വത്തിക്കാനിൽ ലൈംഗിക ചൂഷണങ്ങൾക്കെതിരെയുള്ള ഉച്ചകോടിക്ക് ഇന്ന് തുടക്കമായി. നാല് ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടിയിൽ പ്രധാനമായും, സഭയ്‌ക്കെതിരെ ഉയർന്നു വന്ന രണ്ട് വിഷയങ്ങളായ വൈദിക വിഭാഗത്തിൽ നിന്നും കുട്ടികൾ നേരിട്ട പീഡനവും സഭ അതിനെ കാലാകാലങ്ങളായി മറച്ചുവച്ചതുമാണ് ചർച്ച ചെയ്യുക. കഴിഞ്ഞ വർഷം ചിലിയിൽ നിന്നും ലഭിച്ച വൈദിക ചൂഷണങ്ങളുടെ റിപ്പോർട്ടുകളും, ദശാബ്ദങ്ങളായി നീണ്ടു നിൽക്കുന്ന വൈദിക ചൂഷണങ്ങൾക്ക് എതിരായി യുഎസിലെ പെൻസിൽവാനിയ സ്റ്റേറ്റിലെ കോടതി വിധി പുറപ്പെടുവിച്ചതുമാണ് ഈ ഉച്ചകോടിയിലേക്ക് നയിച്ച ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ എന്നാണ് കരുതുന്നത്. ഇതേ തുടർന്ന് ലോകമെമ്പാടുമുള്ള ഇത്തരം ചൂഷണങ്ങൾക്ക് ഇരയായവർ മുന്നോട്ട് വരികയും, ഒടുവിൽ പോപ് ഫ്രാൻസിസ് ഇത്തരമൊരു ഉച്ചകോടി വിളിച്ചുകൂട്ടുകയും ആയിരുന്നു.
Read: ലൈംഗികാതിക്രമത്തിനെതിരായ വത്തിക്കാന്‍ ഉച്ചകോടി നല്ലത്, പക്ഷേ കേരളത്തിൽ മാറ്റമുണ്ടാകുമോ?
പല കാരണങ്ങൾ കൊണ്ട് ഈ ഉച്ചകോടി പ്രാധാന്യമർഹിക്കുന്നു. മുൻപ് പലപ്പോഴും ഇത്തരം വിഷയങ്ങളിൽ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ഒരു പോപ് ആദ്യമായിട്ടാണ് ഇത്തരമൊരു ചർച്ച വിളിച്ചു ചേർക്കുന്നത്. പോപ് ഫ്രാൻസിസ്, താൻ ചിലിയിലെ പ്രശ്നത്തിൽ എടുത്ത നിലപാട് തെറ്റായിപ്പോയി എന്ന് പരസ്യമായി പറയുകയുണ്ടായി. ഇത്തരമൊരു സാഹചര്യത്തിൽ ലൈംഗിക ചൂഷണങ്ങൾക്കിരയായ ചിലർക്കും കൂടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധിക്കുന്ന വിധമാണ് വത്തിക്കാൻ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
190 അംഗങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ, 114 അംഗങ്ങൾ വിവിധ ബിഷപ് കോൺഫെറൻസുകളുടെ പ്രസിഡന്റുമാരാണ്. 12 പേർ പുരുഷന്മാരുടെ വിഭാഗത്തെ പ്രതിനിധീകരിച്ചും, 10 പേർ കന്യാസ്ത്രീ മഠങ്ങളെ പ്രതിനിധീകരിച്ചും എത്തും. തൃശൂരിലെ മെത്രപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്തും, ഷംഷാബാദിലെ ബിഷപ്പ് മാർ റാഫേൽ തട്ടിലുമാണ് ഉച്ചകോടിയിലേക്ക് പോകുന്ന രണ്ടു മലയാളികൾ.
ഉച്ചകോടിയോട് അനുബന്ധിച്ചു ചൂഷണങ്ങൾ അതിജീവിച്ച ഒരുപാട് വിശ്വാസികൾ റോമിലേക്ക് സഞ്ചരിക്കുകയാണ്. എന്നാൽ ഉച്ചകോടിയിൽ അമിത പ്രതീക്ഷ വയ്ക്കരുതെന്നാണ് പോപ് വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കാനൻ നിയമങ്ങൾ മാറ്റപ്പെടാൻ സാധ്യത നിലനിൽക്കുന്നില്ലെങ്കിലും ഇത്തരമൊരു ചർച്ച നല്ലൊരു തുടക്കമാണെന്നാണ് പീഡനങ്ങൾ അതിജീവിച്ചവർ പറയുന്നത്.
എന്താണ് ഉച്ചകോടി ലക്ഷ്യം വയ്ക്കുന്നത്?
നാല് ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി, ബിഷപ്പുമാർക്ക് തങ്ങളുടെ കീഴിലുള്ള വിശ്വാസികളോടുള്ള കടമകളെ കുറിച്ചും, അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ; ലൈംഗിക ആരോപണങ്ങൾ പോലുള്ളവയാണെങ്കിൽ അവയുടെ നിയമപരമായ അന്വേഷണങ്ങൾക്കും മറ്റുളള സഹായങ്ങളും എങ്ങനെ നൽകാം എന്നുള്ളതും ചർച്ച ചെയ്യും. ഇത് കൂടാതെ തങ്ങൾ ചെയ്ത തെറ്റുകൾ ഏറ്റുപറയുന്നതിലും, വൈദിക സമൂഹത്തിലുള്ളവർ ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ച ചെയ്യും. അതോടൊപ്പം തന്നെ, സഭ നേരിടുന്ന ഏറ്റവും വലിയ ആക്ഷേപമായ തെറ്റുകളെ മറച്ചുവയ്ക്കുന്ന എന്ന സങ്കല്‍പ്പം എങ്ങനെ മാറ്റാം എന്നതും ചർച്ചയാവും.
Read: കുട്ടികളുള്ള പുരോഹിതന്മാര്‍ക്ക് വത്തിക്കാന്റെ രഹസ്യ നിയമങ്ങള്‍
ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികളോടെല്ലാം പോപ് ഫ്രാൻസിസ് അവരവരുടെ നാടുകളിലുള്ള ഇരകളോട് സംസാരിച്ച് അവരുടെ വേദനയും, പ്രശ്നങ്ങളും മനസിലാക്കി വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരകളിൽ ചിലർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും, അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ പ്രത്യേകം സമയം അനുവദിക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.
കുട്ടികൾക്കെതിരെ വൈദിക സമൂഹം നടത്തിയ പീഡനം മാത്രമാണോ ചർച്ച ചെയ്യപ്പെടേണ്ടത്?
വൈദിക സമൂഹം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് പരാതിപ്പെടുന്നവരെ അടിച്ചമർത്താൻ ശ്രമിക്കുന്നു എന്നിങ്ങനെയുള്ള വർഷങ്ങളായുള്ള പ്രതിഷേധത്തിന്റെ ഒരു ഫലമാണ് ഈ ഉച്ചകോടി. എന്നാൽ വൈദിക വിഭാഗത്തിന്റെ ചൂഷണം കുട്ടികളിൽ മാത്രമല്ല ഒതുങ്ങി നിൽക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നവയാണ്, ഉച്ചകോടിക്ക് എതിരായി വന്ന മറ്റൊരാരോപണം. സ്ത്രീകളുടെ സാന്നിധ്യം ഉച്ചകോടിയിൽ കുറവാണ്. 190 അംഗങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ആകെ 10 കന്യാസ്ത്രീകളും, 3 സ്ത്രീകളെ പ്രതിനിധീകരിച്ചു സംസാരിക്കാനും മാത്രമേ ക്ഷണിക്കപ്പെട്ടിട്ടുള്ളൂ. ഇത് സഭയിലെ പൊതുവെയുള്ള ആൺകോയ്‌മയെയാണ് സൂചിപ്പിക്കുന്നത്.
ഉച്ചകോടിയിലെ വൈദിക സമൂഹം സ്ത്രീകളോട് ചെയ്യുന്ന ചൂഷണങ്ങളെ ഇത്തരമൊരു നടപടി വഴി അവഗണിക്കുകയാണ് ചെയ്യുന്നത്. “സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായി നടക്കുന്ന ചൂഷണങ്ങളെ അഭിസംബോധന ചെയ്യുന്ന രീതിതന്നെ തെറ്റാണ്. പലപ്പോഴും അത് പ്രേമ ബന്ധങ്ങളുടെ ബാക്കിപത്രമായി വായിക്കപ്പെടുന്ന” വൈദികനാൽ പീഡിപ്പിക്കപ്പെട്ട ബാബർബറ ഡോറിസ് പറഞ്ഞതായി സിടിവി ന്യൂസിന്റെ റിപ്പോർട്ട് പറയുന്നു. കുട്ടികളുടെ പിതൃത്വത്തിന് ഉത്തരവാദികളായ വൈദികന്മാർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ നിലനിൽക്കുന്നുവെന്ന വസ്തുത ഈ അടുത്താണ് വത്തിക്കാൻ സമ്മതിച്ചത്. ഇന്റർനാഷണൽ കോപ്പിങ് എന്ന വെബ്‌സൈറ്റിന്റെ ഉടമയും വൈദികന്‍റെ മകനുമായ വിൻസെന്റ് ടോയൽ നടത്തിയ പരിശ്രമങ്ങളുടെ ഫലമായിരുന്നു.
വൈദികന്മാരാൽ കന്യാസ്ത്രീകളും, സാധാരണ സ്ത്രീകളും പെൺകുട്ടികളും പീഡിപ്പിക്കപ്പെട്ടു എന്നത് ഒരു സത്യമായി തന്നെ നിലനിൽക്കുമ്പോൾ ആൺകുട്ടികളുടെ പീഡനങ്ങളിലേക്കു മാത്രം ചർച്ച ചുരുക്കുന്നതും ശരിയായ നടപടി അല്ല. മുതിർന്നവർക്ക് അവരുടെ പ്രശ്നങ്ങൾ ഭയമില്ലാതെ പറയാൻ സാധിക്കുമെന്നും എന്നാൽ കുട്ടികളുടെ അവസ്ഥ അതല്ലായെന്നുമുള്ള ന്യായങ്ങൾ ഇത്തരമൊരു ഒഴിവാക്കലിന്റെ അടിസ്ഥാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Read: ‘ഞങ്ങൾ നീതി പുലർത്തിയില്ല’ ഒടുവില്‍ സഭാനേതൃത്വം മാപ്പ് പറയുന്നു
അതുപോലെ തന്നെ പ്രധാനമായ മറ്റൊരു വിഭാഗമാണ് വൈദിക വിഭാഗത്തിലെ സ്വവർഗ പ്രേമികളുടെ സാന്നിധ്യം. കർദിനാൾ തിയോഡോർ മക്കറിക്കിനെ വൈദിക വൃത്തിയിൽ നിന്നും മാറ്റാനുണ്ടായ പ്രധാന കാരണം, അദ്ദേഹം ആണ്‍ കുട്ടികളെയും സെമിനാരിയിലെ വിദ്യാര്‍ത്ഥികളെയും പീഡിപ്പിച്ചു എന്നത് സഭയുടെ ഉള്ളിലെ സ്വവർഗ പ്രേമികളുടെ വലിയ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാൽ ഇവയൊന്നും ഇപ്പോഴത്തെ ഉച്ചകോടി ചർച്ച ചെയ്യുന്നില്ല.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകളിൽ ഒന്നായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ കേസും ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ചതിനാണ്. കാലാകാലങ്ങളായി ഇത് തുടരുകയാണെന്നും, ബിഷപ്പിനും സഭയ്ക്കുമെതിരെ നിൽക്കുന്ന കന്യാസ്ത്രീകൾ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നതുകൊണ്ട് ആരും പുറത്ത് പറയില്ലായെന്നും, ഫ്രാങ്കോ മുളക്കലിന്റെ കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണച്ച മറ്റൊരു കന്യാസ്ത്രീ പറയുന്നു.
ഉച്ചകോടിയുടെ അനന്തരഫലം എന്താകാം?
ഈ ഒരു ഉച്ചകോടിയോടു കൂടി ക്രിസ്‌തീയ സഭയിൽ വലിയ മാറ്റങ്ങൾ വരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. കാനൻ നിയമങ്ങൾ ഈ ഉച്ചകോടിയുടെ അടിസ്ഥാനത്തിൽ മാറ്റപ്പെടുമെന്ന് ഒരിടത്തും സഭ പറഞ്ഞിട്ടില്ല. ഉച്ചകോടിയുടെ അജണ്ടയിൽ വ്യക്തമാകുന്ന ഒരു കാര്യം, ഈ ഉച്ചകോടി കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കിൽ അത് ഇത്തരം ചൂഷണങ്ങൾ സഭ വൈദികർ നടത്തിയെന്ന് വത്തിക്കാൻ പരസ്യമായി സമ്മതിക്കുന്നു എന്നതുമാത്രമാണ്. “ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, അത് മറച്ചു വയ്ക്കുകയും ചെയ്ത വ്യക്തികൾക്കെതിരെ നടപടി എടുക്കണം എന്ന അടിസ്ഥാനപരമായ കാര്യം പ്രതീക്ഷിക്കുന്നത് തന്നെ തെറ്റാണെന്നു എങ്ങനെ ഇവർക്ക് പറയാൻ സാധിക്കും?” ECA (Ending Clergy Abuse) എന്ന ആഗോള സംഘടനയുടെ അംഗമായ പീറ്റർ ഐലി പറയുന്നു.
എന്നാൽ എക്കാലത്തെയും പോലെ ഇത്തരമൊരു വിഷയത്തിന്റെ സാന്നിധ്യവും, അതിനെതിരായി സഭ ഇത്തരമൊരു ഉച്ചകോടി വിളിച്ചുകൂട്ടി എന്ന വ്യാജേന ഈ വിഷയത്തെ അവസാനിപ്പിക്കാൻ ആണോ വത്തിക്കാന്റെ നീക്കമെന്നും ചിലർ സംശയിക്കുന്നു. കുട്ടികളുടെ പീഡനങ്ങളിൽ മാത്രം ഇത് ചുരുക്കിയതാണ് ഈ സംശയത്തിന്റെ അടിസ്ഥാനം. പ്രായമായവർ ഉൾപ്പെടെയുള്ളൊരു ജനതയെ ഉൾക്കൊള്ളിച്ചാൽ ഒരുപക്ഷേ വത്തിക്കാന്റെ നിയന്ത്രണത്തിൽ നിന്നും വിഷയം വഴുതിപോകാം. ചൂഷണങ്ങൾ അതിജീവിച്ചവരുടെ കൂട്ടായ്മയുടെ കണക്കുകൾ തന്നെ ഇത്തരമൊരു നിഗമനത്തിനു സഹായിക്കും. റോമിലേക്ക് എത്തുന്ന വിശ്വാസികളിൽ ചിലർ പോപ് ഫ്രാൻസിസിന്റെ നീക്കങ്ങളെ അനുമോദിക്കാൻ ആണെങ്കിൽ മറ്റുചിലർ അവരുടെ പ്രശ്നങ്ങൾ ഉൾപ്പെടുത്താത്തതിന് പ്രതിഷേധമറിയിക്കാൻ ആണ് എത്തുന്നത്.
ഉച്ചകോടി തീർച്ചയായും ചരിത്ര പ്രാധാന്യമുള്ള ഒന്നാണ്. എന്നാൽ അവയുടെ ഫലം എന്താകുമെന്ന് അറിയാതെ ഒരു നിഗമനത്തിൽ എത്താൻ സാധിക്കില്ല എന്നാണ് അതിജീവിച്ചവരിൽ ഒരു വിഭാഗം പറയുന്നത്. ഇത്തരമൊരു ഉച്ചകോടിയോട് കൂടെ ഈ വിഷയം അവസാനിപ്പിക്കാതെ, തുടർന്നും ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ സഭാധ്യക്ഷന്മാർ എന്ത് ചെയ്തുവെന്നും, പ്രശ്നങ്ങളെ അവർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും വത്തിക്കാൻ ശ്രദ്ധിക്കണമെന്നും അവർ പറയുന്നു. സഭയിൽ വർഷങ്ങളായി നിലനിൽക്കുന്ന മറ്റു വിഷയങ്ങളായ കന്യാസ്ത്രീകൾക്കെതിരായ പീഡനവും, വൈദികന്മാരുടെ കുട്ടികളുടെ ഭാവിയെ കുറിച്ചും, അത്തരം വൈദികരുടെ വൈദിക വൃത്തിയെ കുറിച്ചും, സ്വവർഗ പ്രേമികളായ വൈദികരെപ്പറ്റിയുള്ള സഭയുടെ നിലപാടും എല്ലാം തുടർ കാലങ്ങളിൽ വ്യക്തമാക്കി ചർച്ചകൾ നടത്തണമെന്നും വിശ്വാസികൾ പറയുന്നു. എന്നാൽ മാത്രമേ വത്തിക്കാൻ പുറപ്പെടുവിച്ച സുതാര്യത എന്ന ലക്ഷ്യം യാഥാർഥ്യമാവുകയുള്ളൂവെന്ന് അവർ വിശ്വസിക്കുന്നു.