scorecardresearch

പി.കെ.ശശിക്കെതിരായ പരാതി; സിപിഎം പൊളിറ്റ് ബ്യൂറോയിൽ നേതാക്കൾ തമ്മിൽ ഭിന്നത

മണ്ണാർക്കാട് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് എംഎൽഎ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി

മണ്ണാർക്കാട് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് എംഎൽഎ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി

author-image
WebDesk
New Update
പി.കെ.ശശിക്കെതിരായ പരാതി; സിപിഎം പൊളിറ്റ് ബ്യൂറോയിൽ നേതാക്കൾ തമ്മിൽ ഭിന്നത

ന്യൂഡൽഹി: ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരായ ലൈംഗികാരോപണ കേസിൽ സിപിഎം ദേശീയ നേതൃത്വത്തിൽ വിളളൽ. എംഎൽഎയ്ക്ക് എതിരായ പരാതി പുറത്തായതാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും പൊളിറ്റ് ബ്യുറോയെയും രണ്ട് തട്ടിലാക്കിയത്.

Advertisment

സിപിഎം മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് ഷൊർണൂർ എംഎൽഎ പി.കെ.ശശി തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് ഡിവൈഎഫ്ഐ വനിത നേതാവ് പരാതി നൽകിയത്. ഈ പരാതി സിപിഎം ജില്ലാ, സംസ്ഥാന ഘടകങ്ങൾക്കും ഡിവൈഎഫ്ഐ ജില്ലാ ഘടകത്തിനും അവർ നൽകിയിരുന്നുവെന്നാണ് സൂചന.

ഓഗസ്റ്റ് 14 ന് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായ ബൃന്ദ കാരാട്ടിനും ഒരു പരാതി അയച്ചിരുന്നു. ഇതിന് ശേഷമാണ് യെച്ചൂരിയെ പരാതിക്കാരി നേരിൽക്കണ്ടത്.  തനിക്ക് പരാതി ലഭിച്ചതായും അത് കേരള സംസ്ഥാന ഘടകത്തിന് കൈമാറിയതായും യെച്ചൂരി ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

"ആ പരാതി ലഭിച്ചപ്പോൾ തന്നെ ഞാനത് സംസ്ഥാന ഘടകത്തിന് കൈമാറി. അവർ അതിൽ അന്വേഷണത്തിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതാണ് ഞങ്ങളുടെ സാധാരണ നടപടിക്രമം," ജനറൽ സെക്രട്ടറി പറഞ്ഞു. തിങ്കളാഴ്ച പരാതി ലഭിച്ചതായാണ് അദ്ദേഹം പറഞ്ഞത്. "പിന്നീട് അത് അവർക്ക് അയച്ച് കൊടുത്തു. അവരത് പരിശോധിക്കും, നടപടിയും സ്വീകരിക്കും. ആ പ്രക്രിയ തുടങ്ങിക്കഴിഞ്ഞു," യെച്ചൂരി പറഞ്ഞു.

Advertisment

എന്നാൽ യെച്ചൂരിക്ക് മുൻപ് പാർട്ടി ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ട് "എനിക്കറിയില്ല," എന്നാണ് ഇതിന് മറുപടി നൽകിയത്. സംസ്ഥാന ഘടകം അന്വേഷണ റിപ്പോർട്ട് നൽകും എന്നും യെച്ചൂരി പറഞ്ഞു. പരാതി കൈപ്പറ്റിയ ബൃന്ദ കാരാട്ട് ഇത് സംസ്ഥാന ഘടകത്തിന് അയച്ചോയെന്ന് വ്യക്തമല്ല. എന്നാൽ യെച്ചൂരി കത്ത് സംസ്ഥാന ഘടകത്തിന് കൈമാറിയെന്ന വാർത്ത പുറത്തുവന്നത് അദ്ദേഹത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുകയും ഇത് പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ അതൃപ്തി ഉളവാക്കുകയും ചെയ്തു.

പിന്നീട് പൊളിറ്റ് ബ്യൂറോയുടേതായി പുറത്തുവന്ന പത്രക്കുറിപ്പിൽ പറഞ്ഞതിങ്ങനെ, "കേരളത്തിലെ ഒരു ജനപ്രതിനിധിക്കെതിരെ പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചെന്നും, ഇതിൽ നടപടി സ്വീകരിക്കാൻ പാർട്ടി സംസ്ഥാന ഘടകത്തോട് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചുവെന്നും വാർത്ത ശ്രദ്ധയിൽപെട്ടു. എന്നാൽ ഇത്തരമൊരു കാര്യം നടന്നിട്ടില്ല."

"ഇത്തരത്തിലുളള എല്ലാ പരാതികളും സംസ്ഥാന ഘടകം നേരിട്ടാണ് പരിശോധിക്കാറുളളത്. സമാനനിലയിൽ കേരള ഘടകം തന്നെ കേസ് പരിഗണിക്കും," എന്ന് പൊളിറ്റ് ബ്യൂറോയുടെ പത്രക്കുറിപ്പിൽ പറയുന്നു.

പിന്നീട് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മൂന്നാഴ്ച മുൻപ് പരാതി ലഭിച്ച കാര്യം പറഞ്ഞു. എന്നാൽ എന്ത് നടപടിയാണ് കൈക്കൊണ്ടതെന്ന് അദ്ദേഹം പറഞ്ഞില്ല. അതേസമയം നടപടി സ്വീകരിച്ചതായി പറഞ്ഞു.

പരാതി മികച്ച രീതിയിൽ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്ന് പി.കെ.ശശി പ്രതികരിച്ചു. "എന്നെ രാഷ്ട്രീയമായി തകർക്കാനുളള ഗൂഢാലോചനയിലൂടെ തയ്യാറാക്കിയ പരാതിയാണിത്. പരാതിയെക്കുറിച്ച് പാർട്ടി തന്നെ ഒന്നും അറിയിച്ചിട്ടില്ല." ശശി പറഞ്ഞു. ബൃന്ദ കാരാട്ട് പരാതി പൊലീസിന് കൈമാറേണ്ടതായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു.

Sitaram Yechuri Cpim

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: