കാബൂൾ: കാബൂളിലെ ചാവേർ ആക്രമണത്തിൽ ഇന്ത്യ അപലപിച്ചു. സർക്കാരിനും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കുമൊപ്പം നിൽക്കുമെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 95 ആയതായി റിപ്പോർട്ടുകൾ. 150 ലധികം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. അതിനാൽതന്നെ മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ട്. വിദേശ എംബസികളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്ന സ്ഥലത്തിന് സമീപത്തെ പൊലീസ് ചെക്പോയിന്റിലാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സ്‌ഫോടകവസ്തുക്കൾ നിറച്ചെത്തിയ ആംബുലൻസ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ താലിബാൻ ഏറ്റെടുത്തു.

(AP Photo/ Rahmat Gul)

പൊലീസ് ചെക്പോയിന്റിന് സമീപത്തായി ആംബുലൻസ് എത്തുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ പാർലമെന്റംഗം മിർവായിസ് യാസിനി പറഞ്ഞു. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായും ഒട്ടേറെപ്പേർക്ക് പരുക്കേറ്റതായും ആരോഗ്യവകുപ്പ് വക്താവ് പറഞ്ഞു.

(AP Photo/Massoud Hossaini)

സ്‌ഫോടകവസ്തുക്കൾ ചെക്പോയിന്റ് വഴി കടത്താനായി ആംബുലൻസാണ് ചാവേർ ഉപയോഗിച്ചത്. രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയാണെന്ന് കളളം പറഞ്ഞ് ആദ്യ ചെക്പോയിന്റ് കടന്നു. രണ്ടാമത്തെ ചെക്പോയിന്റിൽ എത്തിയപ്പോൾ പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് ഇന്റീരിയർ മിനിസ്ട്രി ഡപ്യൂട്ടി വക്താവ് നസ്റത് റഹമി പറഞ്ഞു.

(AP Photo/Massoud Hossaini)

ഈ ആഴ്ച ആദ്യം ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ 13 വിദേശീയരടക്കം 20 പേർ കൊല്ലപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook