

അന്ധേരിയില്‍ സംഭവിച്ചതും ഇതു തന്നെയായിരുന്നു. 16 വയസുള്ള ആണ്‍കുട്ടിയെ ഒരുവര്‍ഷത്തോളമായി 15 പേര്‍ ചേര്‍ന്നു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്താനായി പീഡനത്തിന്റെ ദൃശ്യങ്ങളും ഇവര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. മറ്റൊരു കേസ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ആഗ്നെലോ വാള്‍ഡാറിസ് എന്ന യുവാവിന്റേതാണ്. ആഗ്നെലോയോടും ഇയാളുടെ മൂന്നു സുഹൃത്തുക്കളോടും നഗ്നരാകാന്‍ ആവശ്യപ്പെടുകയും മൂന്നു ദിവസത്തോളം പരസ്പരം ഓറല്‍ സെക്‌സ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ആരോപണം.

സര്‍ക്കാര്‍ ആശുപത്രികളിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് ആണ്‍കുട്ടികള്‍ നിരന്തരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നുണ്ടെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറവാണെന്നാണ്. സംഭവം സമൂഹത്തിലറിഞ്ഞാല്‍ ആണ്‍കുട്ടിയുടെ ‘പുരുഷത്വ’ത്തിന് വെല്ലുവിളിയാകുമെന്ന ഭയമാണ് കുടുംബങ്ങളെ ഇത് രഹസ്യമാക്കിവയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. ‘2016ല്‍ കൗണ്‍സിലിങിനായി ഞങ്ങളുടെ അടുത്തെത്തിയ മൂന്നു കേസുകളില്‍ രണ്ടെണ്ണം പോലീസ് പറഞ്ഞുവിട്ടതാണ്. രക്ഷിതാക്കളാണ് കുട്ടികളുമായി വരുന്നതെങ്കില്‍, കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പറയുന്ന നിമിഷം തന്നെ അവര്‍ സ്ഥലം കാലിയാക്കുന്നു.’ കെഇഎം ആശുപത്രിയിലെ മനശാസ്ത്ര വിഭാഗത്തിന്റെ മേധാവി ശുഭാംഗി പാര്‍കര്‍ പറയുന്നു.

2016ല്‍ സതാര ബോര്‍ഡിംഗ് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്ന മിടുക്കനായൊരു വിദ്യാര്‍ത്ഥി തീര്‍ത്തും അപ്രതീക്ഷിതമായി പരീക്ഷകളില്‍ പരാജയപ്പെട്ടു. കുട്ടി വീട്ടിലുള്ളവരോടും അകല്‍ച്ച കാണിക്കുന്നതായി ശ്രദ്ധിച്ചതോടെയാണ് അമ്മ അവനെ കൗണ്‍സിലിംഗിന് കൊണ്ടുവന്നത്. കൗണ്‍സിലറോട് കുട്ടി പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. സ്‌കൂള്‍ വാര്‍ഡനാണ് കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. സംഭവം നടന്ന് 35 ദിവസങ്ങള്‍ക്ക് ശേഷമാണിത് പുറത്തു വരുന്നത്. ‘പല കേസുകളിലും കുട്ടികള്‍ രോഷം മറച്ചുവയ്ക്കുകയാണ്. ആരോടും പങ്കുവയ്ക്കുന്നില്ല. പിന്നീട് മുതിര്‍ന്നതിന് ശേഷം ഇവര്‍ മറ്റ് ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യും.’ സൈക്യാട്രിസ്റ്റായ സാഗര്‍ മുണ്ഡാട പറയുന്നു.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തരും പറയുന്നത് ആണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുമ്പോള്‍ സംഭവം തുറന്നു പറയാന്‍ തയ്യാറാകുന്നില്ലെന്നാണ്. പലപ്പോഴും ഇത് മുതിര്‍ന്ന കുട്ടികള്‍ മറ്റു കുട്ടികളോട് തല്ലുകൂടുകയും പിന്നീട് അത് ലൈംഗികാതിക്രമത്തിലേക്ക് എത്തുകയുമാണ്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം മൂലം പല കേസുകളിലും ഇത് ലൈംഗി ചൂഷണമാണെന്ന് ഇര തിരിച്ചറിയുന്നത് വൈകിയായിരിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകയായ വിജയ് ഡോയ്‌ഫോഡെ പറയുന്നു.

സാധാരണ നിലയിലേക്ക് തങ്ങള്‍ തിരിച്ചു വന്നാലും സ്‌കൂളിലെ മറ്റുകുട്ടികള്‍ തങ്ങളെ ഒറ്റപ്പെടുത്തുകയും മറ്റൊരു കണ്ണിലൂടെ നോക്കുകയും ചെയ്യുമോയെന്ന് ഇരയാക്കപ്പെട്ട കുട്ടികള്‍ ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളില്‍ ആവശ്യത്തിനുള്ള കൗണ്‍സിലിംഗ് ലഭിക്കാത്തതും മാതാപിതാക്കളോട് ഇത്തരം കാര്യങ്ങള്‍ തുറന്നു പറയാനാകാത്തതും വലിയ പ്രശ്‌നമാണ്. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലും, ഷെര്‍ട്ടര്‍ ഹോമുകളിലും, ജുവനൈല്‍ ജസ്റ്റിസ് ഹോമുകളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറയുന്നു

ആണ്‍കുട്ടികളെ പോണോഗ്രാഫിയിലേക്ക് വലിച്ചിടുന്നതില്‍ ആഗോളവത്കരണത്തിന് വലിയൊരു പങ്കുണ്ടെന്ന് മനശാസ്ത്രജ്ഞന്‍ ഹരീഷ് ഷെട്ടി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് തന്റെ ക്ലിനിക്കില്‍ കൗണ്‍സിലിംഗിനായി എത്തുന്ന കുട്ടികളുടെ എണ്ണം 300 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇന്റര്‍നെറ്റ് വഴി ലഭിക്കുന്ന തെറ്റായ അറിവുകള്‍ കുട്ടികളെ അപടത്തില്‍ പെടുത്തുന്നുണ്ട്. കുട്ടികളിൽ നിരവധി തെറ്റിദ്ധാരണകളാണ് ഇത് സൃഷ്ടിക്കുന്നത്. കുറേ നാളുകള്‍ക്ക് ശേഷമാണ് പലരും തങ്ങള്‍ക്ക് സംഭവിച്ചതെന്താണെന്ന് തിരിച്ചറിയുന്നതു പോലും. അദ്ദേഹം പറയുന്നു.

‘മൂന്നു മാസം മുമ്പാണ് 26 വയസുള്ളൊരു യുവാവ് എന്നെ കാണാനെത്തിയത്. ഭാര്യയുമായുള്ള ലൈംഗിക ജീവിതത്തിലെ പ്രശ്‌നങ്ങളായിരുന്നു.’ പറയുന്നത് ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലെ സീനിയര്‍ സൈക്യാട്രിസ്റ്റ് ഡോ. പരുള്‍ തങ്ക്. ‘എട്ടാമത്തെ വയസില്‍ ഈ യുവാവ് തന്റെ അമ്മാവന്റെ പക്കല്‍ നിന്നും ലൈംഗിക ചൂഷണത്തിന് വിധേയനായിട്ടുണ്ട്. പിന്നീട് 10 വയസില്‍ ഹോസ്റ്റലിലെ മറ്റ് ആണ്‍കുട്ടികളും അദ്ദേഹത്തെ ഉപദ്രവിച്ചിട്ടുണ്ട്.’ അതേക്കുറിച്ചോ ഇപ്പോള്‍ താന്‍ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ചോ ഈ യുവാവ് തന്റെ ഭാര്യയോട് സംസാരിച്ചിട്ടില്ലെന്ന് തങ്ക് പറയുന്നു.

ജുവനൈല്‍ ജസ്റ്റിസ് ഹോമുകളില്‍ നടക്കുന്ന ചൂഷണങ്ങള്‍ പലപ്പോഴും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. 2015ല്‍ 17 വയസുള്ള ഒരാണ്‍കുട്ടി മതുംഗയിലെ ഡേവിഡ് സാസൂണ്‍ സ്‌പെഷ്യല്‍ ഹോമില്‍ നിന്ന് ശാരീരികമായി ഉപദ്രവിക്കപ്പെട്ടിരുന്നു. പരിക്കുകളില്‍ നിന്നും വിമുക്തനായ ശേഷമാണ്, അവിടെയുണ്ടായിരുന്ന മുതിര്‍ന്ന കുട്ടികള്‍ തന്നെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ കാര്യം കുട്ടി വീട്ടുകാരോട് തുറന്നു പറയുന്നത്. 2016ല്‍ 17 വയസു പ്രായമുള്ള മറ്റൊരു ആണ്‍കുട്ടി രണ്ടു തവണയാണ് ഇവിടെവച്ച് ചൂഷണത്തിന് വിധേയനായത്. ഇക്കാര്യത്തെക്കുറിച്ച് കുട്ടി പ്രൊബേഷന്‍ ഓഫീസറോട് സംസാരിക്കുകയും അദ്ദേഹം ശിവാജി പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ പരാതി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഈ വര്‍ഷവും ദോംഗ്രി ഒബ്‌സെര്‍വേഷന്‍ ഹോമിലെ 14 വയസായ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അവിടെയുള്ള നാലു ആണ്‍കുട്ടികള്‍ക്കെതിരെ പോലീസ് പരാതി രെജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു എന്‍ജിഒ ഹോമില്‍ നടത്തിയ സെമിനാറിനു ശേഷമാണ് കുട്ടി ഇക്കാര്യം സാമൂഹിക പ്രവര്‍ത്തകരോട് തുറന്നു പറയാന്‍ ധൈര്യം കാണിച്ചത്. ഇത്തരം സ്‌പെഷ്യല്‍ ഹോമുകളില്‍ ആവശ്യത്തിനുള്ള ജീവനക്കാരുടെ എണ്ണം കുറവാണെന്നും, ഇത്തരം കേസുകള്‍ വരുന്ന സമയത്ത് തങ്ങളുടെ സുരക്ഷയെക്കുറിച്ചോര്‍ത്ത് ജീവനക്കാര്‍ പലപ്പോഴും സംഭവങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നും സ്‌പെഷ്യല്‍ ഹോമിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook