ന്യൂഡൽഹി: ഡൽഹിയിലെ പീര ഗാർഹിലെ ഫാക്ടറിയിൽ തീപിടിത്തം. രക്ഷാപ്രവർത്തനത്തിനിടെ ഫാക്ടറി കെട്ടിടം തകർന്നുവീണു. അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ഡൽഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. തീ അണയ്ക്കുന്നതിനായി 35 ഫയർ എൻജിനുകൾ സ്ഥലത്തുണ്ട്.
ഇന്നു പുലർച്ചെ 4.23 ഓടെയാണ് തീപിടിത്തമുണ്ടായെന്ന വിവരം അഗ്നിശമന സേനയ്ക്ക് ലഭിച്ചത്. ഉടൻതന്നെ 5 ഫയർ എൻജിനുകൾ സംഭവ സ്ഥലത്തെത്തി. തീ അണയ്ക്കുന്നതിനിടെയാണ് ഫാക്ടറിക്കുളളിൽ പൊട്ടിത്തെറി ഉണ്ടാവുകയും കെട്ടിടം തകർന്നുവീഴുകയും ചെയ്തത്.
വളരെ ദൗർഭാഗ്യകരമായ സംഭവമാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ട്വീറ്റ് ചെയ്തു. തീ അണയ്ക്കാനുളള ശ്രമം അഗ്നിശമന സേനാംഗങ്ങൾ നടത്തുന്നുണ്ട്. കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷയ്ക്കായി പ്രാർഥിക്കുന്നുവെന്നും കേജ്രിവാൾ പറഞ്ഞു.