ഗുവാഹത്തി: ഷില്ലോങ്ങിലെ കത്തോലിക്ക പളളിയിലെ രണ്ടു വൈദികർക്കെതിരെ ലൈംഗിക ആരോപണം. ലൈംഗിക ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് കോൺഗ്രിഗേഷൻ ഓഫ് ക്രിസ്ത്യൻ ബ്രദേഴ്സ് അറിയിച്ചു. മീ ടൂ മൂവ്മെന്റിന്റെ ഭാഗമായി ഫെയ്സ്ബുക്കിലൂടെയാണ് ലൈംഗിക ആരോപണം ഉയർന്നത്. ലൈംഗിക ചൂഷണത്തിന് ഇരയായവർക്കൊപ്പമാണ് ക്രിസ്ത്യൻ ബ്രദേഴ്സ് ഐക്യദാർഢ്യത്തോടെ നിലകൊളളുന്നത്. രണ്ടു പരാതിയിലും ഞങ്ങളുടെ പ്രൊട്ടക്ഷൻ പോളിസി പ്രകാരം നീതിപൂർവമായ അന്വേഷണം നടത്തുമെന്ന് പ്രൊഫഷണൽ എത്തിക്സ് കമ്മിഷൻ സൊസൈറ്റി പ്രൊട്ടക്ഷൻ ഓഫിസർ ബ്ര.ജെ.ജോൺസൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നാലു ദിവസം മുൻപ് ഫെയ്സ്ബുക്കിലൂടെയാണ് ഖാസി ആർട്ട് ആന്റ് കമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റ് ആയ മേരി തെരേസ കുർകലാങ് രണ്ടു വൈദികർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. 1980 ൽ തനിക്ക് അഞ്ചു വയസ്സുളളപ്പോൾ ക്രിസ്ത്യൻ ബ്രദേഴ്സിലെ ഒരംഗവും സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോയിലെ ഒരംഗവും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നായിരുന്നു ഫെയ്സ്ബുക്കിലൂടെയുളള യുവതിയുടെ തുറന്നു പറച്ചിൽ.

”എന്റെ കുടുംബത്തിന് ഏറെ വിശ്വാസമുളള വ്യക്തിയും പുരോഹിതനെന്ന നിലയിൽ സമൂഹത്തിൽ അയാൾക്ക് ബഹുമാനവും ഉണ്ടായിരുന്നു. ട്യൂഷനു വേണ്ടിയാണ് എന്നെ അയാളുടെ അടുത്തേക്ക് വിട്ടത്. അയാൾ തന്റെ ലിംഗം കാട്ടി സ്പർശിക്കാൻ പറയുമ്പോൾ എനിക്ക് വെറും അഞ്ചു വയസ്സായിരുന്നു. ഇക്കാര്യം എന്റെ കുടുംബത്തിലെ എനിക്ക് ഏറെ വിശ്വാസമുളള ഒരാളോട് ഞാൻ പറഞ്ഞു. അയാൾ ഇതുകേട്ട് എന്നെ തല്ലുകയും ഇത്തരം കളളക്കഥകൾ ഒരിക്കലും പറയരുതെന്ന് എനിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു”, ഇതായിരുന്നു കുർകലാങ്ങിന്റെ ഒരു പോസ്റ്റ്.

”ഈ മനുഷ്യൻ അയാളുടെ ഓഫിസിലെ വലിയ മേശയ്ക്കു പുറകിൽ ഇരിക്കുന്നുണ്ടാകും. അയാളുടെ മേശ വലിപ്പിൽ നിറയെ ചോക്ലേറ്റ് ഉണ്ടായിരിക്കും. കുട്ടികളായ ഞങ്ങളെ അയാൾ അടുത്തേക്ക് വിളിച്ചു വരുത്തി മേശ വലിപ്പ് തുറന്നുതന്ന് അതിൽനിന്നും ഇഷ്ടമുളള ചോക്ലേറ്റ് എടുത്തോളാൻ ആവശ്യപ്പെടും. ചോക്ലേറ്റ് എടുത്തു കഴിയുമ്പോൾ അയാൾ ഞങ്ങളുടെ തുടയിൽ കൈ വയ്ക്കും”, ഇതായിരുന്നു കുർകലാങ്ങിന്റെ മറ്റൊരു പോസ്റ്റ്.

തന്റെ മൂന്നു ആത്മഹത്യ ശ്രമങ്ങൾ പരാജയപ്പെട്ടതിനെക്കുറിച്ചും രണ്ടു തവണ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നതിനെക്കുറിച്ചും കുർകലാങ് എഴുതിയിരുന്നു. ഇത്രയും നാൾ നാണക്കേട് ഓർത്ത് മറച്ചുവച്ച ദുരനുഭവം ഇപ്പോൾ ധൈര്യത്തോടെ പുറംലോകത്തോട് പങ്കുവയ്ക്കണമെന്ന് തോന്നിയതുകൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതെന്നും കുർകലാങ് പറഞ്ഞിരുന്നു.

കുർകലാങ്ങുമായി ബന്ധപ്പെടാൻ ദി ഇന്ത്യൻ എക്സ്പ്രസ് ശ്രമിച്ചപ്പോൾ ഒരു വാട്സ്ആപ്പ് സന്ദേശമാണ് ലഭിച്ചത്. ”എനിക്ക് പറയാനുളളതെല്ലാം ഫെയ്സ്ബുക്കിൽ എഴുതിയിട്ടുണ്ട്. അതിൽക്കൂടുതൽ ഒന്നും പറയാനില്ല”.

അതേസമയം, ഡോൺ ബോസ്കോ കമ്മ്യൂണിറ്റി ആരോപണത്തിൽ ഇതുവരെ പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook