സഭയ്ക്കുള്ളിലെ ലൈംഗികാതിക്രമങ്ങള്‍ക്ക് എതിരെ പോപ് ഫ്രാന്‍സിസ് വിളിച്ചുചേര്‍ത്ത ഉച്ചകോടി രണ്ടാം ദിവസത്തിലേക്ക്. വ്യാഴാഴ്ചയായിരുന്നു ഉച്ചകോടി ആരംഭിച്ചത്. വത്തിക്കാനില്‍ ഒത്തുകൂടിയ നൂറോളം വരുന്ന വൈദികരെ അഭിസംബോധനം ചെയ്ത് മാര്‍പാപ്പ നടത്തിയ പ്രസംഗത്തില്‍, ദൈവത്തിന്റെ മക്കള്‍ തങ്ങളിലേക്ക് നോക്കുന്നത് ‘ലളിതവും പ്രവചിക്കാന്‍ സാധിക്കുന്നതുമായ വിധികള്‍ക്ക്’ വേണ്ടിയല്ല, മറിച്ചു ‘ഉറച്ചതും ഫലപ്രദവുമായ നടപടികള്‍ക്ക്’ വേണ്ടിയാണ് എന്നദ്ദേഹം പറഞ്ഞു. പ്രസംഗത്തെ തുടര്‍ന്ന് വിതരണം ചെയ്ത രേഖയില്‍ ബിഷപ്പുമാര്‍ നടത്തേണ്ട പുനരാലോചനയ്ക്കായി മാര്‍പാപ്പ എഴുതിത്തയ്യാറാക്കിയ 21 ആശയങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.
Read More: ലൈംഗികാതിക്രമത്തിനെതിരായ വത്തിക്കാന്‍ ഉച്ചകോടി നല്ലത്, പക്ഷേ ഇവിടെ മാറ്റമുണ്ടാകുമോ?
രൂപതകളില്‍ വിതരണം ചെയ്യാനായി നിര്‍ദേശങ്ങള്‍ അടങ്ങിയ ഒരു പുസ്തകം ആയിരുന്നു ആദ്യത്തെ ആശയം. ഇത്തരം ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈദികന്മാര്‍ എടുക്കേണ്ട നടപടികളെ കുറിച്ചാകണം പുസ്തകം വ്യക്തമാക്കേണ്ടത്. മറ്റൊരു ആശയം ഇത്തരം വിഷയം കൈകാര്യം ചെയ്യാന്‍ പരിശീലനം നേടിയ വിദഗ്ദ്ധരെ നിയോഗിക്കുക എന്നതാണ്. വൈദിക വൃത്തി ഏറ്റെടുക്കാന്‍ തയ്യാറായവരെ മാനസികാരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കുക, സഭയില്‍ തന്നെ നിശ്ചിതമായ സ്വാതന്ത്ര്യമുള്ള ഒരു വകുപ്പുണ്ടാക്കി ഇത്തരം പരാതികള്‍ വേഗത്തില്‍ നല്‍കാന്‍ വിശ്വാസികളെ സഹായിക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയതായിരുന്നു പോപിന്റെ ആശയങ്ങള്‍. ചെറിയ കുട്ടികളുടെ നീതിക്കായുള്ള നിലവിളി സഭ കേള്‍ക്കാതിരിക്കാന്‍ പാടില്ലായെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തുടര്‍ന്ന് ബിഷപ്പുമാരെ അഭിസംബോധന ചെയ്ത് വത്തിക്കാന്റെ ലൈംഗികാതിക്രമ കേസുകള്‍ അന്വേഷിക്കുന്ന പ്രമുഖനായ മെത്രപൊലീത്ത ചാള്‍സ് സ്‌കിക്ലനാ സംസാരിക്കുകയുണ്ടായി. ഈ ഉച്ചകോടി ലൈംഗികാതിക്രമം എന്ന തിന്മയ്‌ക്കെതിരെ അവബോധമുണ്ടാക്കി, ഒരു ശുദ്ധീകരണത്തിനുള്ള അവസരമാണെന്നും, ഇതുമൂലം പീഡിതരായ വിശ്വാസികളുടെയും കുഞ്ഞുങ്ങളുടെയും മുറിവുകള്‍ ശുശ്രുഷിക്കാനുള്ള സമയമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പീഡിതരുടെ പരാതികള്‍ തങ്ങള്‍ കെട്ടില്ലായെന്നു നടിച്ചതും, അതിനെ മറച്ചുവെച്ചുകൊണ്ടു തെറ്റുചെയ്ത വൈദികരെ രക്ഷിക്കാന്‍ ശ്രമിച്ചതും, തങ്ങളുടെ വിശ്വാസികളില്‍ വലിയ മുറിവുകള്‍ ഏല്‍പ്പിച്ചുവെന്നും, തങ്ങള്‍ ശുശ്രുഷിക്കേണ്ടിയിരുന്നവരുമായി ഇതുമൂലം തങ്ങള്‍ അകന്നു പോയി എന്നും ഫിലിപ്പീന്‍സില്‍ നിന്നുമെത്തിയ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗുള്‍ ഇടറുന്ന ശബ്ദത്തോടെ സമ്മതിച്ചു.
Read More: ലൈംഗിക അതിക്രമങ്ങൾക്കെതിരെയുളള പോപ്പിന്റെ ഉച്ചകോടിക്ക് തുടക്കം, അറിയേണ്ടതെല്ലാം
തുടര്‍ന്ന് പീഡനം അനുഭവിച്ചവരുടെ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. സ്വന്തം പീഡനം പറയുന്നതിനൊപ്പം തന്നെ ഓരോരുത്തരം സഭയുടെ മൗനം അവരെ എത്രത്തോളം മുറിപ്പെടുത്തിയെന്നും പറയുകയുണ്ടായി. ആഫ്രിക്കയിലുള്ളൊരു സ്ത്രീ, തന്നെ തന്റെ കുടുംബ വൈദികന്‍ പതിനഞ്ചാം വയസ്സുമുതല്‍ പീഡിപ്പിക്കുകയും, മൂന്ന് തവണ അബോര്‍ഷന്‍ നടത്തിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു. താന്‍ എപ്പോഴൊക്കെ അയാളുടെ പീഡനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചോ അപ്പോഴൊക്കെ വൈദികന്‍ തന്നെ മര്‍ദ്ദിക്കുകയാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. “ആത്മാവിന്റെ വൈദ്യന്മാരായ നിങ്ങള്‍ തന്നെ, ചിലരെ ഒഴിച്ച് നിര്‍ത്തിയാല്‍, പല സന്ദര്‍ഭങ്ങളിലും ആത്മാവിന്റെ കൊലപാതകികള്‍ ആയിതീരുകയും, വിശ്വാസത്തിന്റെ കൊലപാതകികള്‍ ആയിത്തീരുകയും ചെയ്തു,” ജുആന്‍ കാര്‍ലോസ് ക്രൂസ് പറഞ്ഞു. ‘ഇരകളോട് നിങ്ങള്‍ കാണിച്ച അനീതി നിങ്ങള്‍ തന്നെ തിരുത്തണം. അവരോടൊപ്പം ഒപ്പം നിന്നു, അവരെ വിശ്വസിച്ചു അവരോടൊപ്പം നിങ്ങള്‍ യാത്ര ചെയ്യണ’മെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ലൈംഗികാതിക്രമം നേരിട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നത് പോപിപ്പിന്റെ ഉച്ചകോടി വിദ്യാഭ്യാസ സംബന്ധമായ ഒന്നാണെന്നും അതില്‍ നിന്ന് ഉറപ്പുള്ളൊരു ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ് എന്നാണ്. 21 ആശയങ്ങള്‍ ഉള്‍പ്പെടുത്തിയ രേഖയില്‍ ഒരിടത്തുപോലും കുറ്റങ്ങള്‍ മറച്ചുവയ്ക്കുന്ന ബിഷപ്പുമാര്‍ക്കെതിരെയുള്ള നടപടിയെക്കുറിച്ച ഒന്നും പറഞ്ഞിട്ടില്ല. ‘സിറോ ടോളറന്‍സ്’ (Zero Tolerance) എന്ന അതിജീവിച്ചവരുടെ നിലപാടിനെക്കുറിച്ചു ഒരിടത്തും പരാമര്‍ശം ഉണ്ടായിട്ടില്ല. ‘ഒരു വൈദികന്‍ ഒരു കുട്ടിയെ പീഡിപ്പിച്ചുവെന്നറിഞ്ഞാല്‍ തിങ്കളാഴ്ച മുതല്‍ അയാളെ വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കി അധികാരികളെ ഏല്‍പ്പിക്കുമോ? എല്ലാര്‍ക്കും വ്യക്തമാകുന്ന രീതിയില്‍ അവരൊരു നിയം ഉണ്ടാക്കുമോ? ECA (Ending Clergy Abuse) എന്ന ആഗോള സംഘടനയുടെ സ്ഥാപിത അംഗമായ പീറ്റര്‍ ഐലി ചോദിക്കുന്നു.
Read More: ‘ഞങ്ങൾ നീതി പുലർത്തിയില്ല’ ഒടുവില്‍ സഭാനേതൃത്വം മാപ്പ് പറയുന്നു
വത്തിക്കാന്‍ ലൈംഗികാതിക്രമ കേസുകള്‍ അന്വേഷിക്കുന്ന മെത്രാപ്പോലീത്തയുടെ അഭിപ്രായപ്രകാരം കാനന്‍ നിയമങ്ങള്‍ക്ക് ഈ ഉച്ചകോടി വഴി ചെറിയ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത്രയും വലിയ കുറ്റകൃത്യത്തിന് കാനന്‍ നിയമങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ട് ഒരു കാര്യവുമില്ലായെന്നാണ് ബിഷപ്പ്അക്കൗണ്ടബിലിറ്റി വെബ്‌സൈറ്റ് ഉടമ ആനി ബറേറ്റ് ഡോയലിന്റെ അഭിപ്രായം. ‘കാനന്‍ നിയമങ്ങള്‍ മൊത്തമായും മാറ്റണം, ചെറിയ മാറ്റങ്ങളോ, രൂപാന്തരങ്ങളോ അല്ല ആവശ്യം. കാനന്‍ നിയമങ്ങളില്‍ അടിസ്ഥാനപരമായ മാറ്റ0 വരുത്തി വൈദിക വൃത്തിക്ക് മുകളില്‍ പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ ജീവിതവും, സാധ്യതയുള്ള മുതിര്‍ന്നവരുടെ ജീവിതത്തിനും പ്രാധാന്യം നല്‍കുക, പീഡിപ്പിക്കുന്നവരില്‍ നിന്നും അവരെ സംരക്ഷിക്കുകയാണ് വേണ്ടത്’ അവര്‍ പറഞ്ഞു. “ഒന്നാം നൂറ്റാണ്ടിലും, മധ്യയുഗത്തിലും, ഇപ്പോഴും, ഭാവിയിലും ഒരു കുട്ടിയെ പീഡിപ്പിക്കുക എന്നത് കുറ്റം തന്നെയാണ്. അടിസ്ഥാനപരമായ ഒരു മാറ്റമുണ്ടാക്കാതിരിക്കാനുള്ള ഒരു കാരണവും ഞാന്‍ കാണുന്നില്ല, കാരണം സഭയുടെ സമയം എണ്ണപ്പെട്ടിരിക്കുന്നു” ലൈംഗികാതിക്രമം അതിജീവിച്ച ജുആന്‍ കാര്‍ലോസ് ക്രൂസ് പറഞ്ഞു.
Todo listo! pic.twitter.com/2g0ePCDsPM
— Juan Carlos Cruz Ch. (@jccruzchellew) February 20, 2019
എന്നാല്‍ ഇത്തരമൊരു ഉച്ചകോടി വിളിച്ചു കൂട്ടിയത് തന്നെ ശുഭപ്രതീക്ഷ നല്‍കുന്ന മാറ്റമാണെന്നും സഭയ്ക്ക് ആഗോള തലത്തില്‍ നടപ്പിലാക്കാന്‍ പറ്റുന്ന ഒറ്റൊരു നിയമം ലൈംഗികാതിക്രമങ്ങള്‍ക്ക് എതിരായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കില്ലായെന്നും വത്തിക്കാന്‍ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയുന്ന മെത്രപൊലീത്ത പറഞ്ഞു. യു.എസില്‍ നിലവിലുള്ള പോലെ ഇത്തരം കുറ്റകൃത്യം നടത്തുന്ന വൈദികരെ അധികാരികളെ ഏല്‍പ്പിക്കുന്നതില്‍ നിന്നും സഭയെ തടയുന്നത് ഓരോ രാജ്യങ്ങളിലും നിലനില്‍ക്കുന്ന വ്യത്യസ്തമായ നിയമങ്ങളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഉച്ചകോടിയുടെ ആദ്യ ദിവസമായ ഇന്നലെ തന്നെ വിവാദങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇത്തരമൊരു വിഷയം ഉയര്‍ത്തിപ്പിടിച്ചു ഒരു ചര്‍ച്ച നടത്തുകയും, എന്നാല്‍ അതില്‍ നിന്നും വെറും വിദ്യാഭ്യാസ സംബന്ധമായ ഫലങ്ങളാണ് പോപ് മുന്നില്‍ കാണുന്നതെങ്കില്‍ അത് വിശ്വാസികളെയും, അതിജീവിച്ചവരെയും കബളിപ്പിക്കാന്‍ സഭ നടത്തുന്ന ശ്രമമായിട്ടേ അവര്‍ കാണുകയുള്ളു. എന്നാല്‍ അത്തരമൊരു ശ്രമം വിജയിക്കില്ലായെന്നും, അതിജീവിച്ചര്‍ ഒരു സുനാമി പോലെ രൂപപ്പെട്ടു കഴിഞ്ഞുവെന്നും വത്തിക്കാനില്‍ എത്തിയ വിവിധ സംഘടനകളിലെ അംഗങ്ങള്‍ പറയുന്നു.