scorecardresearch
Latest News

കുട്ടികളുള്ള പുരോഹിതന്മാര്‍ക്ക് വത്തിക്കാന്റെ രഹസ്യ നിയമങ്ങള്‍

പുരോഹിതന്മാർ തങ്ങളുടെ ബ്രഹ്മചര്യ വ്രതം തെറ്റിച്ചു കുട്ടികൾക്ക് ജന്മം നൽകിയാൽ എന്തുചെയ്യണമെന്നതിന് മാർഗനിർദേശങ്ങൾ ഉണ്ട്. ന്യൂയോർക്ക് ടൈംസിന്റെ ജേസണ്‍ ഹോരോവിട്സും എലിസബെട്ട പോവെലെടോയും എഴുതുന്നു

കുട്ടികളുള്ള പുരോഹിതന്മാര്‍ക്ക് വത്തിക്കാന്റെ രഹസ്യ നിയമങ്ങള്‍

റോം -സൈക്കോതെറാപ്പിസ്റ്റായ വിൻസെന്റ് ഡോയലിനു 28 വയസായപ്പോഴാണ്, തന്റെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിച്ച റോമൻ കാത്തലിക് പള്ളിയിലെ പുരോഹിതനാണ് തന്റെ ശരിക്കുമുള്ള പിതാവെന്ന് അമ്മയിൽ നിന്നും അറിയുന്നത്.

ഈ തിരിച്ചറിവ് വഴി അദ്ദേഹം ആഗോള തലത്തില്‍, ഇത്തരം പുരോഹിതന്മാരുടെ മക്കളെ സഹായിക്കാൻ ഒരു പിന്തുണ ഗ്രൂപ്പ് സൃഷ്ടിച്ചു. ഇത്തരം കുട്ടികളെ അംഗീകരിക്കണമെന്ന് അദ്ദേഹം ബിഷപ്പുമാരില്‍ സമ്മർദം ചെലുത്തിയപ്പോൾ, ഇത്തരം കുട്ടികൾ അപൂർവങ്ങളിൽ അപൂർവമായ അതിരുകടക്കലുകളുടെ പരിണിതഫലമാണ് എന്നാണ് പള്ളിയിലെ ഉന്നത നേതാക്കൾ പറഞ്ഞത്.

എന്നാൽ ഒരു മെത്രാപ്പൊലീത്ത അദ്ദേഹത്തിന് ഒരു രേഖ കാണിച്ചുകൊടുക്കുകയുണ്ടായി. അദ്ദേഹം അന്വേഷിച്ചു നടന്ന ചോദ്യത്തിനുള്ള ഉത്തരം അതിലുണ്ടായിരുന്നു.  കുട്ടികളുടെ പിതൃത്വത്തിന് ഉത്തരവാദികളായ പുരോഹിതന്മാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനുള്ള വത്തിക്കാന്റെ മാർഗനിർദേശങ്ങളായിരുന്നു ആ രേഖയിൽ. ഡോയലിനു ആ രേഖ താൻ ഒറ്റയ്ക്കല്ല എന്നതിനുള്ള തെളിവായിരുന്നു.

“ദൈവമേ!  ഇതു തന്നെയാണ് ഉത്തരം,” ആ രേഖ മുറുകെപിടിച്ചുകൊണ്ടു പറഞ്ഞതായി ഡോയൽ ഓർക്കുന്നു. ആ രേഖയുടെ ഒരു പകർപ്പ് താൻ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ പക്ഷെ മെത്രാപ്പൊലീത്ത അദ്ദേഹത്തെ വിലക്കി. അതൊരു രഹസ്യരേഖയാണ്.

എന്നാലിപ്പോൾ വത്തിക്കാൻ തന്നെ പ്രത്യക്ഷമായി ഇത്തരമൊരു രേഖയുടെ നിലനിൽപ്പിനെ അംഗീകരിച്ചിരിക്കുകയാണ്. വത്തിക്കാനിൽ, ലോകത്തിലെ പുരോഹിതന്മാരുടെ പ്രവർത്തികൾക്ക് മേൽനോട്ടം നൽകുന്ന വിഭാഗത്തിൽ, പുരോഹിതന്മാർ തങ്ങളുടെ ബ്രഹ്മചര്യ വ്രതം തെറ്റിച്ചു കുട്ടികളുടെ പിതൃത്വത്തിന് ഉത്തരവാദികളായാൽ എന്തുചെയ്യണമെന്നതിന് മാർഗനിർദേശങ്ങൾ ഉണ്ട്.

“മാർഗനിർദേശങ്ങൾ അടങ്ങിയ ഇത്തരമൊരു രേഖ നിലനിൽക്കുന്നുണ്ട് എന്നതിന് എനിക്ക് ഉറപ്പ് നൽകാൻ സാധിക്കും. എന്നാലതൊരു ആഭ്യന്തര രേഖയാണ്,”  ന്യൂയോർക്ക് ടൈംസിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകികൊണ്ട് വത്തിക്കാൻ വക്താവ് അലെസാന്ദ്രോ ഗിസോട്ടി പറഞ്ഞു. അവഗണിക്കാൻ പറ്റാത്തവിധം ആ പ്രശ്നം വളർന്നുകൊണ്ടിരിക്കുകയാണ്. “ഇത് അടുത്ത അപവാദമാണ്, കാരണം എല്ലായിടത്തും ഇത്തരം കുട്ടികളുണ്ട്”, ഡോയൽ പറയുന്നു.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന പ്രശ്നത്തെകുറിച്ച് ചർച്ച ചെയ്യാൻ ലോകത്തിലെ എല്ലാ ബിഷപ്പുമാരും ഈ ആഴ്ച എത്തിച്ചേരുന്നതിന്റെ ഒരുക്കങ്ങളിലാണ് വത്തിക്കാൻ. എന്നാൽ ഇതേ സന്ദർഭത്തിൽ തന്നെ സഭയുടെ രഹസ്യ സംസ്കാരത്തിന്റെയും, വിവാദങ്ങളോടുള്ള വെറുപ്പും കാരണം അവരോട് തെറ്റുചെയ്യപ്പെട്ടു എന്ന വിശ്വസിക്കുന്നവർ ഇതേ സമയം തന്നെ തങ്ങളുടെ പ്രശ്നം ബോധിപ്പിക്കാനായി റോമിലേക്ക് എത്തുന്നുണ്ട്.

പുരോഹിതന്മാർ ലൈംഗികമായി അധിക്ഷേപിച്ച കുട്ടികളും, പുരോഹിതന്മാരാൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീകളും, പിന്നെ ഡോയലിനെ പോലെ പുരഹിതന്മാരാൽ ഉണ്ടായ കുട്ടികളുമുണ്ടാകും. പ്രമുഖരായ സഭാധ്യക്ഷന്മാരുമായി ഇവരെ സ്വകാര്യ ചർച്ചയ്‌ക്ക് റോമിലേക്ക് വിളിച്ചിട്ടുണ്ട്.

ഡോയലിനെ പോലുള്ളവരുടെ കഥകൾ, സഭയെ സംബന്ധിച്ചിടത്തോളം പുരോഹിതന്മാർ അവരുടെ ബ്രഹ്മചര്യ വ്രതം നഷ്ടപ്പെടുത്തിയതിലേക്ക് ശ്രദ്ധ കൊണ്ടുവരുന്നുണ്ട്. ചില മുൻകാല പുരോഹിതന്മാരും, സഭയ്ക്കുളിലെ പുരോഗമനവാദികളും അഭിപ്രായപ്പെടുന്നത്, മറ്റു സഭകളിലെപ്പോലെ, ബ്രഹ്മചര്യം എന്നത് പുരോഹിതന്മാർക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഒന്നാക്കി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ്.

പുരോഹിതന്മാർക്ക് സാധാരണ സ്ത്രീകളുമായിട്ടോ, കന്യാസ്ത്രീകളുമായിട്ടോ ഉണ്ടാകുന്ന ബന്ധങ്ങളുടെ ഫലമാണ് മിക്ക കുട്ടികളും, അല്ലെങ്കിൽ പീഡനത്തിന്റെയോ, ലൈംഗികാതിക്രമത്തിന്റെയോ ഫലമാകാം.  അപൂർവം  കേസുകള്‍ ജനശ്രദ്ധയില്‍ വന്നിട്ടുണ്ടാകാം. പക്ഷെ  പലപ്പോഴും സമൂഹത്തിന്റെ കണ്ണുകളിൽ നിന്നും ദൂരെ നിൽക്കുന്നതാണ് ഭൂരിഭാഗം കേസുകളും.

പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കാത്തോലിക് പുരോഹിതന്മാരുടെ ബ്രഹ്മചര്യത്തെ കുറിച്ചുള്ള നിയമങ്ങൾ വിപുലമായി ക്രോഡീകരിക്കപ്പെട്ടത്. എന്നാൽ അവയെല്ലാം അതുപോലെ നടപ്പാക്കുന്നുണ്ടോ എന്നത് സംശയമാണ്. പോപ് അലക്സാണ്ടർ ആറാമൻ ആയി സ്ഥാനമേൽക്കുന്നതിനു മുൻപ്, റോഡ്രിഗോ ബോർഗിയ എന്ന പുരോഹിതന് തന്റെ കാമുകിയിൽ നിന്നും നാല് കുട്ടികളുണ്ടായി. ഈ കാരണമാണ് മാർട്ടിൻ ലൂധറിനു പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളുടെ നവോത്ഥാനം സൃഷ്ടിക്കാൻ സാധിച്ചത്. പോപ്പിന്റെ ബ്രഹ്മചര്യത്തിനുമേൽ അദ്ദേഹത്തിനുള്ള നിയന്ത്രണവും അദ്ദേഹത്തിന്റെ മലവിസര്‍ജ്ജനത്തിനുമേലുള്ള നിയന്ത്രണവും ഒരുപോലെയാണെന്നു പോപ്പിനെ കളിയാക്കി മാർട്ടിൻ ലൂഥർ എഴുതുകയുണ്ടായി.

ഇത്തരത്തിൽ എത്ര കുട്ടികളുണ്ട് എന്നതിനെക്കുറിച്ചു വ്യക്തമായ കണക്കുകളില്ല. എന്നാൽ ഡോയൽ പറയുന്നത് “കോപ്പിങ് ഇന്റർനാഷണൽ” എന്ന തന്റെ വെബ്‌സൈറ്റിൽ 175 രാജ്യങ്ങളിൽനിന്നും അമ്പതിനായിരത്തോളം ഉണ്ടെന്നാണ്.

ജനീവയിലെ യുണൈറ്റഡ് നേഷൻസ് വത്തിക്കാന്‍റെ ദൂതനായ മെത്രപ്പൊലീത്ത ഇവാൻ യോർകോവിചാണ് ആദ്യമായി, 2017 ഒക്ടോബർ മാസത്തിൽ ഈ മാർഗനിർദേശങ്ങൾ കാണിച്ചതെന്നു ഡോയല്‍ പറഞ്ഞു.  “കൽപിക്കപ്പെട്ടവരുടെ മക്കൾ എന്നാണ് നിങ്ങൾ അറിയപ്പെടുന്നത്” യോർകോവിച് പറഞ്ഞതായി ഡോയൽ ഓർക്കുന്നു. “അവർക്കതിനൊരു പേരുവരെ ഉണ്ടെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.” ഒരു അഭിമുഖത്തിനായുള്ള അപേക്ഷ മെത്രാപ്പൊലീത്ത യാർകോവിച് നിരസിച്ചു.

“ഒരു ദശാബ്ദകാലത്തെ നടപടി ക്രമങ്ങൾ സംശ്ലേഷണം ചെയ്ത ഒരു ആഭ്യന്തര രേഖയാണ് 2017 ഒക്ടോബര്‍ മാസം പുറപ്പെടുവിച്ചത്. ആ രേഖയുടെ അടിസ്ഥാന തത്വം ഇത്തരം കുട്ടികളുടെ സംരക്ഷണമാണ്. ആ രേഖ പ്രകാരം, ഇത്തരം കുട്ടികളുണ്ടായ പുരോഹിതന്മാർ, പൗരോഹിത്യം മതിയാക്കി, ഒരു പിതാവെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കുട്ടിയെ സംരക്ഷിക്കണം എന്നാണ്,” വത്തിക്കാൻ വക്താവ് ഗിസോട്ടി അറിയിച്ചു.

എന്നാൽ ഈ അപേക്ഷ “വെറും” ചടങ്ങ് മാത്രമാണെന്ന് മറ്റൊരു വത്തിക്കാൻ ഉദ്യോഗസ്ഥൻ പറയുന്നു. “ഒരു പുരോഹിതനെ പിരിച്ചുവിടുന്നത് നടക്കാത്ത കാര്യമാണെന്നും, പുരോഹിതൻ അദ്ദേഹത്തിന്റെ തീരുമാനപ്രകാരം പിരിഞ്ഞു പോകുകയാണെങ്കിൽ അത് സമ്മതിച്ചു നൽകാവുന്നതാണ്,” 400,000 പുരോഹിതന്മാർ അംഗമായ സഭയുടെ അണ്ടർ സെക്രട്ടറിയായ ആൻഡ്രിയ റിപ പറഞ്ഞു. എന്നാൽ ഒരു പുരോഹിതൻ ഇത്തരം സന്ദർഭങ്ങളിൽ പൗരോഹിത്യം വെടിയാനുള്ള തീരുമാനം സ്വമേധയാ എടുക്കുന്നതിൽ ഉപേക്ഷ കാണിച്ചാൽ, സഭയ്ക്ക് അദ്ദേഹത്തോട് പിരിഞ്ഞു പോകാൻ പറയാം. “നിങ്ങളായി തന്നെ ചോദിച്ചില്ലെങ്കിൽ, നിങ്ങൾ പിരിച്ചുവിടപ്പെടും.”

ഐറിഷ് ബിഷപ്പുമാർക്ക് അവരുടേതായ മാർഗനിർദേശങ്ങളുണ്ട്, അത് 2017-ൽ പുറത്തുവിട്ടിരുന്നു. ഒരിക്കൽ പുരോഹിതപട്ടത്തിനു വേണ്ടി പഠിക്കുകയും, സഭാ അധികാരികളോട് സഹകരിക്കുകയും ചെയ്ത ഡോയൽ ഈ മാർഗനിർദേശങ്ങൾ ഉണ്ടാക്കാൻ ഒരുപാട് സഹായിച്ചുവെന്ന് ഐറിഷ് ബിഷപ് സമ്മേളനത്തിന്റെ വക്താവ് മാർട്ടിൻ ലോങ് പറയുന്നു.

ഐറിഷ് സഭയുടെ തത്വങ്ങൾക്ക് അനുസരിച്ചു, ഒരു കുട്ടിയുടെ പിതാവായാൽ, പുരോഹിതൻ, പൗരോഹത്യം വിടണമെന്നില്ല. എന്നാൽ “ഏതൊരു അച്ഛനെയും പോലെ, പുരോഹിതനും കുട്ടിയുടെ വ്യക്തിപരവും, നിയമപരവും, ധാർമികവും, സാമ്പത്തികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റണം,” എന്ന് പറയുന്നുണ്ട്.

ഈ വിഷയത്തെ കുറിച്ച് പോപ് ഫ്രാൻസിസിന്റെ പ്രസ്താവനകൾ ചുരുക്കമാണ്. അദ്ദേഹം ബ്യൂനോസ്‌ അയേർസിലെ മെത്രാപ്പൊലീത്ത ആയിരുന്നപ്പോൾ മറ്റൊരാളോട് കൂടെ ചേർന്ന് എഴുതിയ പുസ്തകമായ “On Heaven and Earth” എന്ന പുസ്തകത്തിൽ വാദിക്കുന്നതെന്തെന്നാൽ, ഒരു നിമിഷത്തിന്റെ ആവേശത്തിൽ ബ്രഹ്മചര്യ വ്രതം ലംഘിക്കുന്ന പുരോഹിതന് പിന്നെയും സഭയിൽ തുടരാം, എന്നാൽ ഒരു കുട്ടിയുടെ അച്ഛനായി കഴിഞ്ഞാൽ പിന്നെ ആ പുരോഹിതന് സഭയിൽ തുടരാൻ സാധിക്കില്ല എന്നാണ്.

pope francis
(AP Photo/Riccardo De Luca)

“ഒരു പുരോഹിതൻ എന്ന അവകാശത്തിനു മുന്‍പേ വരുന്നതാണ് പ്രകൃതി നിയമം. ഒരു പുരോഹിതനെ സംബന്ധിച്ച് അയാളുടെ ആദ്യത്തെ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ കുട്ടിയോടാണ്, അതിനാൽ പൗരോഹിത്യം വെടിഞ്ഞ്  കുട്ടിയെ സംരക്ഷിക്കേണ്ടതുണ്ട്,” അദ്ദേഹം പറയുന്നു

സഭാചട്ടങ്ങളുടെ അഭിഭാഷകർ പറയുന്നത്, സഭയുടെ നിയമങ്ങളിൽ ഒരിടത്തും, ഒരു കുട്ടിയെ സംരക്ഷിക്കാൻ ഒരു പുരോഹിതൻ പൗരോഹിത്യം വെടിയണമെന്ന് രേഖപ്പെടുത്തിയിട്ടില്ല എന്നാണ്. “പൂജ്യം, പൂജ്യം, പൂജ്യം മാത്രമാണ് ഇത്തരമൊരു ചട്ടത്തെ പറ്റിയുള്ള വിവരങ്ങൾ ” റോമിലെ കാനൻ അഭിഭാഷകയായ ലോറ സ്ഗ്രോ പറയുന്നു. സഭാചട്ടപ്രകാരം അതൊരു തെറ്റല്ല, അതിനാൽ പിരിച്ചുവിടാനുള്ള ഉപാധികളില്ല,” അവർ പറഞ്ഞു.

ഡോയ്‌ലെയും അദ്ദേഹത്തെപോലുള്ള മറ്റു പുരോഹിതരുടെ കുട്ടികളും, ചില പുരോഹിതന്മാരുടെ അഭിപ്രായ പ്രകാരം, കുട്ടിയുണ്ടായി എന്ന കാരണത്താൽ ഒരു പുരോഹിതനെ പിരിച്ചുവിടുന്നത് ജനിച്ച കുട്ടിയുടെ ആവശ്യങ്ങൾ സംരക്ഷിക്കുന്നതിന് ഉതകുന്നൊരു നടപടിയല്ല. കാരണം ചില സന്ദർഭങ്ങളിൽ അതൊരു കുടുംബത്തിന്റെ ഉപജീവന മാർഗം ഇല്ലാതാക്കുന്നു

“പിതൃത്വത്തിനു തൊഴിലില്ലായ്മ ഒരു മറുപടിയാണ് എന്നെനിക്ക് തോന്നുന്നില്ല”, ഡോയൽ പറയുന്നു. എന്നാൽ തങ്ങളുടെ അച്ഛന്മാരെ പൗരോഹിത്യത്തിൽ നിന്നും പിരിച്ചുവിടണമെന്ന് ആഗ്രഹിക്കുന്ന ചില കുട്ടികളുമുണ്ട്.

എറിക് സറ്റോണിയുടെ അമ്മയ്ക്ക് 14 വയസുള്ളപ്പോഴാണ്, 54 വയസ്സുകാരനായ റെവ. പിയട്രോ ടോസി അവരെ ബലാത്സംഗം ചെയ്തത്. അവരുടെ കുടുബം തന്റെ കുട്ടിയെ അംഗീകരിക്കാൻ ആ പുരോഹിതനെ നിർബന്ധിച്ചെങ്കിലും അയാളതിന് തയാറായില്ല. ഇറ്റലിയിലെ ഫെറാറ എന്ന ചെറിയ പട്ടണത്തിലെ സഭയുടെ ഉടമസ്ഥതയിലുള്ള അവരുടെ വീട്ടിൽ നിന്നും അവരെ പുറത്താക്കി. “അയാൾ ഒരിക്കലും ഒന്നും പറഞ്ഞില്ല,” 37 വയസുകാരനായ സറ്റോണി പറയുന്നു.

2010-ൽ സറ്റോണി, വികാരിയായ ടോസിക്കെതിരെ കോടതിയിൽ പരാതി നൽകി. കോടതിയുടെ വിധി പ്രകാരം നടന്ന ഡിഎൻഎ ടെസ്റ്റിൽ സാറ്റോണി ടോസിയുടെ തന്നെ മകനാണെന്ന് തെളിഞ്ഞു. വത്തിക്കാൻ ഉടനെ തന്നെ ടോസിയുടെ ബിഷപ്പിനോട് ടോസിയെ താക്കീത് ചെയ്യാൻ നിർദേശിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പൗരോഹിത്യ പട്ടം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടില്ല.

ഒരു ദേശീയ വാർത്ത ചാനൽ ഇതൊരു പ്രധാനവാർത്തയായി സംപ്രേഷണം ചെയ്തപ്പോൾ, നൂറോളം ഇറ്റാലിയൻ പൗരന്മാർ സറ്റോണിക്ക് പിന്തുണയുമായി 2013-ൽ ഒരു ഫെറാറ പിയാസ പുറപ്പെടുവിക്കുകയും, പോപ് ഫ്രാൻസിസിനോട് ഈ കേസ് പരിഗണിക്കാൻ സമ്മർദം ചെലുത്തുകയും ഉണ്ടായി. 2014-ൽ ഫാദർ ടോസി മരിക്കുമ്പോഴും അദ്ദേഹമൊരു പുരോഹിതനായിരുന്നു.

“ഡിഎൻഎയുടെ അടിസ്ഥാനത്തിൽ വന്ന കോടതി വിധി വഴിയാണ് എനിക്ക് നീതി ലഭിച്ചത്” സറ്റോണി പറയുന്നു. താങ്കളുടെ മാതാപിതാക്കൾ പുരോഹിതരോ കന്യാസ്ത്രീകളോ ആണെന്ന് തെളിയിക്കാൻ പുരോഹിതരുടെ മക്കൾ ഇപ്പോൾ കൂടുതലായും ഡിഎൻഎ ടെസ്റ്റുകളിലേക്ക് തിരിയുകയാണ്.

“ഇതൊരു മുന്നേറ്റമാണ്, ആർക്കുവേണമെങ്കിലും ഇപ്പോഴിത് ചെയ്യാം” ഓട്രേലിയയിൽ ഒരു അമച്വർ ജീനിയോളോജിസ്റ്റും,  പുരോഹിതന്റെ മകളുമായ 56 വയസ്സുകാരിയായ ലിൻഡ ലോലെസ്സ് പറയുന്നു.

അവരുടെ പിതൃത്വം അവരുടെ അമ്മ അവരിൽ നിന്നും മറച്ചുവച്ചു. എന്നാൽ ചെറുപ്പത്തിൽ വീട് സന്ദർശിക്കാൻ പുരോഹിതൻ വരുമ്പോൾ അമ്മ ഭയപ്പെടുന്നത് ലിൻഡ ശ്രദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അവരൊരു ഡിഎൻഎ ടെസ്റ്റ് നടത്തുകയും, Ancestry.com എന്ന വംശാവലി വെബ്സൈറ്റിന്റെ വർധിച്ചുവരുന്ന സമഗ്രമായ ഡാറ്റാബേസുകളുടെയും, വംശാവലി പട്ടികകളുടെയും അടിസ്ഥാനത്തിൽ തന്റെ പിതാവ് ഒരു പുരോഹിതൻ ആണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. “അപ്പോഴാണ് ആ രഹസ്യം പുറത്തു വന്നത്,” അവർ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sexual abuse and catholic church the vaticans secret rules for priests who have children