പാറ്റ്ന: വിദ്യാഭ്യാസ-തൊഴില്‍ രംഗത്തെ സംവരണത്തിനെതിരേ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ബിഹാറിൽ വ്യാപക സംഘർഷം. സംവരണാനുകൂലികളും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

ഗതാഗതം തടസപ്പെടുത്തി തെരുവിലിറങ്ങിയ യുവാക്കൾ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. പാറ്റ്ന, ബോജ്പുർ, മുസാഫർപുർ, ഷേയ്ഖ്പുര, ധർബാംഗ് തുടങ്ങിയ ജില്ലകളിലാണ് സംഘർഷം അരങ്ങേറിയത്. ഏപ്രിൽ രണ്ടിന് പട്ടികജാതി പീഡന നിരോധന നിയമം ദുർബലപ്പെടുത്തിയ സുപ്രിംകോടതി വിധിക്കെതിരെ ഭാരത് ബന്ദ് നടന്നിരുന്നു.

ബന്ദിനിടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഏതെങ്കിലും ഒരു സംഘടന അല്ല ബന്ദിന് ആഹ്വാനം ചെയ്തത്. രാജസ്ഥാനില്‍ നിന്നുളള സര്‍വ്വ് സമാജ് അടക്കമുളള ചെറിയ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കഴിഞ്ഞയാഴ്ച്ച നടന്ന ദലിത് ബന്ദിന് പിന്നാലെ സംവരണ വിരുദ്ധ പ്രചരണം സോഷ്യല്‍മീഡിയയിലും ശക്തമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ