കൊച്ചി: ‘എന്റെ പേര് അശ്വതി, സ്വാതന്ത്ര്യമുള്ള പെണ്‍കുട്ടി, മുഴുവനായും ആസ്വദിക്കാം’ കേരളത്തിലെ പൊലീസ് സേനയ്ക്ക് ഏറ്റവും തലവേദനയുണ്ടാക്കുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ ഇടമായ ലൊക്കാന്റോ വെബ്സൈറ്റിലെ പരസ്യവാചകമാണിത്. ഒറ്റനോട്ടത്തില്‍ ഓൺലൈൻ ക്ലാസിഫൈഡ് വെബ്സൈറ്റാണെന്നു തോന്നുമെങ്കിലും ഇതിനുള്ളിൽ പെൺവാണിഭമടക്കമുള്ള കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. കൊച്ചി മാത്രമല്ല കേരളത്തിന്റെ പല ഭാഗങ്ങളിലും ലൊക്കാന്റോ വഴി പെൺവാണിഭം നടക്കുന്നുണ്ട്. ഇന്ത്യയടക്കം 30 ഓളം രാജ്യങ്ങളിലെ നഗരങ്ങളും ഗ്രാമങ്ങളും പോലും ലൊക്കാന്റോയുടെ ലൈംഗിക വിപണന കേന്ദ്രങ്ങളാണ്.
ഓസ്ട്രേലിയ, ഇന്ത്യ, ചൈന, ഇന്തോനീഷ്യ, കാനഡ, ഈജിപ്ത്, പാക്കിസ്ഥാന്, സൗദി അറേബ്യ, ഉഗാണ്ട, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നു. പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുയാണ് വെബ്സൈറ്റ് ചെയ്യുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിൽ കേരളത്തിൽ നാലോളം പെണ്‍വാണിഭ സംഘങ്ങളെ ലൊക്കാന്റോ കേന്ദ്രീകരിച്ച് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതില്‍ ഏറ്റവും അവസാനത്തേത് പാലാരിവട്ടം കാരണക്കോടത്ത് വാടക വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സംഘത്തെയാണ്. കതൃക്കടവ് വെള്ളപ്പറമ്പില്‍ ദിനു, കാസര്‍ഗോഡ് പത്മവിലാസം ഗിരീഷ്കുമാര്‍, ആലുവ എടക്കാട്ട് വീട്ടില്‍ അശ്വിന് ഷേണായി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍വാണിഭ സംഘങ്ങള്‍ ഇത്തരം വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ പൊലീസിനോ സാധിക്കില്ലെന്ന് കൊച്ചി സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ അരുള്‍ ആര്.ബി കൃഷ്ണ പറഞ്ഞു. ‘കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെലികോം ഡിപ്പാര്‍ട്ട്മെന്റാണ് വെബ്സൈറ്റുകള്‍ നിരോധിക്കേണ്ടത്. ഓരോ തവണ കേസ് റജിസ്റ്റര്‍ ചെയ്യുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്ര സര്‍ക്കാരിനും ടെലികോം ഡിപ്പാര്‍ട്മെന്റിനും ഓണ്‍ലൈന്‍ പെണ്‍വാണിഭ ഇടങ്ങളെ കുറിച്ച് അറിയിപ്പ് നല്‍കാറുണ്ട്. കേസ് റജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കാമെന്നല്ലാതെ ഇവ അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ പൊലീസിന് ചെയ്യാന്‍ സാധിക്കില്ല’ -അദ്ദേഹം പറഞ്ഞു.
കുട്ടികളെ ഉപയോഗിച്ചുള്ള പെണ്‍വാണിഭം ക്രൈം ബ്രാഞ്ച് സംഘങ്ങളുടെ ശക്തമായ നിരീക്ഷണത്തിലാണ്. ഈ വെബ്സൈറ്റിലെ പരസ്യങ്ങളും അവയുടെ പിന്നിലെ ഇടപാടുകളും പൊലീസ് നിരീക്ഷണത്തിലാണെന്ന് അരുള്‍ ആര്.ബി കൃഷ്ണ പറഞ്ഞു.
വെബ്സൈറ്റില്‍ നിരവധി പരസ്യങ്ങള്‍ കാണാന്‍ സാധിക്കും. ഇതോടൊപ്പം നല്‍കിയിരിക്കുന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മറ്റൊരു നമ്പറില്‍ നിന്ന് തിരികെ വിളിക്കും. മലയാളത്തില്‍ ആയിരിക്കില്ല സംസാരം. വിളിക്കുന്നയാളിന്റെ ആവശ്യം തിരക്കിയ ശേഷം വിവിധ പ്രായത്തിലുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ വാട്സാപ്പിലും ഇ-മെയിലിലുമായി ലഭിക്കും. ഇതുവഴിയാണ് ഓരോ ഇടപാടുകളും നടക്കുന്നത്. 6000 നും 7000 നും ഇടയില്‍ ഒരു മണിക്കൂറിന് ഈടാക്കുന്നുണ്ട്. ഒരു രാത്രിക്ക് 14000 രൂപയും 25000 രൂപയും തുടങ്ങി വിവിധ നിരക്കുകളാണ് ഓരോ സംഘത്തിന്റെയും പരസ്യത്തില്‍ ഉള്ളത്. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് സംഘങ്ങള്‍ കൂടുതലായും ഉപയോഗിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.