തങ്ങളുടെ പുരോഹിതന്‍മാര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം നടത്തിയത് മറച്ചു വച്ചതിനും നടപടിയെടുക്കാത്തതിനും ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ കണ്ണടച്ചതിനും ഒടുവില്‍ കത്തോലിക്കാ സഭാ നേതൃത്വം ലോകത്തോട് മാപ്പ് പറയുന്നു.

ഫാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വ്യാഴ്ചാഴ്ച നടക്കുന്ന ലൈംഗിക പീഡന നിരോധന ഉച്ചകോടിക്ക് മുന്നോടിയായി, ലോകത്തിലെ രണ്ട് പ്രധാന മതസംഘടനകളാണ് സംയുക്ത പ്രസ്താവനയിറക്കിയത്. പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾ മൂടിവയ്ക്കുന്നത്  അവസാനിപ്പിക്കാനും പുരോഹിതരുടെ സാന്നിദ്ധ്യത്തില്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനും വേണ്ടി ആവശ്യമായ നടപടികള്‍ കൈകൊളളുമെന്നും പ്രതിജ്ഞയെടുത്തു.

ചില സഭകൾ ഒഴിച്ച്, മറ്റിടങ്ങളിൽ സഭാ നേതൃത്വം ദശാബ്ദങ്ങളായി ഉയരുന്ന ലൈംഗിക ചൂഷണങ്ങളെ മൂടിവയ്ക്കുകയും, ബിഷപ്പുമാര്‍ തങ്ങളുടെ പുരോഹിതന്മാരെ സംരക്ഷിക്കുന്നതിനു വേണ്ടി ഇടവകയില്‍ നിന്നും ഇടവകയിലേക്ക് മാറ്റുകയും ചെയ്യുന്നതു പതിവായിരുന്നു. മാറ്റിയ ഇടങ്ങളിലും പീഡനങ്ങൾ ആവർത്തിക്കാനുള്ള അവസരങ്ങൾ ഒരുക്കുകയായിരുന്നു.

Read More: കുട്ടികളുള്ള പുരോഹിതന്മാര്‍ക്ക് വത്തിക്കാന്റെ രഹസ്യ നിയമങ്ങള്‍

ജെസ്യൂട്ട്, സലേഷ്യന്‍, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് തുടങ്ങിയ മഠങ്ങളാണ് ഇതിനെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത്. ഇങ്ങനെ സ്ഥലംമാറ്റം ചെയ്യപ്പെടുന്നവർക്ക് ഈ സഭകൾ നടത്തിയിരുന്ന സ്കൂളുകളിലെ വിദ്യാർത്ഥികളെ ചൂഷണം ചെയ്യാനുള്ള അവസരങ്ങൾ കൂടുതൽ ലഭ്യമായി.

ആഗോളതലത്തില്‍ 133,000 പേരാണ് പുരുഷ പുരോഹിതന്മാരുടെ ദി യൂണിയന്‍ ഓഫ് സൂപ്പീരിയര്‍ ജനറലില്‍(യുഎസ്ജി) ഉള്ളത്. സ്ത്രീകളുടെ ശാഖയായ ദി ഇന്റര്‍നാഷണല്‍ സൂപ്പീരിയേഴ്‌സ് ജനറലില്‍(യുഐഎസ്ജി) 500,000 കന്യാസ്ത്രീകളുമുണ്ട്. ഇവരെല്ലാം ഏകദേശം 12ഓളം പ്രതിനിധികളെ വത്തിക്കാനിലെ നാളെ നടക്കുന്ന ഉച്ചകോടിയിലേക്ക് അയയ്ക്കും.

തങ്ങള്‍ സേവിക്കേണ്ടിയിരുന്ന ഏറ്റവും മുറിവേറ്റവരുടെ കാര്യത്തില്‍ എത്രമാത്രം തങ്ങള്‍ പരാജയപ്പെട്ടു എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നുവെന്ന് ഈ മാതൃസംഘടനകളുടെ പ്രസ്താവനയില്‍ പറയുന്നു.  സഭ ഒരു ‘കുടുംബ’മാണെന്ന തോന്നലിൽ ഊന്നിനിന്നപ്പോൾ ഈ അതിക്രമ സൂചനകൾക്ക് നേരെ കണ്ണടച്ചതിൽ അവർ സ്വയം കുറ്റപ്പെടുത്തി.

“ആരോടാണോ കൂറ് കാണിക്കേണ്ടിയിരുന്നത് അവരോട് നീതി പുലർത്തിയില്ല, വിലയിരുത്തലില്‍ തെറ്റു പറ്റി, നടപടിയെടുക്കാന്‍ താമസിച്ചു, പലപ്പോഴും കുറ്റങ്ങൾ നിഷേധിച്ചു, മൂടിവയ്ക്കാന്‍ ശ്രമിച്ചു,” അവര്‍ പ്രസ്താവനയിൽ പറഞ്ഞു. “ഞങ്ങള്‍ക്ക് പരിവര്‍ത്തനം ആവശ്യമാണ്. ഞങ്ങള്‍ മാറാന്‍ ആഗ്രഹിക്കുന്നു. താഴ്മയോടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. എവിടെയാണ് ഞങ്ങള്‍ അന്ധരായത് എന്ന് ഞങ്ങള്‍ക്ക് കാണണം. അധികാര ദുര്‍വിനിയോഗത്തെ ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” അടുത്തകാലത്തായി പുരോഹിതന്മാര്‍  സെമിനാരിയിലെ വിദ്യാര്‍ത്ഥികളെയും കന്യാസ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്ത കാര്യങ്ങള്‍ തുറന്നു പറഞ്ഞതിനെ അപലപിച്ചുകൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്. ഈ ഇരകൾ മുതിർന്നവരായിരുന്നു എന്ന അക്രമികളുടെ വാദത്തേയും അപലപിച്ചിട്ടുണ്ട്.

പോപ്പിന്റെ ഉച്ചകോടി ലക്ഷ്യമിടുന്നത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണമാണെങ്കിലും മുതിർന്നവരുടെ കാര്യത്തിലും ഒരു പ്രതികരണമുണ്ടാക്കാൻ നോക്കുമെന്നും ഈ സംഘടനകൾ പറയുന്നു.

“ഇത് അതീവ ഗുരുതരമായ ഒരു വിഷയമാണ്,” യുഎസ്ജിയും യുഐഎസ്ജിയും പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ