scorecardresearch
Latest News

ലൈംഗിക അതിക്രമത്തിനെതിരായ വത്തിക്കാൻ ഉച്ചകോടി വിഷയത്തെ അഭിമുഖീകരിക്കുന്നില്ല; പോപ്പിന്റെ മറുപടി കാത്ത് വിശ്വാസികൾ

ഉച്ചകോടിയുടെ രണ്ടാം ദിവസം ഗൗരവമായ ചർച്ചകൾ നടന്നെങ്കിലും, വത്തിക്കാനിൽ വന്നെത്തിയ വിശ്വാസികൾ ഉച്ചകോടിയുടെ പുരോഗതിയിൽ തൃപ്തരല്ലായിരുന്നു

ലൈംഗിക അതിക്രമത്തിനെതിരായ വത്തിക്കാൻ ഉച്ചകോടി വിഷയത്തെ അഭിമുഖീകരിക്കുന്നില്ല; പോപ്പിന്റെ മറുപടി കാത്ത് വിശ്വാസികൾ

വത്തിക്കാനിൽ പോപ് വിളിച്ചുചേർത്ത ലൈംഗിക അതിക്രമത്തിനെതിരെയുള്ള ഉച്ചകോടി പുരോഗമിക്കുമ്പോൾ, ഗൗരവതരമായ ചർച്ചകളും സംവാദങ്ങളും, പ്രതിഷേധങ്ങളും ഉയർന്നൊരു ദിവസമാണ് കടന്നു പോയത്. “കാത്തോലിക് ദേവാലയങ്ങളിൽ ഉത്തരവാദിത്വത്തിന്റെ പുതിയ സംസ്‌കാരം” എന്നതായിരുന്നു രണ്ടാം ദിവസത്തിലെ ചർച്ചയുടെ പ്രധാന ആശയം. പോപിന്റെ ക്യാബിനറ്റ് അംഗവും, ഉച്ചകോടിയുടെ മുഖ്യ സംഘാടകരിൽ ഒരാളുമായ, ഇന്ത്യയുടെ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ആണ് രണ്ടാം ദിവസത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിച്ചത്.

Read: നീതിക്കായുള്ള കുട്ടികളുടെ നിലവിളി സഭ കേള്‍ക്കാതിരിക്കരുത്: മാര്‍പാപ്പ

സഭ കരുതുന്നത് പോലെ പാശ്ചാത്യ രാജ്യങ്ങളിൽ മാത്രമല്ല ഇത്തരം അതിക്രമങ്ങൾ നടക്കുന്നതെന്നും, മറിച്ചു ഇതൊരു ആഗോള പ്രതിഭാസമാണെന്നും, സഭ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ഇതിനെതിരെ പോരാടണമെന്ന് അദ്ദേഹം സദസിനെ അഭിസംബോധന ചെയ്തു പറഞ്ഞു. “ഒരു ഉത്തരം കണ്ടെത്തുക എന്നത് പെട്ടെന്ന് ഉറച്ചൊരു പരിഹാരം കണ്ടുപിടിക്കലല്ല. പക്ഷേ ഇതിനു ഉറച്ച പ്രവർത്തനങ്ങൾ വേണം, സ്വന്തം തെറ്റ് സമ്മതിച്ചു, കഴിയുമെങ്കിൽ സിവിൽ തലത്തിൽ തന്നെ അവയെ നേരിടാൻ നമ്മൾ തയാറാകണം. സഭ ലോകത്തിൽ നിന്ന് വിട്ടുമാറി അല്ല നിലനിൽക്കുന്നതെന്നും, സഭ ലോകത്തിന്റെയും, മനുഷ്യരുടെയും ഭാഗമാണെന്നും, അതിനാൽ തന്നെ ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ സഭയോട് സമാധാനം പറയേണ്ടതുപോലെ തന്നെ പ്രധാനമാണ് പൊതുസംവിധാനങ്ങളോടും സമാധാനം പറയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ കർദിനാളിനു പിന്നാലെ സദസിനെ അഭിസംബോധന ചെയ്തത് കർദിനാൾ ബ്ലാസ് ക്യൂപിക് ആണ്. വൈദികരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും, പുതിയ നിയമ നടപടികളുടെ ആവശ്യകതയെ കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. ഉയർന്ന പദവിയിൽ ഇരിക്കുന്ന വൈദികർ കാണിക്കുന്ന തെറ്റുകൾക്കായി പ്രത്യേക നിയമനടപടികൾ ഉണ്ടാകണമെന്നും, കഴിയുമെങ്കിൽ പുരോഹിത വിഭാഗത്തിൽ പെടാത്ത വിദഗ്‌ധരിൽനിന്നും സഹായം അഭ്യർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് അദ്ദേഹം തന്റെ “മെട്രോപൊളിറ്റൻ മാതൃക” സഭയെ കേൾപ്പിക്കുകയുണ്ടായി. ഒരു പ്രദേശത്തെ ബിഷപ്പുമാരുടെ ചുമതലയുള്ള മെട്രോപൊളിറ്റൻ ബിഷപ്പിനാകണം ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ളവർ ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കാനുള്ള ചുമതല നൽകേണ്ടത്. ഇതിനായി പുരോഹിതരല്ലാത്തവരുടെയും സഹായം അദ്ദേഹത്തിന് നേടാം. ഇതേ തുടർന്നു ലഭിക്കുന്ന വിവരങ്ങൾ അദ്ദേഹം വത്തിക്കാനേ അറിയിക്കണം എന്നതായിരുന്നു കർദിനാളിന്റെ അഭിപ്രായം.

Read More: ലൈംഗികാതിക്രമത്തിനെതിരായ വത്തിക്കാന്‍ ഉച്ചകോടി നല്ലത്, പക്ഷേ ഇവിടെ മാറ്റമുണ്ടാകുമോ?

എന്നാൽ കർദിനാളിന്റെ ഈ മാതൃകയോട് രണ്ടു രീതിയിലുള്ള പ്രതികരണങ്ങൾ ഉയർന്നത്. ബിഷപ് അക്കൗണ്ടബിലിറ്റിയുടെ സ്ഥാപകയായ ആനിയുടെ അഭിപ്രായത്തിൽ “അദ്ദേഹത്തിന്റെ നിലപാടിന്‍റെ ദൃഢതയെ ഞാൻ അനുമോദിക്കുന്നു. പരാതികൾ ഉള്ള എല്ലാവർക്കും എത്തിച്ചേരാൻ കഴിയുന്ന വിധം ഒരു “ഹോട്ട് ലൈൻ” എന്ന ആശയം ഇത്തരം ആക്രമണങ്ങൾക്കെതിരെ സംസാരിക്കാൻ പ്രേരിപ്പിക്കും”. ഇതു വഴി ഇത്തരം അതിക്രമങ്ങൾ കാണിക്കുന്ന ബിഷപ്പുമാരെ കുറിച്ച് ഉന്നത വൃത്തങ്ങൾക്ക് വളരെ വേഗം അറിയാൻ സാധിക്കുന്നത് നല്ല കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ അതിജീവിച്ചവരിൽ ചിലർ ചൂണ്ടിക്കാണിക്കുന്ന ഉദാഹരണം പുരോഹിതപ്പട്ടം മാറ്റപ്പെട്ട തിയോഡോർ മക്കറിക്കിന്റെയാണ്. അവസാനമായി നടന്ന ലൈംഗികാതിക്രമ കോൺഫെറൻസിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് എതിരെ സഭയിൽ മാറ്റങ്ങൾ വരുത്തുമെന്ന് വാക്ക് നൽകിയ വ്യക്തിയാണ് തിയോഡോർ. അദ്ദേഹത്തെ പോലൊരു ഉന്നതന്, ഇത് കാണിക്കാമെങ്കിൽ, കർദിനാൾ പറഞ്ഞ മെട്രോപൊളിറ്റൻ ബിഷപ്പിനു എന്തുകൊണ്ട് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടുകൂടാ? അങ്ങനെ ആണെങ്കിൽ അദ്ദേഹത്തെ ആര് നിരീക്ഷിക്കും? ഇവയൊക്കെയാണ് അവർ ഉയർത്തുന്ന ചോദ്യങ്ങൾ.

Read More: ലൈംഗിക അതിക്രമങ്ങൾക്കെതിരെയുളള പോപ്പിന്റെ ഉച്ചകോടിക്ക് തുടക്കം, അറിയേണ്ടതെല്ലാം

രണ്ടാം ദിവസത്തെ മറ്റൊരു പ്രധാനപ്പെട്ട സംഭവം പുരോഹിതയല്ലാത്ത ഒരു സ്ത്രീ സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു എന്നുള്ളതാണ്. ഇറ്റാലിയൻ പ്രൊഫസറായ ലിൻഡ ഗിസോണി, സഭയ്ക്കുളിലെ ലൈംഗികാതിക്രമങ്ങൾക്ക് എതിരെയുള്ള പ്രവർത്തനങ്ങളിൽ എങ്ങനെ പുരോഹിത വൃന്ദത്തിൽ ഉൾപ്പെടാത്തവരെ കൂടെ ഉൾകൊള്ളിക്കാമെന്നതിനെ കുറിച്ചു സംസാരിക്കുകയുണ്ടായി. “ഒരു പ്രതിഭാസത്തെക്കുറിച്ചു അറിവുണ്ടാകുകയും, ഒരാൾക്ക് അതിനോടുള്ള ഉത്തരവാദിത്വത്തെ പറ്റിയുള്ള തിരിച്ചറിവുമല്ല ആ പ്രശ്നത്തിന്റെ പരിഹാരം. ചില സാമൂഹിക ആവശ്യങ്ങൾ നിറവേറ്റാനുള്ള വെറും ജിജ്ഞാസയുടെ പുറത്തുള്ള നടപടി അല്ല വേണ്ടത്, മറിച്ചു, ത്രിത്വത്തിൽ സ്ഥാപിക്കപ്പെട്ട നിഗൂഢതകൾ നിറഞ്ഞ സഭ എന്ന കൂട്ടായ്മയുടെ സത്യം പുറത്തു കൊണ്ടുവരാനുള്ള ആവശ്യകത കൂടെയാണ്” എന്നവർ പറഞ്ഞു. വൈദികർ പറയുന്നത് അനുസരിക്കുക മാത്രമല്ല വിശ്വാസികളുടെ കടമ. സഭയിലുള്ളവർക്കോ ബിഷപ്പുമാർക്കോ ഇതിൽ ഏകപക്ഷീയമായി ഒരു തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും, വിശ്വാസികളുടെ സഹായവും വേണ്ടിവരുമെന്നും അവർ പറഞ്ഞു. സാധാരണക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് തന്നെ ഇത് നടത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അവർ ആറു ആശയങ്ങൾ മുന്നോട്ട് വയ്ക്കുകയുണ്ടായി. അന്യായമായ രഹസ്യസ്വഭാവവും, നിയന്ത്രണമില്ലാത്ത വെളിപ്പെടുത്തലുകളും ആവശ്യമില്ലാത്ത ഫലങ്ങൾ ഉണ്ടാക്കുമെന്നും, അത് സത്യത്തിലേക്ക് ആരെയും നയിക്കില്ലായെന്നും അവർ പറഞ്ഞു.


(കടപ്പാട്: യൂട്യൂബ്)

ഉച്ചകോടിയുടെ രണ്ടാം ദിവസം ഗൗരവമായ ചർച്ചകൾ നടന്നെങ്കിലും, വത്തിക്കാനിൽ വന്നെത്തിയ വിശ്വാസികൾ ഉച്ചകോടിയുടെ പുരോഗതിയിൽ തൃപ്തരല്ലായിരുന്നു. ഒരു വിഷയത്തിന്റെ പല കോണുകളിൽ നിന്നും ഓരോ ദിവസവും വീക്ഷിക്കുന്നതല്ലാതെ അടിസ്ഥാനപരമായ പ്രശ്നം ഉച്ചകോടി ഇതുവരെ അഭിസംബോധന ചെയ്തിട്ടില്ല എന്നാണ് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നത്‌. അത്തരമൊരു ചർച്ചയുണ്ടായാൽ മാത്രമേ ഒരു പരിഹാരത്തിന്റെ സൂചനയെങ്കിലും ലഭിക്കുകയുള്ളൂ എന്നും അവർ പറഞ്ഞു. ലൈംഗികാതിക്രമം എന്ന പ്രശ്‌നത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്നും, അതിൽ കുട്ടികൾ മാത്രമല്ല സ്ത്രീകളും, കന്യാസ്ത്രീകളും ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നും, അവർക്കൊക്കെ നീതി ലഭിക്കേണ്ടത് അത്യാവശ്യമല്ലേയെന്ന് അവർ ചോദിക്കുന്നു.

Read More: ‘ഞങ്ങൾ നീതി പുലർത്തിയില്ല’ ഒടുവില്‍ സഭാനേതൃത്വം മാപ്പ് പറയുന്നു

പോപ് ഫ്രാൻസിസ് തന്റെ മുഖം രക്ഷിക്കാൻ ആണ് ഒരു ലക്ഷ്യവുമില്ലാത്ത ഇത്തരമൊരു ഉച്ചകോടി വിളിച്ചുകൂട്ടിയതെന്നും ചിലർ അവകാശപ്പെടുന്നു. ഈ ആരോപണത്തിനെ ശരിവയ്ക്കുന്ന തരത്തിലൊരു വാർത്ത പോപിന്റെ ജന്മനാടായ അർജന്റീനയിൽ നിന്നും ഇന്നലെ എത്തിയിരുന്നു. വത്തിക്കാനിൽ ഉണ്ടായിരുന്ന, ലൈംഗിക അതിക്രമ ആരോപണം നേരിട്ട് പുറത്തു കഴിയുന്ന, ബിഷപ് ഗുസ്റ്റോവ് സാഞ്ചെയുടെ ചില വിവാദപരമായ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി. ഇദ്ദേഹത്തിനെതിരെ വത്തിക്കാന്റെ ഉള്ളിൽ നിന്നും ഉൾപ്പെടെ, ലൈംഗികാതിക്രമ പരാതികൾ ഉയർന്നിരുന്നു. 2015 ആരോപണം നേരിട്ട ഗുസ്റ്റോവിനെ പോപ് 2017-ൽ വത്തിക്കാനിൽ നിയമിക്കുകയുണ്ടായി. അദ്ദേഹത്തിന് എതിരെയുള്ള ആരോപണം നിലനിൽക്കെയാണ് പോപ് ഈ പ്രവൃത്തി ചെയ്തതിനാൽ വത്തിക്കാനും ഈ വിഷയത്തിൽ പങ്കുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഇത് കൂടാതെ പല സന്ദർഭങ്ങളിലായി യുഎസിലും, സൗത്ത് അമേരിക്കയിലും, യൂറോപ്പിലും, ഏറ്റവും ഒടുവിൽ ചിലിയിലും പോപ് ഇത്തരം മറച്ചുവയ്ക്കലുകൾക്ക് കൂട്ടുനിന്നിട്ടുണ്ടെന്നാണ് ഒരു കൂട്ടർ പറയുന്നത്. ഈ ആരോപണങ്ങളിൽ നിന്നെല്ലാം മുഖം രക്ഷിക്കാനും, ശ്രദ്ധ തിരിക്കാനുമാണ് ഇത്തരമൊരു ഉച്ചകോടി എന്നവര്‍ വാദിക്കുന്നു.

ഇതു കൂടാതെ സഭയ്ക്കുളിലെ സ്വവർഗ പ്രേമികളുടെ സാന്നിധ്യത്തെ എന്തുകൊണ്ട് സഭ അംഗീകരിക്കുന്നില്ല, ഇത്തരം ചൂഷണങ്ങൾ ഒരുപക്ഷേ അത്തരമൊരു സാന്നിധ്യത്തിന്റെ കൂടെ ഫലമാകില്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ വത്തിക്കാന്റെ ലൈംഗികാതിക്രമ കേസുകൾ അന്വേഷിക്കുന്ന മെത്രാപ്പൊലീത്തയോട് സ്വവർഗ പ്രേമികളുടെ സാന്നിധ്യത്തെ പറ്റി ഒരു മാധ്യമപ്രവർത്തക ചോദിക്കുകയുണ്ടായി. സ്വവർഗപ്രേമത്തിനോട് അടുത്തുനിൽക്കുന്ന പെരുമാറ്റങ്ങൾ സെമിനാരികളിൽ കുറ്റങ്ങൾ മറച്ചു വയ്ക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നുണ്ട് എന്നുള്ളത് ശരിയാണ്, എന്നാൽ ഇതിനു കുട്ടികൾക്ക് എതിരായ ലൈംഗികാതിക്രമവുമായി ഒരു ബന്ധവുമില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ നിരന്തരമായി റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ ലൈംഗികാതിക്രമങ്ങളും നടന്നിരിക്കുന്നത് കൗമാരപ്രായക്കാരായ ആൺകുട്ടികൾക്ക് ഇടയിലാണ്. 17 വയസുള്ളൊരു ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതോ, അത്തരം പ്രവർത്തികൾക്ക് നിർബന്ധിക്കുന്നതോ വെറും ലൈംഗിക അതിക്രമമായി കാണാൻ സാധിക്കില്ലെന്നും, അതിൽ മുതിർന്ന വ്യക്തിയുടെ അഗാധമായ ലൈംഗിക അസാന്മാർഗികത ഒളിഞ്ഞു കിടക്കുന്നുണ്ടെന്നും വിമർശകര്‍ ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ, വത്തിക്കാനിൽ സ്വവർഗപ്രേമികളായ പുരോഹിതന്മാരുണ്ടെന്ന വസ്തുത ഇനിയും മറച്ചുവയ്ക്കുന്നത് തെറ്റാണെന്നും അത് പിന്നെയും ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും അതിജീവിച്ചവർ പറഞ്ഞു.

പോപ് സദസിനെ അഭിസംബോധന ചെയ്യാൻ ക്ഷണിച്ച വൈദികർ എല്ലാംതന്നെ ഇത്തരം ആരോപണങ്ങൾ ഇതുവരെ ഉന്നയിക്കപ്പെടാത്ത രാജ്യങ്ങളിൽ നിന്നും ഉള്ളവരാണ് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചത്‌. എന്നാൽ അത് തെറ്റാണെന്നും, രണ്ടാം ദിവസത്തിലെ സമ്മേളനം ആരംഭിച്ചുകൊണ്ട് സംസാരിച്ച കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, വത്തിക്കാനിലേക്ക് വരുന്നതിന് മുൻപ് ഇന്ത്യയിൽ ഉയർന്ന ഇത്തരമൊരു ലൈംഗിക ആരോപണത്തിന് എതിരെ ഒരു നടപടിയും എടുത്തിട്ടില്ലായെന്നു വിമർശകർ പറയുന്നു. വിമർശനങ്ങൾ എല്ലാം ഉയരുമ്പോഴും പോപ് ഒന്നിനും മറുപടി പറഞ്ഞിട്ടില്ല. മാര്‍പാപ്പ ഈ ദിവസങ്ങളിൽ സദസിൽ തുടരുകയും, എല്ലാ വൈദികർ പറയുന്നതിനോട് ശ്രദ്ധ നൽകുകയും ചെയ്യുന്നുണ്ട്. ഞായറാഴ്ച തനിക്ക് അനുവദിച്ചിരിക്കുന്ന സമയത്തിന് പോപ് ഇവയ്‌ക്കെല്ലാം മറുപടി നൽകുമെന്നാണ് വിശ്വാസികൾ പ്രതീക്ഷിക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sexual abuse in catholic church vatican summit day 2 report