ന്യൂഡല്‍ഹി: നിശബ്ദത പാലിക്കുകയെന്ന സംസ്കാരമുള്ളതിനാല് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം മറച്ചുവയ്ക്കപ്പെട്ട പ്രശ്നമായി തുടരുന്നുവെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കുറ്റവാളി കുടുംബാംഗമായാല്‍ പോലും പീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ കുടുംബാംഗങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ ചിലപ്പോള്‍ ഇരകളുടെ മാനസികാഘാതം വര്‍ധിപ്പിക്കുന്ന തരത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നതു ദൗര്‍ഭാഗ്യകരമായ വസ്തുതയാണ്. ഇത് സംഭവിക്കുന്നതു തടയാന്‍ അതിനാല്‍ എക്സിക്യൂട്ടീവ് ജുഡീഷ്യറിയുമായി കൈകോര്‍ക്കേണ്ടത് അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്സോ) നിയമത്തെക്കുറിച്ചുള്ള ദ്വിദിന ദേശീയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
”കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതു തടയുന്നതിനെക്കുറിച്ചും അതിന്റെ സമയോചിതമായ അംഗീകാരത്തെക്കുറിച്ചും നിയമത്തില്‍ ലഭ്യമായ പ്രതിവിധിയെക്കുറിച്ചും സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സികളും അവബോധം സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സുരക്ഷിതമായ സ്പര്‍ശനവും അല്ലാത്തതും തമ്മിലുള്ള വ്യത്യാസം കുട്ടികളെ പഠിപ്പിക്കണം,” ചീഫ് ജസ്റ്റിസ് പറഞ്ഞു.
”എല്ലാത്തിനുമുപരിയായി, കുടുംബത്തിന്റെ ബഹുമാനമെന്നു വിളിക്കപ്പെടുന്നതിനു കുട്ടിയെ സംബന്ധിച്ച മികച്ച പരിഗണനയേക്കാള്‍ മുന്‍ഗണന നല്‍കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അടിയന്തിര ആവശ്യമാണ്. കുറ്റവാളി കുടുംബാമാണെങ്കില് പോലും പീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ കുടുംബാംഗങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണം,” അദ്ദേഹം പറഞ്ഞു.
”ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനരീതി ചിലപ്പോള്‍ നാടകീയവും ഇരകളുടെ ആഘാതവും കൂട്ടുന്നതുമാണെന്നതു നിര്‍ഭാഗ്യകരമായ വസ്തുതയാണ്. ഇതു സംഭവിക്കുന്നത് തടയാന്‍ എക്സിക്യൂട്ടീവ് ജുഡീഷ്യറിയുമായി കൈകോര്‍ക്കേണ്ടത് അനിവാര്യമാണ്,” അദ്ദേഹം പറഞ്ഞു.
പോക്സോ നിയമത്തിനു കീഴിലുള്ള സമ്മതത്തിന്റെ പ്രായത്തെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്ക കണക്കിലെടുക്കണമെന്നു ചീഫ് ജസ്റ്റിസ് നിയമനിര്‍മാണ സഭയോട് അഭ്യര്‍ത്ഥിച്ചു.
”പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയില്‍ വസ്തുതാപരമായി സമ്മതമുണ്ടോയെന്നതു പരിഗണിക്കാതെ തന്നെ, 18 വയസിനു താഴെയുള്ളവര്‍ക്കിടയിലെ എല്ലാ ലൈംഗിക പ്രവര്‍ത്തനങ്ങളും പോസ്കോ നിയമ പ്രകാരം കുറ്റകരമാകുമെന്നു നിങ്ങള്‍ക്കറിയാം, കാരണം 18 വയസിനു താഴെയുള്ളവര്‍ക്കിടയില്‍ സമ്മതമില്ലെന്നതാണു നിയമത്തിന്റെ അനുമാനം,” ചീഫ് ജസ്റ്റിസ് പറഞ്ഞു.