ചെന്നൈ: മധുരയിലെ മംഗലക്കുടിയില്‍ 43 മയിലുകളെ ദുരൂഹസാഹചര്യത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി. ശനിയാഴ്ച്ച രാവിലെയാണ് കര്‍ഷകര്‍ മയിലുകളെ ഒരു കനാലിനടുത്ത് ചത്ത നിലയില്‍ കണ്ടെത്തിയത്. വിഷം അകത്ത് ചെന്നാണ് 34 പെണ്മയിലുകളും 9 ആണ്മയിലുകളും ചത്തതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംശയിക്കുന്നത്.
വിഷം കലര്‍ത്തിയ ധാന്യമണികള്‍ കഴിച്ചാവാം ഇവ ചത്തതെന്ന് മധുര വന്യജീവിസങ്കേത റെയ്ഞ്ച് ഓഫീസല്‍ എസ് അറുമുഖം പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തില്‍ ധാന്യമണികളിലുണ്ടായിരുന്ന വിഷമാണ് ഇവയുടെ മരണത്തിന് കാരണമാക്കിയതെന്ന് പറയുന്നുണ്ട്. ‘എല്ലാ ദിവസവും ഈ പ്രദേശത്ത് ധാന്യം തേടി മയിലുകള്‍ കൂട്ടത്തോടെ വരാറുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നുണ്ട്. വൈകിട്ട് 6.30ഓടെ ഇവ കൂടുകളിലേക്ക് മടങ്ങും. ചില സാമൂഹ്യവിരുദ്ധര്‍ ഇവിടെ വിഷം ചേര്‍ത്ത ധാന്യം വിതറിയതായാണ് സംശയിക്കുന്നത്. വെള്ളിയാഴ്ച്ച വൈകിട്ടാവാം ഇത് സംഭവിച്ചത്. അന്ന് രാത്രിയാണ് ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം’, പോസ്റ്റ്മോര്‍ട്ടം നടത്തിയത് മുതിര്‍ന്ന മൃഗഡോക്ടര്‍ പറഞ്ഞു.
വീഡിയോ കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ
ശേഖരിച്ച സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കും അയക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ശേഷം മാത്രമെ മരണത്തിനുണ്ടായ വ്യക്തമായ കാരണം പുറത്തുവരികയുള്ളു. വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ചിലരെ നിരീക്ഷിക്കുന്നുണ്ട്. ഇവരാകാം സംഭവത്തിന് പിന്നിലെന്നാണ് സംശയം. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമെ കൂടുതല്‍ നടപടികള്‍ എടുക്കുകയുളളു.
ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമം 1972ലെ സെക്ഷന്‍ 1 പ്രകാരം ദേശീയ പക്ഷിയായ മയിലുകളെ സംരക്ഷിക്കുകയും ഇവയെ കൊല്ലുന്നത് സെക്ഷന്‍ 51 )(1-എ) പ്രകാരം ഏഴ് വര്‍ഷത്തോളം ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്.