അഹമ്മദാബാദ്: ലൈംഗിക സിഡി വിവാദത്തില്‍ പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിനെ പിന്തുണച്ച് ദലിത് നേതാവ് ജിഗ്നേഷ് മേവാനി രംഗത്ത്. ലൈംഗികതയ്ക്കുളള അവകാശം മൗലികാവകാശമാണെന്നും ആര്‍ക്കും അതില്‍ കടന്നുകയറാനുളള അവകാശമില്ലെന്നും ജിഗ്നേഷ് പറഞ്ഞു. ഇന്നലെയാണ് ഗുജറാത്തി ചാനലുകളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

എന്നാല്‍ ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിന് തെളിവാണ് ഗുജറാത്തി ചാനലുകളിലൂടെ പുറത്തുവന്ന അശ്ലീല വിഡിയോ എന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. യാതൊരു വിശ്വാസ്യതയും ഇല്ലാത്ത വിഡിയോയില്‍ താന്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഹോട്ടല്‍മുറിയില്‍ ചിത്രീകരിച്ചിരിക്കുന്ന നാല് മിനിറ്റ് ദൈര്‍ഘ്യമുളള വിഡിയോയില്‍ ഹാര്‍ദിക്കിനോട് രൂപസാദൃശ്യമുളളയാളും ഒരു പെണ്‍കുട്ടിയുമാണ് ഉളളത്.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ഹാര്‍ദിക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ‘നിങ്ങൾക്കാവശ്യമുള്ളത്ര എന്നെ അപമാനിച്ചോളു. അതൊന്നും എന്നിലൊരു മാറ്റവുമുണ്ടാക്കില്ല. ഗുജറാത്തിലെ സ്ത്രീകളെ അപമാനിക്കുന്ന സംഭവമാണിത്. ഞാന്‍ നേരത്തേ പ്രവചിച്ചത് പോലെ തന്നെയാണ് ബിജെപി പ്രവര്‍ത്തിച്ചത്. ഇത്തരം വൃത്തികെട്ട നീക്കങ്ങളാണ് ബിജെപിയുടെ രാഷ്ട്രീയം’, ഹാർദിക് പട്ടേൽ വ്യക്തമാക്കി.

തന്നെ അപമാനിക്കാൻ ബിജെപി വ്യാജ​ ലൈംഗിക സിഡി പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന ആരോപണവുമായി ഹാർദിക്​ ​നേരത്തെ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ബിജെപി ലൈംഗിക സിഡി തയ്യാറാക്കുകയാണ്​. തിരഞ്ഞെടുപ്പിന്​ മുമ്പ്​ അത്​ പുറത്തിറക്കാനാണ്​ ബിജെപിയുടെ പദ്ധതിയെന്നും ഹാർദിക്​ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ