ന്യൂഡൽഹി: ചെന്നൈയ്ക്ക് വടക്കുകിഴക്ക് മാറി 860 കിലോമീറ്റര്‍ ദൂരത്തില്‍ രൂപം കൊണ്ട ‘ഗജ’ ചുഴലിക്കാറ്റ് മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇത് അടുത്ത 24 മണിക്കൂറിനകം ശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നവംബര്‍ 14 രാത്രി മുതല്‍ വടക്കന്‍ തമിഴ്‌നാട്ടിലെ തീരമേഖലയില്‍ മിതമായ തോതിലും, ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. നവംബര്‍ 15നും ഇതേ രീതി തുടരുമെന്ന് ഏരിയ സൈക്ലോണ്‍ വാണിങ് സെന്റര്‍ ഡയറക്ടര്‍ എസ്.ബാലചന്ദ്രന്‍ അറിയിച്ചു.

അതേസമയം, തമിഴ്നാടിന്റെ വടക്കന്‍ തീരവും ആന്ധാപ്രദേശിന്റെ തെക്കന്‍ തീരങ്ങളും പിന്നിടുന്നതോടെ ചുഴലിക്കാറ്റിന് ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബര്‍ 15 ന് ഉച്ചയ്ക്കുമുമ്പായി ഇത് സംഭവിക്കും എന്നാണ് അറിയിപ്പ്.

ഇന്നു മുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലിലേക്കു പോകരുതെന്നും, നിലവില്‍ കടലിലേക്കു പോയവര്‍ ഉടന്‍ തിരിച്ചെത്തണമെന്നും നിർദ്ദേശമുണ്ട്. ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള എല്ലാ ജില്ലകളിലും മെഡിക്കല്‍ സംഘങ്ങളെ നിയോഗിക്കുമെന്നു തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തീരദേശങ്ങളില്‍ ആഞ്ഞടിച്ച രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഗജ. ഒക്ടോബര്‍ 11ന് ഒഡീഷ, ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങളില്‍ വീശിയ തിത്‌ലി ചുഴലിക്കാറ്റില്‍ 70 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ആയിരക്കണക്കിന് വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ പോസ്റ്റുകള്‍ പിഴുതെറിയുകയും തെങ്ങിന്‍ തോപ്പുകളും കശുവണ്ടി തോപ്പുകളും നശിപ്പിക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook