ന്യൂഡല്‍ഹി: വൈവാഹിക ജീവിതത്തിലെ ബലാൽസംഗത്തെ കുറ്റകരമാക്കുന്നതില്‍ തീരുമാനമാകാതെ തുടരുമ്പോള്‍ തന്നെ ഒരപൂര്‍വ്വമായൊരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ഡല്‍ഹി ഹൈക്കോടതി. നിയമപരമായി ലൈംഗിക സുഖം ലഭിക്കാനുള്ള കരാറല്ല വിവാഹം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ഭാര്യ തനിക്ക് ലൈംഗിക സുഖം തരുന്നില്ല എന്ന് ആരോപിച്ചുകൊണ്ട് ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ട കേസില്‍ വൈവാഹിക ബലാൽസംഗം നടന്നിട്ടുണ്ട് എന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

“രാജ്യത്ത് വൈവാഹിക ജീവിതത്തിലെ ബലാൽസംഗം നിയമപരമായി കുറ്റകരമായി കണക്കാക്കുന്നില്ല എങ്കിലും ഇത് മാനസിക പീഡനമാണ്. ഒരു വ്യക്തിയോടുള്ള കടുത്ത അനാദരവും അയാളുടെ അന്തസ്സിനേയും ഭാര്യയുടെ സംവേദനക്ഷമതയേയും ഇല്ലാതാക്കുന്നതാണ്. ജീവിക്കാനുള്ള അവകാശത്തേയും സ്വാതന്ത്ര്യത്തേയും നിഷേധിക്കുന്നു എന്നിടത്ത് ഇത് ഭരണഘടനയുടെ ലംഘനമാണ്” കോടതി നിരീക്ഷിച്ചു.

“ലൈംഗികബന്ധം ദാമ്പത്യ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതേസമയം ലൈംഗിക സുഖം ലഭിക്കാനുള്ള കരാറാണ് വിവാഹം എന്ന് പറയാനാകില്ല.” വിവാഹമോചനമാവശ്യപ്പെട്ടുകൊണ്ടുള്ള ഭര്‍ത്താവിന്‍റെ ഹര്‍ജി തള്ളിയ ജസ്റ്റിസ് ധര്‍മേഷ് ശര്‍മ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ